Image

ശബരിമല: സ്ത്രീകള്‍ക്കുവേണ്ടി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം കമ്മീഷണര്‍

Published on 07 October, 2018
ശബരിമല: സ്ത്രീകള്‍ക്കുവേണ്ടി സൗകര്യങ്ങള്‍ ഒരുക്കുമെന്ന്  ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു. പമ്പയിലും നിലയ്ക്കലിലും ഇപ്പോഴുള്ള  ശൗചാലയങ്ങളില്‍ ഒരുവിഭാഗം സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവെക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശൗചാലയങ്ങള്‍ക്ക് പിങ്ക് നിറം നല്‍കും. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പമ്പയിലും സന്നിധാനത്തും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പമ്പയില്‍ സ്ത്രീകള്‍ക്ക് കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. പതിനെട്ടാംപടിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന പോലീസ് മേധാവിയുമായി തിങ്കളാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും. തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പോലീസിനാണ്. ഡി.ജി.പിയുമായി നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം അക്കാര്യത്തില്‍ തീരുമാനമുണ്ടാകാും. ദേവസ്വം ബോര്‍ഡിന് മാത്രം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ല.

വനിതാ ജീവനക്കാരെ ആവശ്യമെങ്കില്‍ സന്നിധാനത്ത് നിയമിക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. പമ്പയില്‍ ഇപ്പോള്‍തന്നെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പത്തിനും അമ്പതിനുമിടെയുള്ള വനിതകള്‍ എത്തിയാല്‍ അവരെ സുരക്ഷിതമായി അവിടെതന്നെ നിലനിര്‍ത്തുന്‌നതിനാണ് അവരെ നിയോഗിച്ചിരുന്നത്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ജീവനക്കാരെയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ അത്തരം ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കും.

സുപ്രീംകോടതി വിധി അനുസരിച്ച് സ്ത്രീകളായ ഭക്തര്‍ ശബരിമലയില്‍ എത്തിയാല്‍ അവരെ തടയാനാകില്ല. സുപ്രീംകോടതി വിധിയില്‍ എന്താണോ പറഞ്ഞിട്ടുള്ളത് അത് നടപ്പിലാക്കുമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക