Image

ചിക്കാഗോയില്‍ ആര്‍എസ്എസ് മേധാവി മറ്റു മതങ്ങളെ അധിക്ഷേപിച്ചുവെന്നു ആക്ഷേപം

Published on 09 September, 2018
ചിക്കാഗോയില്‍  ആര്‍എസ്എസ് മേധാവി മറ്റു മതങ്ങളെ അധിക്ഷേപിച്ചുവെന്നു ആക്ഷേപം

ന്യൂഡല്‍ഹി: ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെ ഹിന്ദു ഏകീകരണം സംബന്ധിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. സിംഹം ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ക്ക് ആക്രമിച്ചുകൊല്ലാന്‍ കഴിയും, അതാരും മറക്കണ്ടെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

ഹിന്ദുക്കള്‍ക്ക് ആധിപത്യമോഹമില്ല. അധിനിവേശത്തിലൂടെയോ ആധിപത്യ മോഹത്തിലൂടെയോ ഉണ്ടായതല്ല നമ്മുടെ സ്വാധീനമെന്നും പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

മറ്റു മത സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തിയാണ് ആര്‍എസ്എസ് ലോകത്ത് അറിയപ്പെടുന്നതെന്നും മറ്റു മതങ്ങളെ ഇങ്ങനെ ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു. 

മറ്റുള്ളവരെ നായകളെന്ന് വിളിച്ച് നിന്ദിക്കുന്ന മോഹന്‍ ഭാഗവത് സ്വയം കടുവയാകാന്‍ ശ്രമിക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

മോഹന്‍ ഭാഗവതിന്റെ നായയോടുള്ള ഉപമയ്‌ക്കെതിരെ ദളിത് സംഘടനകളും രംഗത്തെത്തി. അതേ സമയം ആര്‍എസ്എസ് മേധാവി രാജ്യത്തെ ഹിന്ദുക്കളുടെ ക്ഷേമത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.

ലോക ഹിന്ദു കോണ്‍ഗസില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു മുന്‍പ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടത്തിയ പ്രസ്താവനയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള സാമൂഹ്യദ്രോഹ നടപടികളില്‍ പങ്കാളികളാവുന്നവര്‍ക്ക് രാജ്യസ്‌നേഹികളെന്ന് സ്വയം വിശേഷിപ്പിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുമായി ഇത്തരം സംഭവങ്ങളെ ബന്ധിപ്പിക്കരുത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പുതിയ സംഭവമല്ല, ഉത്തരവാദിത്തം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മേല്‍ ആരോപിക്കുന്നതില്‍ ഉപരിയായി സാമൂഹിക മാറ്റങ്ങള്‍ എങ്ങനെ കൊണ്ടുവരാമെന്നാണ് ആലോചിക്കേണ്ടത്.

മറ്റൊരാളെ കൊല്ലുന്നതിലൂടെ നിങ്ങള്‍ എങ്ങനെയാണ് ദേശീയവാദിയാകുന്നത് ? മതത്തിന്റെയോ, ജാതിയുടെയോ, നിറത്തിന്റെയോ, ലിംഗത്തിന്റേയോ അടിസ്ഥാനത്തില്‍ നിങ്ങള്‍ വിവേചനമുണ്ടാക്കുന്നു. അത് ദേശീയതയ്ക്ക് വിരുദ്ധമാണ്. ദേശീയതയുടെ വിശാലമായ തലങ്ങള്‍ മനസിലാക്കാന്‍ സാമൂഹിക മാറ്റങ്ങളാണ് വേണ്ടതെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക