Image

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 1.35 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് മത്സ്യത്തൊഴിലാളികള്‍; തുക നല്‍കുന്നത് 4500ഓളം തൊഴിലാളികള്‍

Published on 27 August, 2018
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 1.35 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് മത്സ്യത്തൊഴിലാളികള്‍; തുക നല്‍കുന്നത് 4500ഓളം തൊഴിലാളികള്‍
പ്രളയദുരിതത്തില്‍പ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത സമ്മാനത്തുകയായ 1.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഫിഷറീസ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍.
4500ല്‍പ്പരം മത്സ്യത്തൊഴിലാളികളാണ് ദുരിതബാധിതരെ രക്ഷിക്കാന്‍ കഠിന പരിശ്രമം നടത്തിയത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 3000 രൂപ വീതം സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുകയാണ് ദുരിതബാധിതര്‍ക്ക് നല്‍കുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അനുമോദന പത്രം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ എല്ലാ മത്സ്യത്തൊഴിലാളികളും എത്തുമെന്നും കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടിഎന്‍ പ്രതാപനും ജനറല്‍ കണ്‍വീനര്‍ പിപി ചിത്തരഞ്ജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ കോഓഡിനേഷന്‍ കമ്മിറ്റി പ്രശംസിച്ചു. തീരദേശ പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, ലൈഫ് ഗാര്‍ഡ് എന്നീ നിയമനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സാമ്ബത്തിക സഹായത്തേക്കാള്‍ നല്ലതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നവകേരള സൃഷ്ടിയില്‍ തീരദേശ മേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കണം. ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നിര്‍മാണം ത്വരിതഗതിയിലാക്കുക, ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും മത്സ്യത്തൊഴിലാളികള്‍ പങ്കാളികളാകുമെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക