Image

മനുഷ്യജീവിതം ദുഷ്‌കരമാക്കുന്ന ചില അധികാരികളുണ്ട്‌,: ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്‌ മോഡിക്ക്‌ നേരെയോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

Published on 27 August, 2018
 മനുഷ്യജീവിതം ദുഷ്‌കരമാക്കുന്ന ചില അധികാരികളുണ്ട്‌,: ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്‌ മോഡിക്ക്‌ നേരെയോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ദുബൈ: മനുഷ്യജീവിതം ദുഷ്‌കരമാക്കുന്ന ചില അധികാരികളുണ്ട്‌, ജനത്തെ പടിക്കല്‍ നിര്‍ത്തുന്നതിലാണ്‌ അവരുടെ ആനന്ദം, ഇത്തരക്കാരുണ്ടെങ്കില്‍ ഭരണകൂടങ്ങളും സര്‍ക്കാരുകളും വിജയിക്കില്ല; ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ നേരെയോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

യുഎഇ വൈസ്‌പ്രസിഡന്റ്‌ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്‌തൂമിന്റെ ട്വീറ്റ്‌ ആണ്‌ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌. പ്രളയത്തില്‍ സര്‍വതും തകര്‍ന്ന കേരളത്തിനുള്ള ദുരിതാശ്വാസ സഹായവാഗ്‌ദാനം മോഡി സര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തിലാണ്‌ യുഎഇ ഭരണാധികാരിയുടെ ട്വീറ്റ്‌ എത്തിയിരിക്കുന്നത്‌. ജീവിതം എനിക്ക്‌ നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെയാണ്‌ ട്വീറ്റ്‌. രണ്ട്‌ തരത്തിലാണ്‌ അധികാരികളുള്ളത്‌.

ആദ്യത്തെ വിഭാഗത്തില്‍ പെട്ടവര്‍ നന്മയുടെ താക്കോലാണ്‌. ജനങ്ങളെ സേവിക്കാനാണ്‌ ഇവര്‍ ഇഷ്ടപ്പെടുന്നത്‌. മനുഷ്യജീവിതം സുഗമമാക്കുന്നതിലാണ്‌ ഇവര്‍ക്ക്‌ സന്തോഷം. നല്‍കുന്നതിനാണ്‌ അവര്‍ മൂല്യം കണ്ടെത്തുന്നത്‌. അവര്‍ നല്‍കികൊണ്ടേയിരിക്കുന്നു. അവരുടെ യഥാര്‍ത്ഥ നേട്ടം എന്നത്‌ ജീവിതം മെച്ചപ്പെട്ടതാക്കി മാറ്റുക എന്നതാണ്‌. അവര്‍ വാതിലുകള്‍ തുറക്കുന്നു. പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. അവര്‍ എല്ലായ്‌പ്പോഴും ആളുകള്‍ക്ക്‌ ഉപകാരം ലഭിക്കാന്‍ ശ്രമിക്കും.

രണ്ടാം തരക്കാര്‍ എല്ലാ നന്മകളെയും കൊട്ടിയടക്കുന്നവരാകുന്നു. സരളമായതിനെ അവര്‍ കഠിനമാക്കുന്നു, സമൃദ്ധിയെ അവര്‍ വറുതിയാക്കുന്നു. ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്നതിന്‌ തടസങ്ങളും നൂലാമാലകളുമുണ്ടാക്കുന്നു. അവര്‍ ജീവിത സൗഭാഗ്യം കണ്ടെത്തുന്നത്‌ ജനങ്ങളെ ചൂഷണം ചെയ്യുന്നതിലാണ്‌.

ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ ജനങ്ങള്‍ അവരുടെ വാതില്‍പ്പടിയിലും ഓഫീസുകളിലും കാത്തുകെട്ടിക്കിടക്കണമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. രണ്ടാം തരക്കാരേക്കാള്‍ ആദ്യ വിഭാഗം വര്‍ധിക്കാത്ത കാലത്തോളം ഒരു രാഷ്ട്രവും, ഒരു സര്‍ക്കാരും വിജയിക്കാന്‍ പോകുന്നില്ല ഇതായിരുന്നു ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്‌തൂമിന്റെ ട്വീറ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക