Image

മന്ത്രി സുധാകരന്‍ ചരിത്രം പഠിപ്പിക്കേണ്ടെന്ന് ക്ഷത്രിയക്ഷേമ സഭ

Published on 09 October, 2018
മന്ത്രി സുധാകരന്‍ ചരിത്രം പഠിപ്പിക്കേണ്ടെന്ന് ക്ഷത്രിയക്ഷേമ സഭ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മന്ത്രി ജി. സുധാകരന് മറുപടിയുമായി സംസ്ഥാന ക്ഷത്രിയക്ഷേമ സഭ നേതാക്കള്‍ രംഗത്ത്. കോട്ടയത്തു നടന്ന കണ്‍വെന്‍ഷനിലാണ് സംസ്ഥാന പ്രസിഡന്റ് കെ.എന്‍. സുരേന്ദ്രനാഥവര്‍മയും സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാനും മന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.

തിരുവിതാംകൂര്‍ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിര്‍വാഹക സമിതിയെയും മന്ത്രി അവഹേളിച്ചുവെന്നാണ് ക്ഷത്രിയക്ഷേമ സഭയുടെ ആരോപണം. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കാട്ടുന്ന ധാര്‍ഷ്ട്യത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള ഗവര്‍ണറെ കാണുമെന്നും യോഗത്തിനുശേഷം നേതാക്കള്‍ അറിയിച്ചു. തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും നടത്തുന്ന സമരത്തിനു കണ്‍വന്‍ഷന്‍ പിന്തുണ നല്‍കി. 

ഭാഷാപ്രയോഗത്തില്‍ പണ്ടേ പേരെടുത്ത ആളാണ് സുധാകരനെന്നും പാര്‍ട്ടിക്കാര്‍ക്കിടയില്‍ 'പന്തളം പാളിനിയെന്നും ചേര്‍ത്തല ഷേക്‌സ്പിയറെന്നും' വിളിപ്പേരുണ്ടെന്നു ആത്മജവര്‍മ തമ്പുരാന്‍ പറഞ്ഞു. ഇഎംഎസും സി.അച്യുതമേനോനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിത്താവളമാക്കിയ പന്തളം കൊട്ടാരത്തിന്റെ ചരിത്രം പാര്‍ട്ടിക്കാര്‍ മറക്കരുത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് പന്തളം കൊട്ടാരം പാര്‍ട്ടി ഷെല്‍റ്ററും നേതാക്കളുടെ ഒളിത്താവളവുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക