Image

ജെയ്‌റ്റ്‌ലി-മല്യ കൂടിക്കാഴ്‌ചയ്‌ക്ക്‌ സാക്ഷിയെ ഹാജരാക്കി രാഹുല്‍ ഗാന്ധി

Published on 13 September, 2018
ജെയ്‌റ്റ്‌ലി-മല്യ കൂടിക്കാഴ്‌ചയ്‌ക്ക്‌ സാക്ഷിയെ ഹാജരാക്കി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ലണ്ടനിലേക്ക്‌ നാടുവിടുന്നതിനു മുമ്പ്‌ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ നേരിട്ടു കണ്ട്‌ ഇക്കാര്യം അറിയിച്ചിരുന്നെന്ന വിജയ്‌ മല്യയുടെ ആരോപണം ശരിവെച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജെയ്‌റ്റ്‌ലി കള്ളം പറയുകയാണെന്നും ഈ സന്ദര്‍ശനത്തിന്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍ സാക്ഷികളായുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മല്യയെ ജെയ്‌റ്റ്‌ലി കണ്ടതിന്‌ താന്‍ സാക്ഷിയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ പി.എല്‍ പുനിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആ കൂടിക്കാഴ്‌ച പതിനഞ്ചു മിനിറ്റ്‌ നീണ്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.


മല്യ-ജെയ്‌റ്റ്‌ലി കൂടിക്കാഴ്‌ചയെക്കുറിച്ച്‌ താന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നതാണെന്നും പുനിയ പറഞ്ഞത്‌. 'ഏതാണ്ട്‌ ഒന്നര വര്‍ഷം മുമ്പാണ്‌ അത്‌ ചെയ്‌തത്‌. അതിനുശേഷം ജെയ്‌റ്റ്‌ലി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തു. പക്ഷേ കൂടിക്കാഴ്‌ചയെക്കുറിച്ച്‌ ഒരുവാക്കുപോലും മിണ്ടിയിട്ടില്ല. അത്‌ വിശ്വാസ വഞ്ചനയാണ്‌. ആ കൂടിക്കാഴ്‌ചയുടെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്‌. പറഞ്ഞത്‌ തെറ്റെന്ന്‌ തെളിഞ്ഞാല്‍ ഞാന്‍ രാഷ്ട്രീയം വിടാം. അല്ലെങ്കില്‍ ജെയ്‌റ്റ്‌ലി വിടണം.' എന്നും പുനിയ പറഞ്ഞു.

സര്‍ക്കാര്‍ എല്ലാവിഷയത്തിലും കള്ളം പറയുകയാണ്‌. റാഫേല്‍ കരാര്‍, വിജയ്‌ മല്യയുടെ നാടുവിടല്‍ അങ്ങനെ എല്ലാ വിഷയത്തിലും. അദ്ദേഹത്തിന്‌ സുഖമായി നാടുവിടാനുള്ള സൗകര്യം ധനമന്ത്രിയാണ്‌ ഒരുക്കിക്കൊടുത്തതെന്നും രാഹുല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക