Image

5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്‌

Published on 06 October, 2018
5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്‌

ന്യൂഡല്‍ഹി: രാജ്യത്ത്‌ വീണ്ടും തെരഞ്ഞെടുപ്പ്‌. അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ തീയതികളാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രഖ്യാപിച്ചത്‌. നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്‌ നടക്കും.

മധ്യപ്രദേശ്‌, മിസോറാം നിയമസഭകളിലേക്ക്‌ ഒറ്റഘട്ടമായി നവംബര്‍ 28നാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. ഛത്തീസ്‌ഗഡില്‍ രണ്ട്‌ ഘട്ടമായാണ്‌ വോട്ടെടുപ്പ്‌. ആദ്യഘട്ടം നവംബര്‍ 12നും രണ്ടാംഘട്ടം 20നും നടക്കും. രാജസ്ഥാനിലും മിസോറാമിലും ഒറ്റഘട്ടമായി ഡിസംബര്‍ ഏഴിനാണ്‌ വോട്ടെടുപ്പ്‌ നടക്കുക.

അഞ്ച്‌ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഒ.പി.റാവത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

ഛത്തീസ്‌ഗഡ്‌ നിയമസഭയുടെ കാലാവധി 2019 ജനുവരി അഞ്ചിനാണ്‌ അവസാനിക്കുന്നത്‌. മധ്യപ്രദേശില്‍ ജനുവരി ഏഴിനും രാജസ്ഥാനില്‍ ജനുവരി 20നും മിസോറാമില്‍ ജനുവരി 20നുമാണ്‌ കാലാവധി തീരുക. തെലങ്കാന നിയമസഭ സെപ്‌തംബറില്‍ പിരിച്ചുവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക