Image

കേരളത്തിലെ അണക്കെട്ടുകള്‍ സുരക്ഷിതമെന്ന് വിദഗ്ധ സമിതി; സംഭരണ ശേഷി വര്‍ധിപ്പിക്കണം

Published on 12 October, 2018
കേരളത്തിലെ അണക്കെട്ടുകള്‍ സുരക്ഷിതമെന്ന് വിദഗ്ധ സമിതി; സംഭരണ ശേഷി വര്‍ധിപ്പിക്കണം

തിരുവനന്തപുരം: കേരളത്തിലെ അണക്കെട്ടുകളും ബാരേജുകളും സുരക്ഷിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. പ്രളയക്കെടുതിയെ തുടര്‍ന്ന് അണക്കെട്ടുകളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയമിച്ചത്. രാജ്യാന്തര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, എഞ്ചിനീയര്‍മാരായ കെ.എ ജോഷി, ബിബിന്‍ ജോസഫ് എന്നിവരാണ് സമിതി അംഗങ്ങള്‍.

അണക്കെട്ടുകളുടേയും ബാരേജുകളുടേയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് പ്രളയജലത്തെ കടത്തി വിടാനുള്ള ശേഷിയുണ്ടായിരുന്നെന്ന് സമിതി ചൂണ്ടിക്കാട്ടി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. എല്ലാ അണക്കെട്ടുകളുടേയും പരമാവധി ജലനിരപ്പ് നിര്‍ണയിക്കുന്നത് സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തേണ്ടതാണെന്നും സമിതി നിര്‍ദ്ദേശിച്ചു.

എല്ലാ പ്രധാന അണക്കെട്ടുകളുടേയും പരമാവധി സംഭരണശേഷിയില്‍ ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണെന്നും സമിതി നിര്‍ദ്ദേശിച്ചു. അണക്കെട്ടുകളുടെ ഉയരം കൂട്ടുക, സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക, ഡാമില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യുക എന്നീ മാര്‍ഗങ്ങളിലൂടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക