Image

'ത്രേസ്യാമ്മ നാടാവള്ളിലിന്റെ അവളുടെ വെളിപാടുകള്‍: (പുസ്തക പരിചയം-വള്ളുവനാടന്‍-ജോയ് ഏബ്രഹാം)

വള്ളുവനാടന്‍-ജോയ് ഏബ്രഹാം Published on 21 August, 2018
'ത്രേസ്യാമ്മ നാടാവള്ളിലിന്റെ അവളുടെ വെളിപാടുകള്‍: (പുസ്തക പരിചയം-വള്ളുവനാടന്‍-ജോയ് ഏബ്രഹാം)
ത്രേസ്യാമ്മ തോമസ് എഴുതിയ 'അവളുടെ വെളിപാടുകള്‍' എന്ന ലേഖന പരമ്പരയിലൂടെ സഞ്ചരിച്ചപ്പോള്‍ എന്റെ മനസ്സില്‍ കുറേ ചിന്തകള്‍! ജീവിതത്തിന്റെ നാനാതുറകളില്‍ സ്ത്രീ അനുഭവിക്കുന്ന വ്യഥകളാണ് ഈ പുസ്തകത്തില്‍ കൂടുതലും. 
സ്ത്രീ സ്വതന്ത്രയാണ്, അവളും പുരുഷനൊപ്പം കഴിവുള്ളവളാണ്  എന്ന യാഥാര്‍ത്ഥ്യം മഞ്ചാടിമണികള്‍ പോലെ ലേഖനങ്ങളില്‍ ചിതറിക്കിടക്കുന്നു.  തികച്ചും ഒരു സ്ത്രീ പക്ഷ രചനയാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഈ  പുസ്തകം വായിക്കപ്പെടണം എന്ന് പറയുന്നതില്‍  സന്തോഷം. ആനുകാലിക സ്ത്രീപീഡനങ്ങളില്‍ നോവുന്ന മനസ്സ് , 
കുടുംബ ബന്ധങ്ങള്‍ പൊട്ടിച്ചിതറുന്നതിലെ നൊമ്പരം  തുടങ്ങി പലതും ഈ എഴുത്തുകാരിയുടെ ലേഖനങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. വളരെ ലളിതമായ  ഭാഷയില്‍ ഒരനുഭവ സാക്ഷ്യം പോലെ ത്രേസ്യാമ്മ നാടാവള്ളില്‍ നമ്മെ വിസ്മയിപ്പിക്കുന്നു. 

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന സത്യത്തെ അടിവരയിടുന്ന ചില ലേഖനങ്ങള്‍ ശ്രദ്ധേയം. പ്രവാസിയുടെ ജീവിതത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു. പുതിയ തലമുറയുടെ 
ജീവിത രീതികള്‍, അവ വരുത്തി വെയ്ക്കുന്ന  അപചയങ്ങള്‍ എന്നിവ ഒരുപാട് ലോകരാജ്യങ്ങളില്‍ യാത്രചെയ്ത  എഴുത്തുകാരി പല ലേഖനങ്ങളിലും വ്യക്തമാക്കുന്നുണ്ട് . കവിത, പ്രണയം എന്നീ വിഷയങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍
 ശ്രദ്ധേയം. എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ?  ഈ പുസ്തകത്തില്‍ നിന്നും ത്രേസ്യമ്മയുടെ വരികള്‍ കടമെടുക്കുന്നു . 'ഏകാന്തത  കവിതയ്ക്ക് പ്രചോദനം ആകാറുണ്ട്. കടല്‍ത്തീരമോ , പ്രകൃതിയുടെ സുന്ദരഭാവങ്ങളോ , പ്ലെയിന്‍ യാത്രയോ ട്രെയിന്‍ യാത്രയോ പോലെ ആള്‍ക്കൂടത്തില്‍ തനിയെ ആകുന്ന സന്ദര്‍ഭങ്ങളോ കവിതയ്ക്ക് പ്രചോദനമാകാറുണ്ട് . മിക്കവാറും എല്ലാ കവികളും പ്രത്യേകിച്ചും ആധുനികര്‍ ആത്മാംശങ്ങള്‍ കലര്‍ന്ന കവിതകള്‍ ധാരാളം എഴുതിയിട്ടുണ്ട്. ആത്മാശം കവിതാ നിര്‍മ്മാണത്തില്‍ പ്രേരകമായി ഭാവിക്കുന്നതാണതിന്റെ കാരണം. സ്വയം ആനന്ദിക്കുകയും അനുവാചകന് ആനന്ദിക്കാന്‍ അവസരം ഒരുക്കുകയും ചെയ്താല്‍ ഒരു കവിയുടെ 
നിമിഷങ്ങള്‍ ധന്യമായി എന്ന് പറയാം ' 

ചുംബന സമരം കൊച്ചിയില്‍ നടന്നപ്പോള്‍ ഞാനും അവിടുണ്ടായിരുന്നു , ആരെയും ചുംബിക്കാനല്ല , എന്താണ് ഇതില്‍ തെറ്റെന്നറിയാന്‍ . ത്രെസ്സ്യാമ്മ ചുംബനം എന്ന ലേഖനത്തില്‍ അത് വിശദമായി എഴുതിയിട്ടുണ്ട് . 'പ്രായപൂര്‍ത്തിയായ പ്രണയിനികള്‍ ചുംബിച്ചുവെങ്കില്‍  സദാചാര പോലീസിന്  അവിടെന്തു കാര്യം എന്നു  ചോദിക്കാനുള്ള ധൈര്യം ഈ എഴുത്തുകാരിക്കുണ്ട്'. പ്രണയം എന്ന സിനിമയിലൂടെ സഞ്ചരിക്കുമ്പോള്‍ എഴുത്തുകാരിയുടെ മനസ്സ് എത്ര ആര്‍ദ്രമാകുന്നു !പ്രണയം എന്നും പ്രായഭേദമന്യേ മനസ്സിനെ കുളിര്‍പ്പിക്കുന്ന സ്‌നേഹമാണ് , ശരീരമല്ല മനസ്സാണ് 
എന്ന തിരിച്ചറിവാണ് പ്രണയം , ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ വായിച്ചാല്‍ അതു  മനസിലാകും. 

ഒരു സൃഷ്ടി വായിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ക്ലേശമാണ് അനുഭവിപ്പിക്കുന്നത്. എന്തനുഭവിക്കണമെങ്കിലും അവിടെ ഹൃദയം ഉണ്ടാവണം. എഴുത്തുകാരന്റെ ഹൃദയം അക്ഷരങ്ങളിലൂടെ മൌനമായി വായനക്കാരിലേക്ക് ഒഴുകി 
ചെല്ലുകയാണ് വേണ്ടത്. എഴുത്തു   പൂര്‍ണ്ണമാ കുന്നതോടെ അതിന്റെ അവകാശി വാനക്കാരന്‍ ആകുന്നു. എഴുത്തുകാരന്‍ പ്രജാപതിയും .. ഏതൊരു
സൃഷ്ടിയും ഇടനിലക്കാരന്റെ സഹായമില്ലാതെ ഉപഭോക്താവിന്റെ ഹൃദയത്തിലേക്ക് എത്തേണ്ടതാണ്. അവിടെയാണ് സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും വിജയം.ആ  വിജയം ഇവിടെ സാധി ച്ചിരിക്കുന്നു  'അവളുടെ വെളിപാടുകള്‍'
എന്ന പുസ്തകം വായിക്കപ്പെടട്ടെ. ആശംസകള്‍ ത്രെസ്സ്യാമ്മ തോമസ് നാടാവള്ളില്‍ .

'ത്രേസ്യാമ്മ നാടാവള്ളിലിന്റെ അവളുടെ വെളിപാടുകള്‍: (പുസ്തക പരിചയം-വള്ളുവനാടന്‍-ജോയ് ഏബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക