Image

താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )

Published on 12 September, 2018
താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )
അമേരിക്കന്‍ മലയാള സാഹിത്യത്തിലെ തറവാട്ടമ്മയായ സരോജ വര്‍ഗീസിന് ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ശാഖയിലേക്ക് അവര്‍ നല്‍കിയ സംഭാവനയെ മാനിച്ച്‌കൊണ്ട് ഇ മലയാളി അംഗീകാരം നല്‍കുന്നു എന്ന അറിയിപ്പ് കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി. സഞ്ചാരസാഹിത്യം എഴുതിയതിനു ഇതിനു മുമ്പും ഇമലയാളിയുടെ ഒരു അംഗീകാരം വാങ്ങാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

എന്റെ സമപ്രായയക്കാര്‍ അമേരിക്കയില്‍ എത്തിയ സമയം എഴുത്തുകാര്‍ വളരെ വിരളമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ മലയാള സാഹിത്യം സ്വന്തം കാലില്‍ നില്കക്കാന്‍ പരുവത്തില്‍ പ്രാപ്ത്തി നേടി കഴിഞ്ഞു. എന്നെ സം ബന്ധിച്ചെടത്തോളം ഞാന്‍ കഥ, ലേഖനം എന്നീ വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സഞ്ചാര സാഹിത്യം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍, മുത്തശ്ശി കഥകള്‍ എന്നിവയിലും എന്റേതായ ഒരു കയ്യൊപ്പു ചേര്‍ക്കാന്‍ ശ്രമിച്ചു. എന്റെ പ്രിയഭര്‍ത്താവിന്റെ വേര്‍പാടില്‍ മനം നൊന്തു എഴുതിയതായിരുന്നു ഓര്‍മ്മക്കുറിപ്പുകള്‍. എന്റെ അറിവ് ശരിയാണെങ്കില്‍ അമേരിക്കന്‍ വനിതാ എഴുത്തുകാരികളില്‍ ആദ്യമായി സഞ്ചാരസാഹിത്യം, ജീവചരിത്രം, ഓര്‍മ്മകുറിപ്പുകള്‍ എന്നിവ എഴുതിയത് ഞാന്‍ തന്നെയാണ്. 

എന്റെ സര്‍ഗ്ഗ വ്യാപാരങ്ങളില്‍ ഒരു നോവല്‍ കൂടി എഴുതാന്‍ എനിക്ക് കഴിഞ്ഞു. അമേരിക്കയില്‍ നിന്നും നാട്ടില്‍ നിന്നും എന്റെ കഴിവനുസരിച്ചുള്ള പുരസ്‌കാരങ്ങള്‍ കിട്ടിയതില്‍ ഞാന്‍ സംതൃപ്തയാണ്. കവിത വിഭാഗവും ഒന്ന് ശ്രമിച്ചുനോക്കിയെങ്കിലും വളരെ കുറച്ച് കവിതകള്‍ മാത്രമാണെഴുതിയത്. ചില ആശംസ ഗീതങ്ങളും, വിലാപങ്ങളും കുത്തിക്കുറിച്ചു. കവിതയോടൊപ്പം 'സുവാര്‍ത്ത ഗീതങ്ങള്‍' എന്ന പേരില്‍ കൃസ്തുദേവന് സ്‌നേഹാര്‍ച്ചന നടത്തികൊണ്ട് കുറെ ഗീതങ്ങള്‍ രചിക്കയും അവ പ്രശസ്ത സംഗീതജ്ഞര്‍ സംഗീതം നല്‍കി ഗായകര്‍ പാടിയ സി.ഡി.ഇറക്കുകയും ചെയ്തിട്ടുണ്ട്. മതസാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രവര്‍ത്തനങ്ങളുമായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചു.കൂടാതെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലും സേവനമനുഷ്ഠിക്കാന്‍ അവസരമുണ്ടായി.

കുടിയേറിയ ഭൂമിയില്‍ നമ്മുടെ ഭാഷ നിലനിര്‍ത്തുക പ്രയാസമുള്ള കാര്യമാണെങ്കിലും സാഹിത്യത്തിലൂടെ നമ്മുടെ സംസ്‌കാരവും, പാരമ്പര്യവും വരും തലമുറക്ക് പകരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കഥകള്‍ പുതിയ തലമുറക്കാര്‍ക്ക് വേണ്ടി ഇംഗളീഷിലേക്ക് തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സൂര്യന്റെ ചൂട് തട്ടി താമരപ്പൂക്കള്‍ വിരിയുന്ന പോലെയാണ് എന്റെ ചിന്തകള്‍ സാഹിത്യരൂപമായി പരിണമിക്കുന്നത്. ഞാന്‍ സര്‍ഗ്ഗ സൂര്യന്റെ രസ്മികള്‍ക്കായി തപസ്സിരിക്കുന്നു. പ്രശസ്ത ബാലസാഹിത്യകാരനായ ശ്രീ ജോയന്‍ കുമരകം എന്നെ കഥാസരസ്സിലെ സരോജം എന്ന് വിശേഷിപ്പിച്ചത് അതുകൊണ്ടായിരിക്കുമെന്ന് കരുതുന്നു. സര്‍ഗ്ഗ സൂര്യനില്‍ നിന്നും ലഭിക്കുന്ന ഊഷ്മാവില്‍ എന്നിലെ ചെറിയ കഴിവുകള്‍ വികസിച്ചെടുപ്പിക്കാന്‍ ഞാന്‍ പ്രയത്‌നിക്കാറുണ്ട്. എന്റെ ബാല്യം മുതല്‍ ആരംഭിച്ച ഈ സപര്യ ഇന്നും തുടരാന്‍ സാധിക്കുന്നതിനു ഞാന്‍ ദൈവത്തോട് നന്ദിയര്‍പ്പിക്കുന്നു. ഓരോ രചന നടത്തുമ്പോഴും എന്റെ സാഹിത്യജീവിതത്തില്‍ ഒരു സര്‍ഗ്ഗ സൂര്യോദയം ഉണ്ടാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വരെ പത്ത് പുസ്തകങ്ങള്‍ എഴുതാന്‍ കഴിഞ്ഞു. കൂടാതെ എന്റെ കഥകളെ വിലയിരുത്തികൊണ്ട് കുറെ എഴുത്തുകാര്‍ കൂടി 'കഥാലോകത്തിലെ നറുനിലാവ്' എന്ന ഒരു സമാഹാരവും ഇറക്കിയിട്ടുണ്ട്. എന്റെ സഞ്ചാരക്കുറിപ്പുകളും, നോവലും, ലേഖന സമാഹാരങ്ങളും പുസ്തകരൂപത്തിലാക്കാനുള്ള പണിപ്പുരയിലാണ് ഞാന്‍. എന്റെ രചനകളില്‍ പിറന്ന നാടിന്റെ നന്മകളും അതിന്റെ സൗന്ദര്യവും ഉള്‍പ്പെടുത്താന്‍ ഞാന്‍ പരമാവുധി പരിശ്രമിക്കുന്നു. പെണ്ണെഴുത്തിനെപ്പറ്റി, അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങളെപ്പറ്റി എന്റേതായ കാഴ്ച്ച്ചപ്പാട് പല വേദികളിലും പ്രകടിപ്പിച്ചിട്ടുണ്ട്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഉപദേശകസമിതിയില്‍ അംഗമായിരുന്ന എന്റെ മകന്‍ മുഖേന വൈറ്റ് ഹൗസില്‍ കുടുംബസമേതം പലവട്ടം പോകുന്നതിനും പ്രസിഡന്റുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനും സാധിച്ചത് ജീവിതത്തിലെ വളരെ സുപ്രധാന സംഭവമായി കണക്കാക്കുന്നു..

ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ എഴുത്തുകാര്‍ക്ക് എഴുതാനുള്ള അവസരങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. അതില്‍ വിശിഷ്ട സ്ഥാനം നേടിയെടുക്കാന്‍ 
മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. 

മലയാളിയുടെ വളര്‍ച്ചക്കും പുരോഗതിക്കും എല്ലാ വിധ ആശംസകളും നേരുന്നു.

***************************


ഇ-മലയാളി ചോദ്യാവലി
(2017 ലെ ഇ മലയാളി അവാര്‍ഡ് ജേതാക്കളോടുള്ള ചോദ്യങ്ങള്‍)

1. ഇ-മലയാളിയുടെ അവാര്‍ഡ് ലഭിച്ച താങ്കള്‍ക്ക് അഭിനന്ദനം. ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് ലബിച്ചുവെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?

താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി. ഈ പുരസ്‌കാരം തീര്‍ത്തും അപ്രതീക്ഷിതം എന്ന് പറയുന്നതായിരിക്കും ശരി. എങ്കിലും അവാര്‍ഡ് ലഭിക്കുന്നു എന്നറിഞ്ഞപ്പോള്‍ അത്യധികമായ സന്തോഷമാണ് അനുഭവപ്പെട്ടത്. പ്രതേകിച്ചും എനിക്ക് ലഭിച്ച 'അമേരിക്കന്‍ മലയാള സാഹിത്യത്തിലെ 'തറവാട്ടമ്മ' എന്ന സ്ഥാനം.

2. എഴുത്തുകാരെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണു?

എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നത് തീര്‍ച്ചയായും സ്തുത്യര്‍ഹമാണ്, പ്രതേകിച്ചും അമേരിക്കയില്‍, യാതൊരു പ്രതിഫലേച്ഛയും ആഗ്രഹിക്കാതെ ഭാഷയോടുള്ള പ്രതിപത്തികൊണ്ട് മാത്രമാണ് ഇവിടുത്തെ മിക്ക എഴുത്തുകാരും ഈ സപര്യയില്‍ മുഴുകുന്നത്.

3. ഇ-മലയാളിയുടെ ഉള്ളടക്കത്തില്‍ എന്തു മാറ്റങ്ങളാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്?നിങ്ങള്‍ ഏറ്റവും കൂടുതല്‍ വയിക്കുന്ന കോളമേതാണു? ഇംഗ്ലീഷ് വിഭാഗം പതിവായി വായിക്കാറുണ്ടൊ?

ഇമലയാളിയുടെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പറയുന്നില്ല. എങ്കിലും പ്രാധാന്യമര്‍ഹിക്കുന്ന ലേഖനങ്ങള്‍ക്ക് മുഖപേജിന്റെ മുകളില്‍ ഫ്‌ളാഷ് ചെയ്യുന്ന സമയപരിധി അല്‍പ്പം കൂടി നീട്ടിയാല്‍ നന്നാകുമെന്ന് തോന്നുന്നു. കാര്യപ്രസക്തങ്ങളായ ലേഖനങ്ങളാണ് ഞാന്‍ കൂടുതല്‍ വായിക്കുന്നത്. ചെറുകഥകളും, കവിതകളും താല്‍പ്പര്യത്തോടെ വായിക്കാറുണ്ട്, ഒപ്പം തന്നെ വാര്‍ത്തകളും. ഇംഗളീഷ് വിഭാഗവും വായിക്കാറുണ്ട്.

4. അമേരിക്കന്‍ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു? അതിന്റെ വളര്‍ച്ചക്കായി ഇ-മലയാളി ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.

അമേരിക്കന്‍ മലയാളസാഹിത്യം ഇന്ന് വളര്‍ന്നു കഴിഞ്ഞു. എന്റെ തലമുറ ഇവിടെ വന്നപ്പോള്‍ വിരലിലെണ്ണാവുന്ന എഴുത്തുകാരെ ഉണ്ടായിരുന്നുള്ളു. പിന്നീട് ധാരാളം എഴുത്തുകാര്‍ വന്നു. എഴുത്ത് വളരെ എളുപ്പമുള്ളതും ആര്‍ക്കും വഴങ്ങുന്നതുമാണെന്ന ധാരണകൊണ്ടോ എന്താണെന്നറിയില്ല ഇവിടെ എഴുത്തുകാരുടെ എണ്ണം ക്രമാതീതം കൂടി, കൂടിക്കൊണ്ടിരിക്കുന്നു.. എന്തായാലും സര്‍ഗ്ഗപ്രതിഭയുള്ളവരും ഇല്ലാത്തവരുമായി അനേകം എഴുത്തുകാര്‍ സാഹിത്യത്തിലെ വിവിധ മേഖലകളില്‍ അവരുടെ കൈമുദ്ര പതിപ്പിക്കുന്നു. നോവല്‍, കഥകള്‍, കവിതകള്‍, നിരൂപണങ്ങള്‍, നര്‍മ്മം, ഓര്‍മ്മക്കുറിപ്പുകള്‍, സഞ്ചാരസാഹിത്യം, ജീവചരിത്രം, തര്‍ജ്ജിമ, പുനരാഖ്യാനം അങ്ങനെ എഴുത്തുകാര്‍ അവരുടെ കലാസൃഷ്ടികളിലൂടെ അമേരിക്കന്‍ മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നു. അതിലേക്ക് പത്ത് പുസ്തകങ്ങള്‍ സംഭാവനചെയ്യാന്‍ ഈ എഴുത്തുകാരിക്കും കഴിഞ്ഞുവെന്നത് സന്തോഷത്തോടെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. 

അതിന്റെ വളര്‍ച്ചക്കായി മലയാളി ചെയ്യുന്ന സേവനം തീര്‍ച്ചയായും ശലാഘനീയമാണ് . പുതിയ പുതിയ എഴുത്തുകാരെ മുന്‍ നിരയിലേക്ക് കൊണ്ട് വരുന്നതില്‍ ഇമലയാളി പ്രത്യേകം ശ്രദ്ധിക്കുന്നതായി കാണാം, അമേരിക്കയില്‍ മാത്രം ഒതുക്കാതെ ഇന്ത്യയില്‍ നിന്നും മറ്റു പല രാജ്യങ്ങളില്‍ നിന്നുമുള്ള എഴുത്തുകാര്‍ ഇമലയാളിയില്‍ കൂടി അറിയപ്പെടുന്നു.

5 നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാജപേരില്‍ ഒരു രചന പ്രസിദ്ധീകരിക്കാന്‍ പ്രേരണ തോന്നിയിട്ടുണ്ടൊ?

വ്യാജപേരില്‍ രചന പ്രസിദ്ധീകരിക്കാന്‍ ഒട്ടും തന്നെ ആഗ്രഹിക്കുന്നില്ല. സ്വന്തം പേരില്‍ അറിയപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. 

6. നിങ്ങള്‍ മറ്റ് എഴുത്തുകാരുമായി (ഇവിടേയും നാട്ടിലേയും) ബന്ധം പുലര്‍ത്തുന്നോ? നിങ്ങളുടെ രചനകള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടോ?അത്തരം ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഉപക്‌വാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?

അമേരിക്കയിലും നാട്ടിലുമുള്ള ചില എഴുത്തുകാരുമായി ബന്ധം പുലര്‍ത്താറുണ്ട്. രചനകളെക്കുറിച്ച് വല്ലപ്പോഴും സംസാരിക്കാറുണ്ട്. അത്തരം സൗഹൃദ സംഭാഷണങ്ങള്‍ അല്പമായിട്ടാണെങ്കിലും പ്രയോജനപ്പെടാറുണ്ട്.

7. കാല്‍പ്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങള്‍ ഏതിനോട് ചായ്‌വ് പുലര്‍ത്തുന്നു? എന്തുകൊണ്ട്?

കാല്പനികതയാണ് ഇഷ്ടം. ആധുനികത ഇഷ്ട്ടപ്പെടുന്നെങ്കിലും സാഹിത്യത്തില്‍ അതിനെ ദുരുപയോഗം ചെയ്യുന്നില്ലേ എന്ന് സംശയമുണ്ട്. തീവ്രമായ വികാരങ്ങളെ ഭംഗിയുള്ള പദപ്രയോഗം കൊണ്ട് വായനക്കാരെ ഒരു മായികലോകത്തേക്ക് എത്തിക്കാന്‍ കാല്പനികതക്ക് കഴിയുന്നു. എന്നാല്‍ ആധുനികത അത്തരം നൈമിഷികമായ ആനന്ദത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രായോഗികതക്ക് പ്രാധാന്യം നല്‍കിയത് അഭിലഷണീയമെങ്കിലും ആ പേരില്‍ ആധുനികത വായനക്കാരന് മനസ്സിലാക്കാത്തത് എഴുതുകയെന്ന തലത്തിലേക്ക് വന്നപ്പോള്‍ അതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ശരിയായ വിധത്തില്‍ കാല്പനികതയും ആധുനികതയും എഴുത്തുകാര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അത് ഏതു എഴുത്തുകാരനും സ്വീകാര്യമാകുമെന്ന് ഈ എളിയ എഴുത്തുകാരി വിശ്വസിക്കുന്നു.

8. വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് തെറ്റാണെന്നു വിശ്വസിക്കുന്നോ? അങ്ങനെ കാണുമ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

വ്യക്തി വൈരാഗ്യത്തോടെ അല്ലെങ്കില്‍ മുന്‍വിധിയോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ല. രചയിതാവിനെയല്ല, രചനയെ ആണ് നാം അംഗീകരിക്കേണ്ടതും വിമര്‍ശിക്കേണ്ടതും. വ്യക്തി വൈരാഗ്യത്തോടെയുള്ള നിരൂപണങ്ങള്‍ കാണാറുണ്ട്. അതിനെ അവഗണിക്കയാണ് ഏറ്റവും നല്ല പ്രതികരണം.

9. ഏറ്റവും കൂടുതല്‍ വായനകാരുണ്ടാകാന്‍ ഒരെഴുത്തുകാരന്‍ എന്തു ചെയ്യണം?

ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടാകാന്‍ ചെയ്യേണ്ടത് വായനക്കാരന്റെ അഭിരുചിക്കനുസരണമായി രചന നിര്‍വഹിക്കാന്‍ ശ്രമിക്കയാണ്. അതേസമയം എഴുത്തുകാരന്‍ അവന്റേതായ ഒരു ശൈലി രൂപീകരിച്ച് എടുക്കയും വേണം.

10. അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നതാണോ നിങ്ങളുടെ സ്വപ്നം? എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു?

അറിയപ്പെടുന്ന എഴുത്തുകാരനാകാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രമല്ല എഴുതുന്നത്. എഴുത്ത് തീവ്രമായ ഒരു വികാരമായി അനുഭവപ്പെടുന്നത് കൊണ്ടുകൂടിയാണ്. 

11. നിങ്ങള്‍ ഒരു മുഴുവന്‍ സമയ എഴുത്തുകാരനാണോ? അല്ലെങ്കില്‍, കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോള്‍ സ്രുഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?

ഞാന്‍ ഒരു മുഴുവന്‍ സമയ എഴുത്തുകാരിയല്ല. എന്നാല്‍ എഴുതാനുപയോഗിക്കുന്ന സമയം തീര്‍ച്ചയായും അതിന്റേതായ ഒരു സം തൃപ്തിയയും ആനന്ദവും അനുഭവപ്പെടുത്താറുണ്ട്. 

12. നിരൂപണങ്ങള്‍ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്‍ നിന്നും നിങ്ങള്‍ എന്തു പ്രതീക്ഷിക്കുന്നു.

നിരൂപണങ്ങള്‍ രചനകളെ സഹായിക്കുമെന്നത് സംശയാതീതമാണ്. നിരൂപകന്‍ മുന്‍ വിധിയോടെ നിരൂപണം നടത്തുന്നത് ശരിയല്ല. നിരൂപണം എഴുതുമ്പോഴും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണം. ഭാഷയില്‍ സഭ്യത പാലിക്കണം.

13. എന്തുകൊണ്ട് നിങ്ങള്‍ ഒരു കവിയോ, കഥാക്രുത്തോ, ലേഖകനോ, നോവലിസ്‌റ്റോ ആയി? നിങ്ങളിലെ എഴുത്തുകാരനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു. എപ്പോള്‍

.അദ്ധ്യാപികയായ മാതാവിന്റെ പ്രോത്സാഹനം എനിക്ക് ലഭിച്ചിരുന്നു. ചെറുപ്പം മുതല്‍ അദ്ധ്യാപകരില്‍ നിന്നു കിട്ടിയ പ്രോത്സാഹനവും എന്റെ സാഹീതിജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ട് വളരെ ചെറുപ്പത്തിലേ കവിതകളും ചെറുകഥകളും എഴുതി. 

14. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ (എഴുത്തുകാരന്റെ/ കാരിയുടെ പേരല്ല, രചനയുടെ വിവരങ്ങള്‍) നിങ്ങള്‍ക്കിഷ്ടമായത്? 

മലയാളിയില്‍ പ്രത്യക്ഷപ്പെടുന്ന വാല്‍ക്കണ്ണാടി, പകല്‍ക്കിനാവ്, നിരൂപ ണങ്ങള്‍ , ചില കവിതകള്‍, പുത്തന്‍ അറിവ് പകരുന്ന ലേഖനങ്ങള്‍ ഇവയെല്ലാം, ഞാനിഷ്ടപ്പെടുന്നു. 

15. എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു

ഒരു പ്രത്യേക മാധ്യമത്തിനുവേണ്ടി മാത്രമായി എഴുതുന്ന രചനകളെ ഒഴിച്ചുനിര്‍ത്തി , മറ്റു രചനകള്‍ വിവിധ മാദ്ധ്യമങ്ങളില്‍ കൊടുക്കുന്നത്‌കൊണ്ട് ദോഷമില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ട് കൂടുതല്‍ വായനക്കാര്‍ ഉണ്ടാകുമെന്നുള്ള നിര്‍ദോഷമായ അഭിപ്രായമാണെനിക്കുള്ളത്. 

16. അമേരിക്കന്‍ മലയാളി വായനകാരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

അമേരിക്കന്‍ മലയാളി വായനക്കാര്‍ മിക്കവാറും അഭ്യസ്തവിദ്യരാണ്. രചനകളുടെ നന്മതിന്മവശങ്ങളെക്കുറിച്ച് ഉള്‍ക്കൊള്ളാനും കഴിവുള്ളവരാണ്. അവരുടെ ആത്മാര്‍തഥമായ അഭിപ്രായത്തില്‍ സാഹിത്യത്തെ വളര്‍ത്തേണ്ടതാണ്. പലതും തളര്‍ത്തുന്ന വിധത്തിലുമാണ്.

17. ഇ-മലയാളിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്തു സഹായ-സഹകരണങ്ങള്‍ നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.

. സാഹിത്യനിലവാരമുള്ള രചനകള്‍കൊണ്ട് ഇമലയാളിയുടെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കാന്‍ ഒരു എഴുത്തുകാരന് കടമയുണ്ട്. ഒപ്പം ഈ പ്രയാണത്തിന് സാമ്പത്തികമായ ആവശ്യങ്ങളെ നേരിടേണ്ടിവരുമെന്ന ബോധ്യവും ഉണ്ടായിരിക്കുന്നത് നല്ലതാണ്.


see also
പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം) 

ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)
താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )
താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )
താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )
Join WhatsApp News
mathew v zacharia 2018-09-12 13:00:13
Very impressive. Let your writing be blessing to all.
Mathew V. Zacharia, New Yorker

Ponmelil Abraham 2018-09-12 21:13:30
I am happy to learn that E-Malayalee has selected for a literary award this year. Congratulations and best wishes for you and your family on this remarkable achievement which was long overdue considering your contributions for Malayalee readers everywhere.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക