തൊടുപുഴ: സഹോദരന്മാര് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ച 15 വയസുകാരി ആത്മഹത്യ ചെയ്തു. തൊടുപുഴ കുടയത്തൂരിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് നാല് മണിയോടെ പെണ്‍കുട്ടിയെ കാണാതായെന്ന് ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാര്‍ പറയുന്നു. അതേസമയം ഒരു ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മരണ വിവരം ബന്ധുക്കളെ അറിയിച്ചത്.
ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ആര്.ഡി.ഒ സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുക്കാന്‍ കുടുംബം സമ്മതിച്ചത്.