Image

ദുരന്തനിവാരണ അതോറിറ്റി തികഞ്ഞ പരാജയമായിരുന്നെന്ന്‌ സി.പി.ഐ. എം.എല്‍.എ

Published on 08 September, 2018
ദുരന്തനിവാരണ അതോറിറ്റി തികഞ്ഞ പരാജയമായിരുന്നെന്ന്‌ സി.പി.ഐ. എം.എല്‍.എ
പത്തനംതിട്ട: സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ എം.എല്‍.എ. ചിറ്റയം ഗോപകുമാറാണ്‌ വിമര്‍ശനവുമായി രംഗത്തെത്തിയത്‌.

ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കേണ്ട സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രളയസമയത്ത്‌ തികഞ്ഞ പരാജയമായിരുന്നെന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. പത്തനംതിട്ട പ്രസ്‌ ക്ലബ്ബ്‌ സംഘടിപ്പിച്ച ഒഴുക്കിനെതിരെ ഒന്നിച്ച്‌ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സ്വന്തം അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്നപ്പോള്‍ ഐരാണിക്കുടിയിലുള്ള ഷട്ടര്‍ തുറക്കുന്നതിന്‌ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചെന്നും എന്നാല്‍ എരാണിക്കുടി ആലപ്പുഴ ജില്ലയിലായതിനാല്‍ ജില്ലാ അധികാരികള്‍ക്ക്‌ വിവരം കൈമാറിയതല്ലാതെ അത്‌ തുറക്കുന്നത്‌ ഉറപ്പുവരുത്തുവാന്‍ അതോറിറ്റിക്കു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്‌ കാരണം പന്തളം ഭാഗത്ത്‌ വെള്ളം ഇരട്ടിയായെന്നും പിന്നീട്‌ താന്‍ തന്നെ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ഷട്ടര്‍ തുറന്നതോടെയാണ്‌ ഒഴുക്കിന്‌ നേരിയ ശമനമുണ്ടായതെന്നും എം.എല്‍.എ പറഞ്ഞു.

പ്രളയകാലത്ത്‌ പന്തളത്തിന്റെ സമീപ പ്രദേശങ്ങളില്‍ വീടുകളില്‍കുടുങ്ങിയ ആളുകളെ രക്ഷപെടുത്താന്‍ ബോട്ടുകളെത്തിക്കണമെന്നാവശ്യപ്പെട്ട്‌ ദുരന്തനിവാരണ അതോറിറ്റിക്കാരെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും പിന്നീട്‌ സ്വന്തം ശ്രമത്തിന്റെ ഭാഗമായി രണ്ട്‌ ബോട്ടുകളും രണ്ട്‌ സ്‌പീഡ്‌ ബോട്ടുകളും തിരുവനന്തപുരം പൂവ്വാറില്‍ നിന്ന്‌ എത്തിച്ചാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക