Image

വേഷങ്ങള്‍ (കഥ: സാറ ദീപ ചെറിയാന്‍)

Published on 04 September, 2018
വേഷങ്ങള്‍ (കഥ: സാറ ദീപ ചെറിയാന്‍)
"നീ തൊടുമ്പോള്‍ തൊടുന്നത് എന്നെയല്ല"
അയാളുടെ കൈകളില്‍ നിന്ന് കുതറിമാറിക്കിടന്നു കൊണ്ട് അവള്‍ പറഞ്ഞു

"നിന്റെ വിരലുകള്‍ ഇപ്പോള്‍ തേടുന്നത് എന്നെയല്ല നിന്റെ കൈകളില്‍ നീ എടുത്തിട്ടുള്ളത് എന്റെ ശരീരമല്ല"

ഇരുട്ടില്‍ തന്റെ മുഖം അവള്‍ കാണില്ല എന്നുള്ള ഉറപ്പോടെ ശബ്ദത്തില്‍ അമ്പരപ്പ് വരുത്താന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ തടഞ്ഞു.

"എന്താണിത് തങ്കം നീ വെറുതെ ഓരോന്ന് സംശയിക്കുന്നു"

തിരിഞ്ഞു കിടന്നു കൊണ്ട് അവള്‍ പറഞ്ഞു.
"എന്നെ പറ്റിക്കാന്‍ നോക്കണ്ട . ഇരുപതു വര്‍ഷമായി ഞാന്‍ നിന്റെ കൂടെ കിടക്കുന്നു. നിന്റെ മനസ്സില്‍ ഇപ്പോള്‍ ഞാനില്ല"

അയാള്‍ പക്ഷെ അവള്‍ പറയുന്നതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല . തന്റെ കൈകളില്‍ കിടന്നു അലയാഴി പോലെ ത്രസിച്ച മറ്റൊരു ഉടലിന്റെ ഓര്‍മയില്‍ അയാള്‍ രഹസ്യമായി കിതക്കുകയായിരുന്നു മഴ പെയ്തു തോര്‍ന്ന ഒരു സന്ധ്യ, ഇലകളുടെ നനവിലെ ചെമ്മാനമായി അയാളുടെ ഉള്ളില്‍ പടര്‍ന്നുകയറുകയായിരുന്നു.

പതിവിലേറെ ക്ഷീണിച്ചുപോയ ഒരു സായാഹ്നമായിരുന്നു അത്എന്നയാള്‍ ഓര്‍ക്കുന്നു. രാവിലെ തൊട്ടു പെയ്തുതുടങ്ങിയ മഴ നഗരത്തില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചിരുന്നു. ഒറ്റ പകല്‍ കൊണ്ട് തന്നെ വേനലോര്‍മ്മകള്‍ മറന്ന നഗരം മഴയുടെ വേഷം അണിഞ്ഞു നനഞു തൂങ്ങി നിന്നു. നിഴലില്‍ വിടര്‍ന്ന ഒരു ഓര്‍ക്കിഡ് പുഷ്പം പോലെ മനോഹരിയായ ഒരു ഭാര്യ വീട്ടില്‍ തന്നെ കാത്തു ഇരിക്കുന്നുണ്ടെന്ന അറിവ് എന്തുകൊണ്ടോ അയാളെ കൂടുതല്‍ ഉദാസീനനാക്കിയിരുന്നു. അഴകളവുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടവള്‍. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് കാവലിരിക്കാന്‍ വേണ്ടി ജോലി തന്നെ വേണ്ടെന്നുവെച്ചവളാണവള്‍. മഴ ചാറുന്ന ആ ഇരുണ്ട മൂവന്തിയില്‍ പക്ഷെ ചൂടും വെളിച്ചവും പ്രസരിപ്പിക്കുന്ന സ്വന്തം വീടിന്‍റെ ഓര്‍മ അയാളെ കൂടുതല്‍ കൂടുതല്‍ നിരുന്മേഷിയാക്കികൊണ്ടിരുന്നു.

നോക്കിക്കൊണ്ടിരിക്കെ മഴ തോര്‍ന്നു. തെരുവോരത്തെ മൈതാനങ്ങളിലെ ജിപ്‌സി കൂടാരങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ആളുകള്‍ ഒഴിഞ്ഞു പോയ തമ്പുകള്‍ വിരസമായി നിരന്നുകിടന്നു.

വീട്ടില്‍ അവള്‍ അയാളുടെ റീക്‌ളയ്‌നെര്‍ ജനലിനോട് ചേര്‍ത്ത് ഇട്ടുകാണും. അരികിലെ ടീപോയ് യില്‍ നാരങ്ങാ നീര് ചേര്‍ത്ത കട്ടന്‍ ചായയും അണ്ടിപരിപ്പും എടുത്തുവെച്ചിട്ടുണ്ടാകും. പറഞ്ഞറിയിക്കാനാവാത്ത ഒരു മടുപ്പുകൊണ്ട് അയാള്‍ക് വീര്‍പ്പുമുട്ടി. എന്നും ഒരേ വേഷങ്ങള്‍ ഒരേ ചലനങ്ങള്‍. ആരോ എഴുതി സംവിധാനം ചെയ്ത നാടകത്തിലെ മടുപ്പിക്കുന്ന സ്ഥിരം കഥാപാത്രം. പണ്ടൊരിക്കല്‍ ഒരു വേനല്കാലത്ത് തൊടിയിലെ പൊട്ടക്കിണറ്റില്‍ പെട്ടുപോയ ഒരു പട്ടികുഞ്ഞിനെ ഓര്‍മ വരുന്നു. കിണറ്റിനുള്ളിലെ ഉണങ്ങിയ കാട്ടുപുല്‍ പൊന്തയില്‍നിന്നും നിന്നും ഓരോ പ്രാവശ്യം പുറത്തേക്ക് കുതിച്ച് പരാജയപ്പെടുമ്പോഴും അത് ദയനീയമായി മോങ്ങിക്കൊണ്ടിരുന്നു.

തെരുവോരത്തെ നാടോടി കൂടാരങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോയികഴിഞ്ഞിരുന്നു. വെള്ളം കയറിയ തമ്പുകളുടെ നിര ചിട്ടയില്ലാതെ
തട്ടിക്കൂട്ടിയ ഒരു വികൃതമായ തീവണ്ടിയെ ഓര്‍മിപ്പിച്ചു. പടയോട്ടങ്ങള്‍ ശേഷിപ്പിക്കുന്ന മടുപ്പിന്റെ ബാക്കിപത്രങ്ങള്‍.
മൈതാനത്തെ പുല്‍പ്പരപ്പുകളില്‍ അവിടവിടെയായി പലായനങ്ങള്‍ക്കിടയില്‍ ഒഴുകിവീണ കണ്ണീര്‍ പോലെ വെള്ളം തളംകെട്ടികിടന്നു.
കാറില്‍ നിന്നുമിറങ്ങി .മൈതാനത്തിലെ ആളൊഴിഞ്ഞ ഓരോ തമ്പിന്റെയും ഉള്ളിലേക്കായാള്‍ ആകാംക്ഷയോടെ എത്തി നോക്കി. പാച്ചിലിനിടയില്‍ കുട്ടികള്‍ ഉപേക്ഷിച്ച പമ്പരങ്ങള്‍ കളിവണ്ടികള്‍ പന്തുകള്‍ എല്ലാമെല്ലാം അയാള്‍ ഓരോന്നായി എടുത്തു നോക്കി. പാതിയില്‍ മുറിഞ്ഞ ഒരു കൊച്ചുകരച്ചില്‍ എവിടെനിന്നോ കേള്‍ക്കുന്നുണ്ടെന്നയാള്‍ക്ക് തോന്നി. ആരോ എവിടെനിന്നോ തന്നെ പേര് ചൊല്ലി നീട്ടി വിളിക്കുന്നുണ്ടെന്നും.
പൊടുന്നനെ നിരകളുടെ അവസാനത്തിലെ. കൂട്ടത്തില്‍ നിന്നും അല്പം വേറിട്ട് നിന്ന ആ കൂടാരത്തില്‍ ആള്‍ പെരുമാറ്റം കേള്‍ക്കുന്നുണ്ടെന്നു അയാള്‍ കാതോര്‍ത്തു. ആളൊഴിഞ്ഞ യുദ്ധക്കളം പോലെ അനാഥമായി കിടക്കുന്ന ഈ പുറമ്പോക്കിലെ വിജനതയില്‍ ആരാകും കൂട്ടം വെടിഞ്ഞു വേര്‍പെട്ടുപോയ ആ ആത്മാവ്?

തമ്പിന്റെ വാതില്‍തിരശീല നനഞ്ഞ കാറ്റില്‍ ഉയര്‍ന്നു പൊങ്ങി, അവിടെ മൈതാനത്തേക്ക് തുറക്കുന്ന ഒരു കൊച്ചു കിളിവാതിലിനരികില്‍ അവള്‍ നിന്നിരുന്നു. തടിച്ചു ഭംഗിയില്ലാത്ത ശരീരം, പരന്ന കവിളുകളില്‍ സന്ധ്യാരാഗം. പാതിയഴിഞ്ഞ മുടികെട്ടി ല്‍ നിന്നുമുയര്‍ന്നിരുന്ന തീക്ഷ്ണ സൗരഭത്താല്‍ താന്‍ മയങ്ങി വീഴുമോ എന്നയാള്‍ ഒരു നിമിഷം ശങ്കിച്ചു. അടുത്തുചെന്നപ്പോള്‍ അവള്‍ ഒട്ടും അമ്പരപ്പ് ഭാവിച്ചില്ല. അയാളുടെ ചുണ്ടുകളില്‍ വിരല്‍ചേര്‍ത്തുകൊണ്ട് അവള്‍ മിണ്ടരുതെന്നു വിലക്കി. കസ്തൂരിമണമുള്ള തണുത്ത വിരലുകളിലെ മങ്ങിയ രത്‌നശോഭയുള്ള നഖങ്ങളില്‍ തട്ടി മൂവന്തി തിളങ്ങി ശബ്ദമില്ലാതെ ചിരിക്കുകയായിരുന്നു അവള്‍. പിന്നെ അറിയാത്ത ഭാഷയില്‍ എന്തോ പറഞ്ഞു. പക്ഷെ പറഞ്ഞതെന്താണെന്നു അയാള്‍ക്ക് മനസ്സിലാകുമായിരുന്നു.

"നീ വരുമെന്ന് എനിക്ക് ഉറപ്പാ യിരുന്നു ഞാന്‍ നിന്നെ കാത്തുകാത്തു നില്‍ക്കുകയായിരുന്നു".

മറന്നുപോയതെന്തോ തിടുക്കത്തില്‍ കണ്ടെത്തുന്ന വെപ്രാളത്തോടെ മഴ വീണ്ടും പെയ്തു തുടങ്ങി.
വസ്ത്രങ്ങളില്‍ നിന്ന് വിടുതി നേടിയപ്പോള്‍ ജന്മങ്ങളായി അറിയുന്നതുപോലെ ശരീരങ്ങള്‍ അമ്പരപ്പില്ലാതെ പരസ്പരം തേടാന്‍ തുടങ്ങി. അവളുടെ പിന്കഴുത്തിലെ ചുവന്ന ഉണക്കമുന്തിരി മറുക് അടിവയറ്റിലെ ഈര്‍പ്പഗന്ധം മുലകള്‍ക്കിടയിലെ ക്ഷാരം കക്ഷങ്ങളിലെ വിയര്‍പ്പിന്റെ ലവണം എല്ലാമെല്ലാം എത്രയോ കാലമായി താന്‍ അറിയുന്നതാ ണെന്ന് അയാള്‍ വിസ്മയിച്ചു.

ഒരിക്കലും പിരിയേണ്ടി വന്നിട്ടില്ലാത്ത, എണ്ണമറ്റ രാവുകളില്‍ ഒപ്പം കിടന്നിരുന്ന ഒരു ഉടലിനെ എന്ന പോലെയാണ് അവള്‍ അയാളെ തേടിയതും മഹാസങ്കടങ്ങളുടെ ഉള്‍ക്കടലുകളിലൂടെ രണ്ടു കുട്ടികളെ പ്പോലെ അവര്‍ തുഴഞ്ഞു നീങ്ങി രതിയുടെ ഉള്ളുരുക്കുന്ന നിഷ്കളങ്കതയില്‍ അവര്‍ നിസ്സഹായരായി കരഞ്ഞുകൊണ്ടിരുന്നു. ഇണചേരല്‍ അഗ്‌നിസ്‌നാനം പോലെ തന്നെ നിര്‍മലനാക്കുന്നു എന്ന് അയാള്‍ വിസ്മയത്തോടെ അറിയുകയായിരുന്നു. നാളിതുവരെയും താന്‍ മറ്റൊരു പെണ്ണിന്റെ കൂടെ കിടന്നിട്ടില്ല. ഓളം വെട്ടി ഓളം വെട്ടി ഒടുവില്‍ ഒരു വേലിയേറ്റമായി കുതിച്ചൊഴുകിയ ആനന്ദത്തിന്റെ തൂവല്‍കനത്താല്‍ ഇരുവരും അണക്കാന്‍ തുടങ്ങി. മൃദുലങ്ങളായ തണുത്ത തീനാളങ്ങള്‍ പൊള്ളിച്ചുകൊണ്ട്പകര്‍ന്ന ചൂടു താങ്ങാനാവാതെ അയാള്‍ ഞരങ്ങി. ആ ആനന്ദത്തിന്റെ ചൂടുള്ള ഉറവയില്‍ എന്നേക്കുമായി ഒളിച്ചിരിക്കാന്‍ അയാള്‍ മോഹിച്ചു. അവളുടെ കണ്ഠത്തില്‍ മുരളുന്ന വന്യമായ നിലവിളികള്‍ അയാളെ ഭ്രാന്തനാക്കുകയായിരുന്നു.

പിന്നീട് മൂവന്തിയുടെ ഇരുണ്ട ചുവപ്പില്‍ അവളുടെ കണ്ണുകളിലെ നനവ് തിളങ്ങുന്നതും നോക്കിക്കൊണ്ടു നിശ്ചിന്തനായി കിടക്കുമ്പോള്‍ സ്വന്തം ഉടലിന്റെ ഓരോ അണുവും ശാന്തിയുടെ പരാഗമണിഞ്ഞു സ്വസ്ഥമാകുന്നു എന്ന് അയാള്‍ അത്ഭുതത്തോടെ അറിഞ്ഞു.

"വരുന്നോ കൂടെ" എന്ന് ചോദിക്കാന്‍ തുടങ്ങിയ അയാളുടെ ചുണ്ടുകളില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അവള്‍ ആ ചോദ്യം മായിച്ചു കളഞ്ഞു.
പിന്നീട് ഏറെ നേരം കഴിഞ്ഞു ഇരുട്ടുവീണ വഴികളിലൂടെ വാഹനമോടിച്ചു മടങ്ങുമ്പോള്‍ ജീവിതം അതിന്റെ മുഴുവന്‍ ശോഭയോടും കൂടെ തന്നെ മോഹിപ്പിക്കുന്നു എന്നയാള്‍ ആഹ്ലാദത്തോടെ ഓര്‍ത്തു. ഇനിയൊന്നും ഒരിക്കലും പഴയമാതിരി യാവുകയില്ല.

ഒരു പുരുഷായുസ്സിനെ ഈ മഹാസംഗമം അവള്‍ക്കു മുമ്പും അവള്‍ക്കു പിമ്പും എന്ന് അടയാളപ്പെടുത്തിക്കഴിഞ്ഞു ഇനി ഒരിക്കലും തനിക്ക് മോചനമില്ല തമ്പഴിക്കുമ്പോള്‍ കൂടെ പോകണം അതേയുള്ളു ഇനി പോംവഴി. ആ രാത്രി മഹാവ്യസനങ്ങളുടെയും സന്ദേഹങ്ങളുടെയും ഒരു രാത്രിയായിരുന്നു ഇനി തിരിച്ചുവരവില്ല എന്ന നിശ്ചയത്തോടെ ആകാശത്തേക്ക് തൂവല്‍ വിരിക്കുന്ന ഒരു ദേശാടനക്കിളിയെപ്പോലെ അയാളുടെ ഉള്ളം ചിറകടിച്ചുകൊണ്ടിരുന്നു. പറഞ്ഞാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല എന്ന് അയാള്‍ക്കറിയാം. ഇനി ഒരു മടങ്ങിപ്പോക്കില്ല. തിരിച്ചുപോക്കിന്റെ വഴിയടയാളങ്ങള്‍ കനിവോടെ മായ്ചുകളഞ്ഞ ഒരു മഴക്കാടായി അവളുടെ ഉടല്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു.

ഉദിക്കുന്നതിനു മുമ്പേ പുറപ്പെടുമ്പോള്‍ കിടക്കയില്‍ കിടന്നുകൊണ്ട് തങ്കം തന്നെ അതിശയത്തോടെ നോക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു വിശദീകരണങ്ങള്‍ ഒക്കെ പിന്നീട് സാവകാശത്തില്‍ അവളെ അറിയിക്കാമെന് അയാള്‍ നിശ്ചയിച്ചു. അവള്‍ ഇപ്പോഴും ചെറുപ്പം അഴക് തികഞ്ഞവള്‍ ഇതുവരെയുള്ള സമ്പാദ്യങ്ങള്‍ മുഴുവനും അവളുടെ പേരിലാണ് ഉടുവസ്ത്രം അല്ലാതെ മറ്റൊന്നും താന്‍ കൊണ്ട് പോകുന്നില്ല.

നഗരം മഴയോര്‍മകള്‍ മറന്നതെത്ര ക്ഷണത്തില്‍ എന്ന് അയാള്‍ അതിശയിച്ചു. പുലര്കാലവെയിലിനു തീച്ചൂടാണിപ്പോള്‍
മൈതാനം വിജനമായിരുന്നു. നനവുള്ള പുല്‍പ്പരപ്പില്‍ പിന്‍വാങ്ങലിന്റെ ചപ്പുചവറുകള്‍ വൃത്തിഹീനമായി ചിതറിക്കിടന്നു. അയാള്‍ക്കൊന്നും മനസ്സിലായില്ല. മഴ നനഞ്ഞ ആ സായാഹ്‌നത്തിന്റെ ഓര്‍മയില്‍ അയാള്‍ നിശ്ശബ്ദം നിലവിളിച്ചുകൊണ്ടിരുന്നു എവിടെയായിരുന്നു കാട്ടുചന്ദനം മണത്ത ആ കൂടാരം? കാറ്റില്‍ ഇപ്പോഴുമുണ്ട് കെട്ടഴിഞ്ഞ മുടിയുടെ കര്‍പ്പൂരഗന്ധം ചിതറിക്കിടക്കുന്ന വളപ്പൊട്ടുകള്‍ക്കും പൂമാലകള്‍ക്കുമിടയില്‍ അവളുടെ ഉടല്‍മണങ്ങള്‍ തേടി അയാള്‍ ഒരു നായയെ പോലെ അലഞ്ഞു അടയാളങ്ങള്‍ ശേഷിപ്പിക്കാതെ ഓളപ്പരപ്പില്‍ മുങ്ങിപ്പോയ കപ്പലിന്റെ ഓര്‍മയില്‍ ഒറ്റക് തുഴയാന്‍ വിധിക്കപെട്ട നാവികനെ പോലെ അയാള്‍ നിശ്ശബ്ദം കരഞ്ഞുകൊണ്ടിരുന്നു കാണാദൂരങ്ങളില്‍ നിന്നും അവളുടെ ഉടല്‍ അയാളെ പൊട്ടിച്ചൂട്ടുകള്‍ കാട്ടി ഭ്രമിപ്പി ച്ച് കൊണ്ടിരുന്നു.

ശമനമില്ലാത്ത സങ്കടത്തിന്റെ ആ പകലിനുശേഷം കാലം എത്ര കടന്നു പോയി എന്ന് അയാള്‍ അറിയുന്നുണ്ടായിരുന്നില്ല ഏകതാനമായ വൈരസ്യങ്ങളുടെ നാള്‍വഴികണക്കുകള്‍ അയാളുടെ ഓര്‍മകളില്‍ നിന്നും പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു.

നിലാവില്ലാത്ത ഒരു രാത്രിയായിരുന്നു അത്. ഇരുട്ട് ദയാമയിയായ ഒരു സഖിയെപ്പോലെ അയാളെ വാരിയണക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു
ഉറക്കത്തില്‍ പതുക്കെ കരഞ്ഞുകൊണ്ട് അവള്‍, ഇരുപതു വര്ഷങ്ങളായി ഒപ്പം കിടക്കുന്നവള്‍ അയാളെ കെട്ടിപ്പിടിച്ചു.

"ഹരീ എന്നെ വിട്ടു പോകല്ലേ"

സ്വപ്നത്തില്‍ അവള്‍ തേങ്ങി അവളുടെ കൈകള്‍ പതുക്കെ എടുത്തുമാറ്റി അയാള്‍ എഴുന്നേറ്റു ,നാളുകളായി കൂട്ടിലടക്കപ്പെട്ട വേട്ടമൃഗത്തിനു കാടിന്റെ ഓര്‍മയില്‍ വിശക്കുന്നതുപോലെ അയാളുടെ ഓരോ അണുവും കര്‍പ്പൂരഗന്ധമുള്ള ഒരു ഉടലിനു വേണ്ടി വിശന്നു.

(സാറ ദീപ ചെറിയാന്‍:ആനുകാലികങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാറുണ്ട്. ഏണസ്റ്റ് ഹെമിങ്‌വേയുടെ ആയുധങ്ങള്‍ക്കൊരു യാത്രാമൊഴി വിവര്‍ത്തനം ചെയ്തു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക