Image

കന്യാസ്ത്രീയെ വകവരുത്താന്‍ മഠത്തിലെ ജീവനക്കാരന് നല്‍കിയത് 200രൂപ

Published on 30 August, 2018
കന്യാസ്ത്രീയെ വകവരുത്താന്‍ മഠത്തിലെ ജീവനക്കാരന് നല്‍കിയത് 200രൂപ
ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ കന്യാസ്ത്രീയെ വകവരുത്താന്‍ ബിഷപ്പിന്റെ അനുയായി ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് മഠത്തിലെ ജോലിക്കാരന്‍ അസാം സ്വദേശി പിന്റുവിന് നല്കിയത് 200 രൂപ. പീഡനത്തിന് വിധേയയായ കന്യാസ്ത്രീയും സിസ്റ്റര്‍ അനുപമയും ഉപയോഗിക്കുന്ന ആക്ടീവ സ്‌കൂട്ടറിന്റെ ടയറിന്റെ വാല്‍ട്യൂബ് അയച്ചുവയ്ക്കുവാനും ബ്രേക്ക് വയര്‍ പകുതി വിച്ഛേദിക്കാനുമാണ് പണം നല്കിയതെന്ന് പിന്റു കന്യാസ്ത്രീയോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്കിയത്. ഇന്നലെ പിന്റുവിനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുവാന്‍ 200 രൂപ തോമസ് തന്നുവെന്നും ടയറിന്റെ ട്യൂബ് അയച്ചുവയ്ക്കുവാന്‍ ആവശ്യപ്പെട്ടുവെന്നും ബ്രേക്ക് വയര്‍ മുറിക്കാന്‍ പറഞ്ഞിട്ടില്ലെന്നും പിന്റു പൊലീസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വീണ്ടും പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കും. ജലന്ധര്‍ രൂപതയുടെ നിര്‍മ്മാണ കമ്പനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനാണ് പെരുമ്പാവൂര്‍ സ്വദേശിയായ തോമസ്.

പിന്റുവിനെ ഫോണില്‍ വിളിച്ചതിനു പുറമേ, മഠത്തിന് പുറത്തുവച്ച് കാണാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ചെയ്യാന്‍ തോമസ് പലവട്ടം നിര്‍ബന്ധിച്ചതോടെയാണ് ചൊവ്വാഴ്ച രാവിലെ പിന്റു ഇക്കാര്യം കന്യാസ്ത്രീകളോട് പറഞ്ഞത്.
അതേസമയം, തനിക്ക് വേണ്ടിയും രൂപതക്കുവേണ്ടിയും സെപ്തംബര്‍ ഒന്നിന് ഉപവാസ പ്രാര്‍ത്ഥന നടത്തുവാന്‍ ഫാ. മുളയ്ക്കല്‍ ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇടയലേഖനത്തില്‍ പറയുന്നു. ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതേ വിടില്ലെന്ന് തോമസ് ഭീഷണിപ്പെടുത്തിയതായും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ടാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. മാദ്ധ്യമശ്രദ്ധ പ്രളയത്തിലേക്കു തിരിഞ്ഞതോടെ ബിഷപ്പിന്റെ പീഡനക്കേസ് നിര്‍ജ്ജീവമായിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷ് വ്യക്തമാക്കിയത്.

കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടുണ്ടെന്നും പീഡിപ്പിച്ചിട്ടില്ലെന്നാണ് ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. വ്യക്തത കൈവരിക്കാന്‍ ഇന്നലെ കുറവിലങ്ങാട് മഠത്തിലെത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും കന്യാസ്ത്രീയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബിഷപ്പിനെ ഇനി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. എന്ന് വിളിച്ചുവരുത്തണം എന്നതടക്കം കേസിന്റെ പുരോഗതി വിലയിരുത്താന്‍ രണ്ട് ദിവസത്തിനകം ഐ.ജി വിജയ് സാക്കറയുടെ നേതൃത്വത്തില്‍ കോട്ടയത്ത് യോഗം ചേരുമെന്നും അറിയുന്നു. 'ഇടയനൊപ്പം ഒരു ദിവസം' പരിപാടിയില്‍ ബിഷപ്പിനെതിരെ ആരും പരാതി നല്കിയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ കൂട്ടമായി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ പരിപാടി നിര്‍ത്തലാക്കിയതെന്ന് നേരത്തെതന്നെ വാര്‍ത്തയായിരുന്നു. അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജയിംസ് എര്‍ത്തയില്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഷോബി ജോര്‍ജ് എന്നയാളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതിന് ശ്രമിച്ചതെന്നും ഫാ. ജയിംസ് എര്‍ത്തയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കി. 'ബിഷപ്പിനെ നേരിട്ട് പരിചയമില്ല. പഴയ ഒരു സുഹൃത്തായ ഷോബി ജോര്‍ജ്ജ് വഴിയാണ് ബിഷപ്പ് ബന്ധപ്പെട്ടത്. കേസില്‍ നിന്നും പിന്‍വാങ്ങാന്‍ കന്യാസ്ത്രീയ്ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കന്യാസ്ത്രീയെ സമീപിച്ചതെന്നാണ്' മൊഴിയില്‍ വ്യക്തമാക്കിയത്. കൂടുതല്‍ തെളിവുകള്‍ക്കായി ഷോബി ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യും. കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഫ്രാങ്കോ മുളയ്ക്കലിന് ഇതില്‍ ശക്തമായ പങ്കുണ്ടെന്നുമുള്ള സുപ്രധാന മൊഴിയായി ഇത് മാറുമെന്നും പൊലീസ് കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക