Image

കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എം.എം. ഹസന്‍

Published on 17 September, 2018
കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന്  എം.എം. ഹസന്‍
 കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. എ.ഐ.സി.സി പറഞ്ഞിട്ട് അദ്ദേഹം രാജി വച്ചു. ചാരക്കേസുമായി അതിനൊന്നും ബന്ധമില്ലെന്നതാണ് വസ്തുതയെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ഹസന്‍ പറഞ്ഞു. നരസിംഹ റാവുവാണ് കരുണാകരനെ ചതിച്ചത് എന്ന കെ.മുരളീധരന്‍ പറഞ്ഞതിനെപ്പറ്റി, ആരാണ് ചതിച്ചത് എന്ന് പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ല എന്നായിരുന്നു ഹസന്റെ മറുപടി. മുരളീധരന്‍ പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്. അതൊരു പൊതുചര്‍ച്ചയാക്കാനില്ല. മുരളീധരന്‍ കെ.പി.സി.സി യോഗത്തില്‍ പറഞ്ഞാല്‍ മറുപടി പറയാം. ഇപ്പോള്‍ ഇതേപ്പറ്റിയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. ആ രണ്ട്പേരും നമ്മോടൊപ്പമില്ല. പത്മജ പറഞ്ഞതിനെപ്പറ്റി അവരോട് ചോദിക്കണം.

എല്ലാം ചാരം മൂടിക്കിടക്കുന്ന ചരിത്രമാണ്. അതിലെ ചാരം മാറ്റേണ്ട സാഹചര്യമില്ല. മുരളി തന്നെ പറഞ്ഞത് പോലെ ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ഗുണകരമല്ല. പാര്‍ട്ടിക്ക് ആരോഗ്യമില്ലെന്നാണോ എന്ന ചോദ്യത്തിന്, പനിയോ ക്ഷീണമോ വന്നാല്‍ മൊത്തം ആരോഗ്യമില്ല എന്ന് പറയാനാവില്ലെന്നായിരുന്നു മറുപടി. കന്യാസ്ത്രീകളുടെ ധര്‍മ്മസമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. കോണ്‍ഗ്രസ് വനിതാനേതാക്കള്‍ അവരെ സന്ദര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ആ സമരം ഏറ്റെടുക്കുന്ന സാഹചര്യമില്ല. അങ്ങനെയുണ്ടെങ്കില്‍ അപ്പോള്‍ നോക്കാം. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തീരുമാനിക്കേണ്ടതാണെന്നായിരുന്നു മറുപടി. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന തോന്നല്‍ ഇക്കാര്യത്തില്‍ ജനങ്ങളിലുണ്ട്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ വിവാദങ്ങളുടെ പ്രളയമാണ്. പത്തനംതിട്ട ജില്ലയില്‍ 788 ഉദ്യോഗസ്ഥരെ ഫണ്ട്പിരിവിന് ചുമതലപ്പെടുത്തിയതോടെ അവിടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. പ്രളയാനന്തരമുണ്ടായ പ്രതിഭാസങ്ങളെ ദുരന്തനിവാരണ അതോറിറ്റി കാണുന്നില്ല. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട സുപ്രധാനതീരുമാനങ്ങളെടുക്കേണ്ട സമയത്താണ് രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തത്. ഡാംസുരക്ഷാ അതോറിറ്റി വിദഗ്ധരെ വച്ച്‌ പുന:സംഘടിപ്പിക്കണം. ഈ പോക്ക് പോയാല്‍ തുലാമഴ കനത്താല്‍ എന്ത് ചെയ്യുമെന്നും ഹസന്‍ ചോദിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക