Image

നാടിനെ തകര്‍ത്ത പ്രളയം നാട്ടുകാരുടെ ഐക്യത്തില്‍ തകരാത്ത നാട്-(ഭാഗം:1-ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)

ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ Published on 23 August, 2018
നാടിനെ തകര്‍ത്ത പ്രളയം നാട്ടുകാരുടെ ഐക്യത്തില്‍ തകരാത്ത നാട്-(ഭാഗം:1-ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
അതിരൂക്ഷമായ ജലപ്രളയമാണ് ഇപ്പോള്‍ കേരളത്തിലുണ്ടായിരിക്കുന്നത്. ഈ അടുത്ത കാലത്തെങ്ങും ഇത്ര ഭയാനകമായ പ്രളയം കേരളത്തിലുണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലായെന്നു തന്നെ പറയാം. 99 ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറയുമ്പോള്‍ അതിന്റെ ഭീകരത അവരുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു. അതിനു സമാനമായതോ അല്ലെങ്കില്‍ അതിനെക്കാള്‍ രൂക്ഷമായതോ ആണ് എന്നു തന്നെ പറയാം ഇപ്പോഴത്തെ സംഭവം. സ്വന്തക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ വീടുകള്‍ സമ്പത്ത് സ്വരുകൂട്ടി വച്ചിരുന്നതെല്ലാം നഷ്ടപ്പെട്ടവര്‍. അങ്ങനെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമെ പറയാനുള്ളൂ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ അവര്‍ക്ക് നഷ്ടങ്ങളുടെ കണക്കുകളുണ്ടെറെയെങ്കിലും അത് ചിന്തിക്കാന്‍ പോലും സമയമില്ല. കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തികൊണ്ട് നാശം വിതയക്കുമ്പോള്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രപ്പാടിലാണവര്‍. എവിടെ പോകണം എന്ത് ചെയ്യണമെന്നറിയാതെ അവര്‍ നട്ടം തിരിയുമ്പോള്‍ പ്രകൃതി തന്റെ വികൃതി കാട്ടികൊണ്ടിരിക്കുകയാണ്. കരയും കടലും തിരിച്ചറിയാനാവാത്തത്ര വെള്ളം കയറി കരയെ വിഴുങ്ങിക്കളഞ്ഞുയെന്നതാണ് സത്യം. കര കവിഞ്ഞൊഴുകിയെന്നുമാത്രമല കരയെ കവര്‍ന്നെടുക്കുകയും കൂടിയാണ് ചെയ്യുന്നത്.

വെള്ളപ്പൊക്കത്തിന്റെ ദുരിതം എത്രമാത്രമെന്ന് അത് അനുഭവിച്ചവര്‍ക്കെ അറിയൂ. അത് ദുരിതത്തോടൊപ്പം ഭീതികൂടി വിതയ്ക്കുന്നുയെന്നതാണ് അത് അനുഭവിച്ച ഒരു വ്യക്തിയെന്ന നിലയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതെ സമയം ഹാര്‍വ്വി എന്ന പ്രകൃതി ദുരന്തം ഹ്യൂസ്റ്റണില്‍ വിതച്ച നാശവും ദുരിതവും വാക്കുകള്‍ക്ക് അതീതമായിരുന്നു. ഒരു രാത്രികൊണ്ട് ഒറ്റപ്പെട്ടുപോയ അവസ്ഥ. വികസിത രാജ്യവും സാങ്കേതിക മികവിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ പോലും ആശയ വിനിമയം കുറച്ചു സമയത്തേക്ക് നിലച്ച അവസ്ഥ. വീടെന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് ജീവന്‍ രക്ഷിക്കാനുള്ള ശ്രമം. വെള്ളം വീടിനു ചുറ്റും കൂടി വന്നപ്പോള്‍ മനസ്സിലുണ്ടായ ഭയം ഒരിക്കലും മറക്കാനാവാത്ത ഒന്നായി ഇന്നും അവശേഷിക്കുന്നു. അങ്ങനെ ഹാര്‍വ്വിയെന്ന ദുരന്തം ഇപ്പോള്‍ കേരളത്തിലെ പ്രകൃതി ദുരന്തത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടുന്ന രീതിയില്‍ ഒരു കള്ളനെപ്പോലെ പതുങ്ങി വന്ന് സകലതും കവര്‍ന്നെടുക്കാനുള്ള തന്ത്രപ്പാടിലാണ് അതെന്ന് തോന്നിപ്പോകുകയാണ്. ഇവിടെ കേരള ജനത ഒറ്റകെട്ടായി അതിനെ നേരിടുകയാണ്. അതില്‍ രാഷ്ട്രീയമോ മതമോ വര്‍ഗ്ഗമോ വര്‍ണ്ണമോ കൊടിയുടെ നിറമോ പ്രാര്‍ത്ഥനകളുടെ വേറിട്ട ശബ്ദമോ ഒന്നും തന്നെ ഇല്ല. ഒരു പക്ഷെ ഈ അടുത്ത കാലത്ത് കേരള ജനത ഒറ്റകെട്ടായി നേരിട്ട ഒരു സംഭവം വേറെ ഇല്ല.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയത് അതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പരാതികള്‍ക്ക് ഇട നല്‍കിയ തരത്തിലേക്ക് വിമര്‍ശിക്കപ്പെട്ടുവെങ്കിലും പ്രളയക്കെടുതി അദ്ദേഹത്തിന് കുറച്ചൊക്കെ വിലയിരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ഏകദേശ രൂപത്തിലെ ഇപ്പോള്‍ കണക്കാന്‍ കഴിയുകയുള്ളൂ. കാരണം ഇപ്പോഴും പ്രകൃതി നിറഞ്ഞാടികൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണരൂപത്തിലാകുമ്പോള്‍ ഇപ്പോഴുള്ള കണക്കിനെക്കാള്‍ പതിന്‍മടങ്ങ് വര്‍ദ്ധിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ നാശനഷ്ടങ്ങള്‍ നികത്താനുള്ള പണം കണ്ടെത്തേണ്ടത്. അതില്‍ എത്തേണ്ട പണം വിവിധ ഭാഗങ്ങളില്‍ നിന്നാണ്. വ്യക്തികളില്‍ നിന്ന് തുടങ്ങി സ്ഥാപനങ്ങള്‍ സന്നന്ധ സംഘടനകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഭകള്‍ അങ്ങനെ ആ നിര നീണ്ടുപോകുന്നു. ആര്‍ക്കും നല്‍കാം. എത്ര തുകവേണെങ്കിലും അതിനു നല്‍കാം. അവിടെ സംഭാവന നല്‍കുന്ന തുകയുടെ കണക്ക് കൃത്യമായും സൂക്ഷിച്ചിരിക്കും എന്നതാണ് ഒരു സവിശേഷത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കിട്ടുന്ന തുകയാണ് പ്രകൃതിദുരന്തങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന ആശ്വാസതുക.

കേന്ദ്രം നല്‍കുന്ന തുകയാണ് മറ്റൊരാശ്വാസ തുക. ഇപ്പോഴത്തെ അവസ്ഥയില്‍ കേന്ദ്രം കാര്യമായി നല്‍കിയിട്ടില്ല. അഞ്ഞൂറ് കോടി മാത്രമാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക. അത് കടലില്‍ കായം കലക്കുന്നതിനു തുല്യമാണ്. കേരളത്തിലെ വെള്ളപ്പൊക്കദുരന്തത്തെ ദേശീയ ദുരന്തങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കൂടുതല്‍ തുക അനുവദിക്കാന്‍ കേന്ദ്രം അടിയന്തിര നടപടിയെടുക്കാന്‍ സന്നദ്ധത കാട്ടേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല ഭാഗത്തുനിന്നും എന്തിന് അതിര്‍ത്തിക്കപ്പുറത്തുനിന്നുപോലും സഹായമെത്തുന്നുണ്ടെങ്കിലും അതിനൊക്കെ അപ്പുറം സാമ്പത്തീക സഹായം ആവശ്യമായിട്ടുണ്ട്. അതുകൊണ്ട് ഏത് ഭാഗത്തുനിന്നും എത്ര സഹായം കിട്ടിയാലും അത് അതികമാകില്ല.

തുടരും

നാടിനെ തകര്‍ത്ത പ്രളയം നാട്ടുകാരുടെ ഐക്യത്തില്‍ തകരാത്ത നാട്-(ഭാഗം:1-ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക