Image

എരുമേലിയില്‍ അന്താരാഷ്ട്ര വിമാനത്താവളമാക്കാന്‍ ധാരണ

Published on 09 September, 2018
എരുമേലിയില്‍ അന്താരാഷ്ട്ര വിമാനത്താവളമാക്കാന്‍ ധാരണ
കോട്ടയം: എരുമേലിയില്‍ അന്താരാഷ്ട്ര വിമാനത്താവളമാക്കാന്‍ ധാരണ. ഇക്കാര്യം നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സിയായ ലൂയിസ് ബഗ്ര്‍ കമ്പനിയെ സര്‍ക്കാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായുള്ള വിമാനത്താവളമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയുടെ ബദല്‍ എന്ന നിലയില്‍ അന്താരാഷ്ട്ര വിമാനത്താവളമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളമായാലും സാമ്പത്തികമായി ലാഭകരമാകുമെന്നും ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുമെന്നും കണ്‍സള്‍ട്ടന്‍സി സമര്‍പ്പിച്ച പ്രാഥമിക പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തേ ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലിക്ക് സമീപത്തെ ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 2.27 ലക്ഷം പ്രവാസികളുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്ക്.

എരുമേലി ടൗണില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാറി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഇതുവരെ ഏറ്റെടുക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയാണ് റവന്യൂ വകുപ്പിന്.

2263 ഏക്കര്‍ ഭൂമിയാണ് എസ്‌റ്റേറ്റിലുള്ളത്. ഇത് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്‍സള്‍ട്ടന്‍സിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറവാണ്. ഇതിനു പുറമെ കുടിയൊഴിപ്പിക്കല്‍, കാറ്റിന്റെ ഗതി അടക്കമുള്ള പ്രശ്‌നങ്ങളും പരിമിതമാണ്. സമീപപ്രദേശങ്ങളില്‍ ലാന്‍ഡിങ് അടക്കമുള്ള കാര്യങ്ങളില്‍ ഭീഷണിയാവുന്ന ഘടകങ്ങളുമില്ല. എന്നാല്‍, കുന്നുകളും കുഴികളും ഏറെയുള്ളത് നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക