Image

നീലക്കുറിഞ്ഞി (കവിത: ജമീല മേരി)

Published on 31 August, 2018
നീലക്കുറിഞ്ഞി (കവിത: ജമീല മേരി)
നീലക്കുറിഞ്ഞീ, നിനക്കായ്
ക്കൊതിച്ചു ഞാന്‍.
പന്ത്രണ്ടു വത്സര
മാദിനം കാത്തു ഞാന്‍.
നീ വിരുന്നെത്തുന്ന നാളുക
ളെണ്ണി ഞാന്‍.
ഒടുവിലായെത്തി നീ
യെന്നതറിഞ്ഞു ഞാന്‍....

മലകളെ വാരിപ്പുണര്‍ന്നു
ചിരിക്കുന്ന ചിത്രങ്ങളൊക്കെയും
കണ്ടു കുളിര്‍ത്തു ഞാന്‍.
നീലമേഘങ്ങളെ
ത്തൊട്ടുരുമ്മീടുന്ന
നീലക്കുറിഞ്ഞീ, നിനക്കെന്തു
ചാരുത !

എങ്കിലുമൊരുപാടു
നാള്‍കളായ്ത്തുന്നിയ
പച്ചപ്പുതപ്പുകളെങ്ങു
കാണാതെപോയ് !
സഹ്യന്‍െറ നെറുകയി
ലമൃതു ചാലിച്ചൊരാ
പുഴയിലെത്തെളിനീര്‍
ചുവപ്പായതെങ്ങനെ !
നിന്‍ വരവേല്‍പ്പിനാ
യേറെത്തുടിച്ചൊരു
ജീവന്‍െറ താളുകള്‍
കീറിയതെങ്ങനെ !

ഒരു മഹാഗര്‍ജ്ജനം....
പേമാരിയായ്.... പിന്നെ
ക്കാതടപ്പിക്കുന്നൊ
രുരുള്‍പൊട്ടലായ്,
മലയിടിയുന്നതോ,
നാടും നഗരവും പുഴ
യൊഴുകുന്നതോ !
ഒരു കര മറുകര
കാണാതെയുഴലുന്നു...
ജനപദം കാണാതെ
ജനതയോ കേഴുന്നു...
എന്‍െറയോ നിന്‍െറയോ
യെന്നതറിയാതെ
യാഞ്ഞു തുഴയുന്നു.

എന്തിതെന്നേതുമറിയാ
തെവിടെയോ വിറയാര്‍ന്നു
നില്‍ക്കവെ,
നീലക്കുറിഞ്ഞീ, നിന്നെ
യോര്‍ത്തില്ല ഞാന്‍...
ഏറെനാള്‍ കാണാന്‍
കൊതിയാര്‍ന്ന നിന്മുഖം
പാടെ മറന്നു ഞാന്‍.
(കാല്‍പനികത മറവിയിലേക്കോടിയൊളിക്കുന്നവിധം യാഥാര്ഥ്യം പ്രളയമായ് ആഞ്ഞടുക്കുന്നു.
അനുഭവസ്ഥരുടെ യഥാര്‍ഥ മനോവികാരം പ്രതിഫലിക്കുന്നു.
ഇവിടെ കവിത വാക്കുകളെ അതിജീവിക്കുന്നു Adv Ajith Narayanan )
Join WhatsApp News
കെ. ജയകുമാർ 2018-09-01 09:34:20
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ.. 
നീയിതു ചൂടാതെ പോകയോ
--കെ. ജയകുമാർ
നീല കുറുഞ്ഞി 2018-09-01 05:29:19
എന്നെ വെറുതെ വിടു. ഞാന്‍ വിടരുന്നത് മനുഷര്‍ക്ക്‌ വേണ്ടി അല്ല. പ്രളയം ഉണ്ടാകാന്‍ കാരണം മഴയും പുഴയും അല്ല. മനുഷന്‍ തന്‍ അത്യാഗ്രഹം, അറിവ് ഇല്ലായ്മ. വിദ്യാഭ്യാസം ഇല്ലാത്തവനെ മന്ത്രി ആക്കിയാല്‍.
നിങ്ങള്‍ പുഴകള്‍ നികത്തി, വയലുകള്‍ നികത്തി, മലകള്‍ പൊട്ടിച്ചു, കാടുകള്‍ വെട്ടി തെളിച്ചു. എന്നിട്ട് എന്തിനു മോങ്ങുന്നു. 
 പണം ഉണ്ടെങ്കില്‍  ഒന്നും പേടിക്കേണ്ട, അടിച്ചു പൊളിച്ചു ജീവിക്കാം എന്ന വീമ്പു പ്രളയം ഇളക്കി മറിച്ചില്ലേ. എന്നാലും മനുഷ നീ പഠിക്കില്ല.
നീല കുറുഞ്ഞി എന്ന ഇ ചെറിയ പൂവ് വിടരുന്നത് നിനക്ക് വേണ്ടി അല്ല മനുഷ. നീല കുറിഞ്ഞി പറിക്കാന്‍ ഇനി ആരും വരരുത്. പ്രകിര്‍തി നിന്റേതു അല്ല മനുഷ . നീ അല്ലാത്ത ഏതെങ്കിലും മിര്‍ഗം  പ്രകിര്‍തിയെ ചൂഷണം ചെയ്യുന്നുണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക