Image

അശോകന്‍ വേങ്ങശ്ശേരിയുടെ Sree Narayana Guru - The Perfect Union of Buddha and Sankara (സുരേന്ദ്രന്‍ നായര്‍)

സുരേന്ദ്രന്‍ നായര്‍ Published on 28 September, 2018
അശോകന്‍ വേങ്ങശ്ശേരിയുടെ Sree Narayana Guru - The Perfect Union of Buddha and Sankara (സുരേന്ദ്രന്‍ നായര്‍)
അമേരിക്കന്‍ മലയാളസാഹിത്യ ലോകത്തു സുപരിചിതനായ അശോകന്‍ വേങ്ങശ്ശേരിയുടെ Sree Narayana Guru - the Perfect union of Buddha and Sankara എന്ന ഇംഗ്ലീഷ് പുസ്തകം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ന്യൂഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകന്മാരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. ദീര്‍ഘകാലത്തെ അമേരിക്കന്‍ ജീവിതത്തിന്റെ അനുഭവസീമയില്‍ നിന്നുകൊണ്ട് ചരിത്ര സ്മൃതികളിലൂടെയും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളിലൂടെയും താന്‍ നടത്തിയ യാത്രകള്‍ അശോകന്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും അവയെല്ലാം ക്രോഡീകരിച്ചു അമേരിക്കന്‍ ഡയറിയെന്ന ലേഖനസമാഹാരം 2004 ല്‍ പുസ്തകമായി പുറത്തുവരികയും ചെയ്തിരുന്നു. താരതമ്യേന കുറഞ്ഞ സമയം കൊണ്ടു പൂര്‍ത്തീകരിക്കാവുന്ന ഉപന്യാസങ്ങളുടെ മേഖലവിട്ടു നാരായണഗുരുവിന്റെ സംഭവ ബഹുലമായ ജീവിതാവഴികളിലൂടെയുള്ള അസാധാരണമായ ഒരന്വേഷണമാണ് മുന്നൂറില്‍ പരം പുറങ്ങളുള്ള ബ്രഹത്തായ ഈ ജീവചരിത്ര ഗ്രന്ഥം. മഹാകവി കുമാരനാശാന്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ തുടങ്ങി നിത്യചൈതന്യ യതിവരെയുള്ള ലബ്ധപ്രതിഷ്ടിതര്‍ വിശകലനത്തിന് വിധേയമാക്കിയ ഒരു വിഷയം വീണ്ടും ഏറ്റെടുക്കാന്‍ ഗ്രന്ഥകാരന്‍ തയ്യാറായത് തന്റെ തീവ്രമായ യോഗസാധന ഒന്നുകൊണ്ടു മാത്രമാണെന്ന് കരുതുന്നു.

                    പ്രകാശിതമായ ആഖ്യായികകളില്‍ നിന്നും അന്യമായി ഈ കൃതിയില്‍ എഴുത്തുകാരന്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത് ദുരുദേവ ദര്ശനങ്ങളിലെ ശങ്കര ബുദ്ധ  സന്ദേശങ്ങളുടെ സമര്‍ഥമായ സമന്വയമാണ്. സമകാലീനനല്ലാത്ത ഒരാളുടെ  ജീവചരിത്ര നിര്മിതിയിലെ വിവരശേഖരങ്ങള്‍ക്കായി പുറപ്പെടുമ്പോള്‍ പൊരുത്തമില്ലാത്തതും പരസ്പര വിരുദ്ധങ്ങളുമായ വസ്തുതകള്‍ കടന്നു വരാറുണ്ട്. തികഞ്ഞ അവധാനതയോടെ അവയിലെ നെല്ലും പതിരും വേര്‍തിരിച്ചു വൈരുധ്യങ്ങളും അതിശയോക്തികളും പരമാവധി ലഖൂകരിച്ചു ചരിത്രകാല ഗഗനതയോടെ ആസ്വാദ്യതക്കു ഭംഗം വരുത്താതെ ക്രമീകരിക്കുവാന്‍ ഗ്രന്ഥകാരന്‍ ആദ്യാവസാനം ശ്രദ്ധിച്ചിരിക്കുന്നതായി കാണാം. 

ആത്മാഖ്യാനത്തിന്റെ അതിവൈകാരികതയില്‍ തളച്ചിടപ്പെട്ട ഒരു ജനതയുടെ ജാതിബോധത്തെ മറികടക്കുകയെന്ന സാഹസിക ദൗത്യം ഏറ്റെടുത്ത ഗുരുവിന്റെ ജീവിതത്തെ അമാനുഷികതയുടെ ആശ്ചര്യമില്ലാതെ വെളിപ്പെടുത്താന്‍ കഴിഞ്ഞതില്‍ എഴുത്തുകാരനെ തന്റെ പ്രതിഭ മൗലികതയും പ്രയത്‌നശാലിത്വവും സഹായിച്ചിരിക്കുന്നു.
            ഒരു മഹാസന്യാസിയുടെ ജനനം മുതല്‍ സമാധിവരെയുള്ള ജീവിതപാതകള്‍ നിരീക്ഷണ പാടവത്തോടെ പിന്തുടരുകയും മേഘജ്യോതിസ്സുപോലെ ഉയര്‍ന്നുവന്ന ഉത്‌ബോധനങ്ങളെ അന്തസത്ത ചോരാതെയും സ്വന്തമായ ദാര്‍ശനിക പരികല്പനകള്‍ പകര്‍ന്നും വായനക്കാരെ തൃപ്തിപ്പെടുത്താന്‍ പുലര്‍ത്തിയ ജാഗ്രതയും അഭിനന്ദനം അര്‍ഹിക്കുന്നു. 

                 എഴുത്തുകൊണ്ടും ജീവിതം കൊണ്ടും ചരിത്രം രചിച്ച ഗുരുദേവന്റെ അനുയായികളായി വന്ന പലരും സ്വന്തം സൈദ്ധാന്തിക ഭുമികയ്ക്ക് അനുസൃതമായി ഗുരുവിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, അത്തരത്തിലുള്ള പല നിഗമനങ്ങളേയും ഈ പുസ്തകം തിരുത്തുന്നു.

        യോഗസാധനയിലൂടെയും നിരന്തര ധ്യാനത്തിലൂടെയും അദൈതത്തിന്റെ ആഴമറിഞ്ഞ ഗുരുവും വേദപഠനം കുത്തകയാക്കി വച്ചിരുന്ന ബ്രാഹ്മണ പൗരോഹിത്യത്തെ ശുദ്ധമായ വേദാന്ത ഭാഷയില്‍ വെല്ലുവിളിച്ച ആധ്യാത്മിക ജ്യോതിസ് ചട്ടമ്പി സ്വാമികളും തമ്മിലുണ്ടായിരുന്ന ബന്ധം കേവലം ഭൗതികമായിരുന്നോ , സവര്‍ണ്ണ പീഠനം സഹിക്കാതെ ഹിന്ദുമതം ഉപേക്ഷിക്കാന്‍ അനുവാദം ചോദിച്ച അനുയായികള്‍ക്കായി ഗുരു നല്‍കിയ ഉപദേശം എന്തായിരുന്നു, ഹരിജനോദ്ധാരണം ജീവിതവൃതമായി സ്വീകരിച്ച ഗാന്ധിജിയെ ഗുരുദേവന്റെ ജാതിനിര്‍മ്മാര്‍ജ്ജന യജ്ഞങ്ങള്‍ എങ്ങനെയാണു സ്വാധിനിച്ചതു, ആദ്യ സന്നര്‍ശനത്തിലൊതുങ്ങാതെ വീണ്ടും ഗാന്ധിയെന്തിന് ശിവഗിരിയിലെത്തി, വിശ്വമഹാകവി ടാഗോര്‍ ഗുരുദേവന്റെ പ്രാര്‍ത്ഥനാഗീതങ്ങളില്‍ എത്രത്തോളം ആകൃഷ്ടനായിരുന്നു തുടങ്ങി നിരവധി സമസ്യകളിലേക്ക് നീളുന്ന ഈ പുസ്തകത്തിലെ അന്വേഷണങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്കും ആദ്ധ്യാത്മിക അന്വേഷകര്‍ക്കും ഒരുപോലെ വഴികാട്ടി ആയിരിക്കുമെന്ന് നിസ്സംശയം പറയാം.

അശോകന്‍ വേങ്ങശ്ശേരിയുടെ Sree Narayana Guru - The Perfect Union of Buddha and Sankara (സുരേന്ദ്രന്‍ നായര്‍)
അശോകന്‍ വേങ്ങശ്ശേരിയുടെ Sree Narayana Guru - The Perfect Union of Buddha and Sankara (സുരേന്ദ്രന്‍ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക