Image

എം കെ സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു

Published on 28 August, 2018
 എം കെ സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷനായി  തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ:  ഡിഎംകെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്‌ച രാവിലെ ഒന്‍പതുമണിക്ക്‌ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായത്‌. 65കാരനായ സ്റ്റാലിന്‍ വൈകിട്ട്‌ ചുമതലയേല്‍ക്കും. 49 വര്‍ഷത്തിനുശേഷമാണ്‌ ഇപ്പോള്‍ ഡിഎംകെയ്‌ക്ക്‌ പുതിയ അധ്യക്ഷന്‍ ആകുന്നത്‌.

അരനൂറ്റാണ്ട്‌ കാലം എം.കരുണാനിധി തന്നെയായിരുന്നു ഈ പദവി വഹിച്ചിരുന്നത്‌. ഇപ്പോള്‍ അദ്ദേഹം പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്ന മകന്റെ ചുമലിലായിരിക്കയാണ്‌ ആ ഉത്തവാദിത്തം. തെരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ പുതിയ ട്രഷററായി മുതിര്‍ന്ന നേതാവ്‌ ദുരൈമുരുഗനെയും തെരഞ്ഞെടുത്തു. ഡിഎംകെയ്‌ക്കു 64 സംഘടനാ ജില്ലകളുണ്ട്‌.

മുഴുവന്‍ ജില്ലാ സെക്രട്ടറിമാരും പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള സ്റ്റാലിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടു. തെക്കന്‍ തമിഴ്‌നാട്ടില്‍ കരുത്തനായി വാണിരുന്ന എം.കെ. അഴഗിരിക്കു പിന്തുണയുമായി ചെറിയ ശബ്ദം പോലും ഇതുവരെ പാര്‍ട്ടിയില്‍നിന്നുയര്‍ന്നിട്ടില്ല. സ്റ്റാലിന്റെ പിടി അത്ര ശക്തമാണെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. കുടുംബത്തില്‍നിന്നു സജീവ രാഷ്ട്രീയത്തിലുള്ള എം.കെ. കനിമൊഴി എംപി സഹോദര യുദ്ധത്തില്‍ സ്റ്റാലിനൊപ്പമാണെന്നു വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയില്‍ ഭദ്രമായിരിക്കുമ്‌ബോഴും അഴഗിരിയുടെ വെല്ലുവിളി സ്റ്റാലിനെ അസ്വസ്ഥനാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക