Image

ഫ്രാങ്കോ എന്റെ നല്ലൊരു സുഹൃത്ത്, എന്റെ സഹോദരിമാര്‍ നീതിക്കുവേണ്ടി നിലവിളിക്കുമ്പോള്‍ ഞാന്‍ ആരുടെ പക്ഷത്ത് നില്‍ക്കണം...നെഞ്ചില്‍ തറയ്ക്കുന്ന ചോദ്യവുമായി ഫാ.സുരേഷ് മാത്യു

Published on 14 September, 2018
ഫ്രാങ്കോ എന്റെ നല്ലൊരു സുഹൃത്ത്, എന്റെ സഹോദരിമാര്‍ നീതിക്കുവേണ്ടി നിലവിളിക്കുമ്പോള്‍ ഞാന്‍ ആരുടെ പക്ഷത്ത് നില്‍ക്കണം...നെഞ്ചില്‍ തറയ്ക്കുന്ന ചോദ്യവുമായി ഫാ.സുരേഷ് മാത്യു
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ നീതിതേടി തെരുവില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കപ്പൂച്ചിന്‍ വൈദികനായ ഡോ.സുരേഷ് മാത്യൂ നടത്തിയ വികാരപരമായ പ്രസംഗം സഭയുടെയും സര്‍ക്കാരിന്റേയും നേര്‍ക്കുള്ള വലിയൊരു ചോദ്യമായി മുഴങ്ങുന്നു. ബിഷപ്പ് ഫ്രാങ്കോ തന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ തന്റെ സഹോദരിമാര്‍ നീതിക്കുവേണ്ടി തെരുവില്‍ നിലവില്‍ക്കുമ്പോള്‍ താന്‍ അവര്‍ക്കൊപ്പം മാത്രമേ നില്‍ക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഹൈക്കോടതിക്കു സമീപം വഞ്ചി സ്‌ക്വയറില്‍ നടക്കുന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത് വ്യാഴാഴ്ച അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:

ജലന്ധറില്‍ പഠിച്ച വ്യക്തിയാണ് ഞാന്‍. നിങ്ങള്‍ അവിടെ പഠനത്തില്‍ ആയിരിക്കുമ്പോള്‍ ട്രിനിറ്റി കോളജില്‍ തിയോളജി പഠിച്ച് 2001 ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് പുറത്തേക്ക് വന്നയാളാണ് ഞാന്‍. ഫ്രാങ്കോ പിതാവ് എന്റെ നല്ലൊരു സുഹൃത്തായിരുന്നു. ആ ഞാന്‍ പഠിച്ച് സ്ഥലത്തെ പിതാവിനെതിരെ, എന്റെ സുഹൃത്തായ ഫ്രാങ്കോ പിതാവിനെതിരെ കഴിഞ്ഞ ദിവസം ഒരു തുറന്ന കത്ത് എഴുതിയിരുന്നു. അതിനു ശേഷം മാധ്യമചര്‍ച്ചയിലും പങ്കെടുത്തിരുന്നു. കപ്പൂച്ചിന്‍ സഭയിലെ പിതാവ് സ്ഥാപിച്ച രൂപതയിലെ എന്റെ സഹോദരിമാര്‍ ഇവിടെ നീതിക്കു വേണ്ടി നിലവിളിക്കുമ്പോള്‍ ഞാന്‍ ആരുടെ പക്ഷത്താണ് നില്‍ക്കേണ്ടത് എന്ന ചോദ്യം ഉയരുകയാണ്. എന്റെ കൂട്ടുകാരനായ ഫ്രാങ്കോ പിതാവിന്റെ കൂട്ടത്തില്‍ നില്‍ക്കണോ അതോ നീതിക്കു വേണ്ടി നിലവിളിക്കുന്ന ഈ കന്യാസ്ത്രീകളുടെ കൂട്ടത്തില്‍ നില്‍ക്കണമോ എന്ന ചോദ്യമാണ് എനിക്ക്. പട്ടം കിട്ടിയിട്ട് 17 വര്‍ഷത്തിനിടെ ജീവിതത്തില്‍ ആദ്യമായാണ് പരസ്യമായി തെരുവില്‍ നിന്ന് പ്രസംഗിക്കേണ്ടിവരുന്നത്.

ഇന്ന് ഞാന്‍ ഇവിടേക്ക് വരുന്നത് അറിഞ്ഞ് ഒത്തിരിപേര് എന്നെ ചോദ്യം ചെയ്തു. തുറന്ന കത്ത് വായിച്ച് പലരും എന്നെ വിമര്‍ശിച്ചു. തുറന്ന കത്തിന്റെ ഉള്ളടക്കം എന്റെ സുഹൃത്തായ ഫ്രാങ്കോ പിതാവ് രാജിവയ്ക്കണം, സ്ഥാനത്തുനിന്ന് മാറിപ്പോകണം എന്നാവശ്യപ്പെട്ടു കഴിഞ്ഞപ്പോള്‍ എനിക്കാദ്യം മറുപടി തന്നത് ഫ്രാങ്കോ പിതാവ് തന്നെയാണ്. കണ്ണീരോടു കൂടിയാണ് ഞാന്‍ കത്തയച്ചതും അദ്ദേഹത്തിന്റെ മറുപടി വായിച്ചതും. പക്ഷേ, ആ ജലന്ധറില്‍ പഠിച്ച ഞാന്‍, എന്നെ പഠിപ്പിച്ച ഗുരുനാഥന്‍മാര്‍ എപ്പോഴും സത്യത്തിനും നീതിക്കും പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ പോയി നില്‍ക്കണമെന്നാണ് പഠിപ്പിച്ചത്. അങ്ങനെയാണെങ്കില്‍ ഞാന്‍ പഠിച്ച സ്ഥാപനത്തോടും എന്നെ പഠിപ്പിച്ച ജലന്ധറിലെ ഗുരുനാഥന്മാരോടും ഒരു ഗുരുദക്ഷിണയായാണ് ഇന്ന് ഇവരോടുള്ള എന്റെ ഐക്യദാര്‍ഢ്യം.

പലരും ചോദിച്ചു, ഇവരുടെ പുറകില്‍ സാത്താന്‍ സേവ നടത്തുന്നവരും ചര്‍ച്ച് ആക്ട് പ്രവര്‍ത്തകരുമാല്ലേ... പക്ഷേ ഞാന്‍ അതേകുറിച്ച് ആശങ്കപ്പെടുന്നില്ല. എന്റെ സംബന്ധിച്ചിടത്തോളം എന്റെ പെങ്ങള്‍മാരാണ് ഇവിടെ നീതിക്കു വേണ്ടി അപേക്ഷിക്കുന്നത്. പക്ഷേ, ഞാന്‍ ആദ്യത്തെ ദിവസം മുതല്‍, ഈ സംഭവം പുറത്തുവരുന്നതിനു മുന്‍പ്, ഈ സംഭവം മാധ്യമങ്ങളില്‍ വരുന്നതിനു മുന്‍പ് ഞാനും പിതാവും തമ്മില്‍ സംസാരിച്ചതാണ്. ആദ്യം തന്നെ ഞാന്‍ ഈ കന്യാസ്ത്രീകള്‍ക്കു മുന്നില്‍, നിങ്ങള്‍ക്കു മുന്നില്‍ മാപ്പുചോദിക്കുകയാണ്, ഞാന്‍ ചെയ്തുപോയ ഒരു തെറ്റിന്. ഈ സംഭവം മാധ്യമങ്ങളില്‍ വരുന്നതിനു രണ്ടു ദിവസം മുന്‍പ് ഞാന്‍ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു വിശ്വസിച്ച് ഈ കന്യാസ്ത്രീകള്‍ക്കെതിരെ എന്റെ വീക്ക്‌ലിയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പിതാവിനെ ചോദ്യം ചെയ്ത്, കന്യാസ്ത്രീകളെ ചോദ്യം ചെയ്ത് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിന്റെ പേരില്‍ ഞാന്‍ പരസ്യമായി മാപ്പുചോദിക്കുന്നു.
ഇന്നും എന്റെ പ്രശ്‌നം രണ്ടാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം. അതുണ്ടോ ഇല്ലയോ എന്ന് ചിന്തിക്കാനുള്ള ബോധം ചോറ് കഴിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. കേരള ചരിത്രത്തില്‍ ഒരു ബലാത്സംഗക്കേസിലും ഇതുപോലെ അന്വേഷണം വച്ചുനീട്ടിയിട്ടില്ല. ഇവിടെ അന്വേഷണം മൂന്നു മാസം ആകുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നില്ല. തീര്‍ച്ചയായും അതിന്റെ പിന്നില്‍ എന്തൊക്കെയോ ശക്തികള്‍ ഉണ്ട് എന്നതില്‍ ഒു സംശയവും ഇല്ല. സര്‍ക്കാരിനോടുള്ള എന്റെ അപേക്ഷ. നിങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റു ചെയ്യാന്‍ വിമുഖത കാണിക്കരുത്. അറസ്റ്റു ചെയ്തതിന്റെ പേരില്‍ ഒരു മണ്ഡലത്തിലും ഒരു വോട്ട്‌പോലും നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നില്ല.
രണ്ടാമതായി, സഭയുടെ നേതൃത്വത്തിലുള്ള നിശബ്ദത. ഈ സംഭവം പുറത്തുവന്നതു മുതല്‍ സി.ബി.സി.ഐയുടെ തലപ്പത്തുള്ള പലരോടും ഞാന്‍ സംസാരിച്ചു. അന്വേഷണം നടക്കുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങളുണ്ട്. സത്യമെന്താണെന്നറിയാന്‍ കാത്തിരിക്കാം എന്നാണ് പറഞ്ഞത്. സത്യമെന്താണെന്ന് അറിയാന്‍ കാത്തിരിക്കാമെന്ന് പറഞ്ഞു. അത് ഞാന്‍ അംഗീകരിച്ചു. സത്യം എന്താണെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ മൂന്നു മാസമായിട്ടും സഭയുടെ നേതൃത്വത്തില്‍ നിന്ന്, ഞാന്‍ സഭയെ സ്‌നേഹിക്കുന്ന വ്യക്തിയാണ്‌റിബല്‍ അല്ല, ഞാന്‍ ഒരു ഇടവക വികാരിയാണ്. ഇങ്ങനെ കുറച്ച് സിസ്‌റ്റേഴ്‌സ് വഴിയില്‍ കിടക്കുമ്പോള്‍ എന്താണ് ഒരു അച്ചനും ബിഷപ്പും തിരിഞ്ഞുനോക്കാത്തതെന്ന് എന്റെ ഇടവക ജനം ചോദിക്കുമ്പോള്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ ഞാന്‍ വിഷമിക്കുകയാണ്. ആ വികാരം തന്നെയാണ് കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കും. സത്യം അറിയണം. അത് തടയുന്നത് ആരായാലും മാറ്റിവയ്ക്കണം.

സഭയുടെ ഭാഗത്തുനിന്നുള്ള നിസ്സംഗത. കെ.സി.ബി.സിയുടെ കഴിഞ്ഞ ദിവസത്തെ സര്‍ക്കുലര്‍ വായിച്ചു. ഒത്തിരിയേറെ വിഷമം തോന്നി. ഇത്രയേറെ നമ്മുക്ക് അധപതിക്കാന്‍ കഴിയുന്നോ? ആ പ്രസ്താവന ഇറക്കിയവരോട് എനിക്ക് പറയാനുള്ള നിങ്ങളെ 'പ്രവാചകരുടെ പുസ്തകം' പഠിപ്പിച്ച ആ ക്ലാസില്‍ ഒന്നുകൂടി പോയിരിക്കുക. എന്നെ ആ പുസ്തകം പഠിപ്പിച്ചത് മംഗലപ്പുഴ സെമിനാരിയിലെ മാനന്തവാടി രൂപതക്കാരനായ വൈസ് റെക്ടറായിരുന്ന തൊണ്ടിപ്പറമ്പില്‍ അച്ചനാണ്. അദ്ദേഹം പഠിപ്പിച്ചത് നീതിക്കു വേണ്ടി നിലകൊള്ളാനാണ്. സ്‌നാപക യോഹന്നാന്റെ ജീവിതം അനീതിക്കെതിരെ അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തി സംസാരിക്കാനാണ്. ഈശോയെ 33ാമത്തെ വയസ്സില്‍ കുരിശിലേറ്റിയെങ്കില്‍ അദ്ദേഹത്തിന്റെ നാവ് മോശമായതുകൊണ്ടല്ലേ? സത്യം പറഞ്ഞതുകൊണ്ടല്ല. മറ്റുള്ള പുരോഹിതഗണത്തെ പോലെ ആചാരങ്ങള്‍ മാത്രം നടത്തിക്കൊണ്ടുപോയിരുന്നുവെങ്കില്‍ അദ്ദേഹത്തെ ആരും ക്രൂശിക്കില്ലായിരുന്നു. സത്യം പറയണം, സത്യത്തിനു വേണ്ടിനിലകൊള്ളണം നീതിക്കു വേണ്ടി നിലകൊള്ളണം, അതില്ലായെങ്കില്‍ ഈ ഉടുപ്പിന് അര്‍ത്ഥമില്ലാ എന്നാണ് പ്രവാചക സമാനമായ വ്യക്തിത്വം മാമോദീസയില്‍ സ്വീകരിച്ച ഒരോ ക്രിസ്ത്യാനിയും മനസ്സിലാക്കേണ്ടത്. തിയോളജിയില്‍ പഠിപ്പിക്കുന്നതാണ് പ്രവാചക സമാനമായ വ്യക്തിത്വം ഓരോ വ്യക്തിക്കും ഉണ്ടെന്നുള്ളത്. 

അനീതിക്കെതിരെ, ഈ നിസ്സംഗതയ്‌ക്കെതിരെ സംസാരിക്കുന്നതാണ് പ്രവാചക സമാനമായ വ്യക്തിത്വം. ഇന്ന് ഇതുകഴിഞ്ഞ് ചെല്ലുമ്പോള്‍ എന്നെ കാത്തിരിക്കുന്ന വിധി എന്താണെന്ന് അറിയില്ല. എഡിറ്റര്‍ സ്ഥാനത്തുനിന്ന് എന്നെ മാറ്റിയാലും കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമാണ്. സി.ബി.സി.ഐ തുടങ്ങി വച്ചതാണ്. കഴിഞ്ഞ നാലര വര്‍ഷമായി അതിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്തിരുന്നുകൊണ്ട് ചില രാഷ്ട്രീയ അജണ്ടകള്‍ക്കെതിരെ ശക്തമായി എഴുതിക്കൊണ്ടിരിക്കുന്നതാണ് ഇന്ത്യന്‍ കറന്റ്‌സ്. കേരളത്തിലെ നല്ലൊരു ശതമാനം എം.പിമാരും എനിക്ക് അഭിമുഖം നല്‍കിയിട്ടുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പ്രകടമാക്കിയിട്ടുണ്ട്. അങ്ങനെ വലിയൊരു സ്ഥാനത്തിരിക്കുന്ന എന്നെ തിരിച്ചുചെല്ലുമ്പോള്‍ മാറ്റിയെന്നു വരും. പക്ഷേ എനിക്ക് ദുഃഖമുണ്ടാവില്ല. കാരണം നീതിക്കുവേണ്ടിയുള്ള നിലവിളിക്കൊപ്പമാണ് ഞാന്‍ ഇന്ന് ഇവിടെ നിലകൊണ്ടത് എന്നുള്ള എന്റെ മനസ്സിലെ ഉറപ്പാണ്.

സിസ്‌റ്റേഴ്‌സ്, നിങ്ങളുടെ മറ്റ് സഹോദരിമാര്‍ നിങ്ങള്‍ക്കെതിരെ തീരുമാനങ്ങളെടുക്കാന്‍ കൗണ്‍സില്‍ കൂടിയെന്ന് സര്‍ക്കുലറില്‍ നിന്ന് വായിച്ചപ്പോള്‍ പുച്ഛമാണ് ആ സര്‍ക്കുലറിനോട് തോന്നിയത്. നിങ്ങള്‍ നിത്യവ്രതം നടത്തിയവരാണ്. നിങ്ങളുടെ പരാതി സഭയുടെ തലങ്ങളില്‍ ഉയര്‍ത്തിയവരാണ്. നിങ്ങള്‍ക്ക് നീതി ലഭിക്കാതെ വന്നപ്പോഴാണ് തെരുവിലേക്ക് വന്നത്. എന്റെ സുഹൃത്ത് ബിഷപ്പ് ഫ്രാങ്കോ ഇപ്പോള്‍ രാജിവച്ച് പോയാല്‍ ഏറ്റവുമധികം സന്തോഷിക്കുക ഞാനായിരിക്കും. എന്റെ സുഹൃത്താണ്. പക്ഷേ പ്രാര്‍ത്ഥന ആ വെളിപാട് അദ്ദേഹത്തിന് ലഭിക്കട്ടെ എന്നതാണ്. അദ്ദേഹം മാറിനില്‍ക്കണമെന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച മുംബൈയിലെ കത്തോലിക്കാ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. അദ്ദേഹത്തിന്റെ വക്താവ് ഫാ.നൈജില്‍ ബാരട്ട്, അങ്ങനെയുള്ളവരെ നിങ്ങള്‍ സാത്താന്‍ സേവക്കാരുടെ കൂടെ കൂട്ടാന്‍ പ്ലാനുണ്ടെങ്കില്‍ എന്നേയും കൂട്ടിക്കൊള്ളുക. മാര്‍പാപ്പായുടെ ഉപദേശകരില്‍ ഒരാളായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനേയും അദ്ദേഹത്തിന്റെ വക്താവിനേയും സാത്താന്‍ സേവക്കാരാണെന്ന് പറഞ്ഞ് മുദ്രകുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അങ്ങനെ മുദ്രകുത്തപ്പെടുന്നതില്‍ ഞാനും ഒരിക്കലും വ്യസനിക്കുന്നില്ല. പ്രിയ സഹോദരിമാരെ നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ന്യായം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

കപ്പൂച്ചിന്‍ സഭയുടെ ജസ്റ്റീസ് ആന്റ് പീസ് കമ്മ്യുണിറ്റിയുടെ ഇന്ത്യന്‍ പ്രതിനിധി ഫാ.ജേക്കബ് കണി നിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ആ ഐക്യദാര്‍ഢ്യം നിങ്ങള്‍ക്ക് ഞാന്‍ നേരുന്നു. 

(ഫാ.സുരേഷ് മാത്യൂ കപ്പൂച്ചിന്‍ , എഡിറ്റര്‍, ഇന്ത്യന്‍ കറന്റ്‌സ് വീക്ക്‌ലി )

Join WhatsApp News
എനിക്ക് ദാഹിക്കുന്നു - നീതി 2018-09-14 16:23:33

None must be above the Law and no one should get special privileges due to their ‘social positions’. There should not be a difference in how the Law is enforced. Nun, priest, bishop- they have no speciality. It is a profession they chose to make a living.

Each and all must be treated equal – that is Democracy & civilized Ethics.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക