Image

സി.ബി.ഐയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ അന്വേഷിക്കണം: സുപ്രീം കോടതി

Published on 26 October, 2018
സി.ബി.ഐയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ അന്വേഷിക്കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: സി.ബി.ഐയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ അന്വേഷിക്കണമെന്ന്‌ സുപ്രീം കോടതി. സി.ബി.ഐ.ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ്‌ സുപ്രീം കോടതിയുടെ പരാര്‍ശം. 12 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. സിറ്റിംഗ്‌ ജഡ്‌ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.


സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌ത്‌ അലോക്‌ വര്‍മ ഫയല്‍ ചെയ്‌ത ഹര്‍ജിയും അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘത്തെ (എസ്‌.ഐ.ടി.) നിയോഗിക്കണമെന്ന കോമണ്‍ കോസ്‌ എന്ന സംഘടനയുടെ പൊതുതാല്‍പ്പര്യ ഹര്‍ജിയുമാണ്‌ സുപ്രീം കോടതി പരിഗണിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ വാദം കേട്ടത്‌.


ചേരിപ്പോര്‌ രൂക്ഷമായതിനെത്തുടര്‍ന്ന്‌ സി.ബി.ഐ. ഡയറക്ടര്‍ അലോക്‌ വര്‍മയെയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ്‌ അസ്‌താനയെയും നിര്‍ബന്ധ അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. അലോക്‌ വര്‍മയെ നീക്കിയത്‌ ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമത്തിനും വിനീത്‌ നരെയ്‌ന്‍ കേസിലെ സുപ്രീം കോടതി വിധിക്കുമെതിരാണെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്‌.

നിലവില്‍ സി.ബി.ഐ ഡയറക്ടര്‍ ചുമതല നല്‍കിയിരിക്കുന്ന നാഗേശ്വറ റാവുവിന്‌ ഭരണപരമായ അധികാരം മാത്രമെ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം നയപരമായ കാര്യങ്ങളിലൊന്നും ഇടപെടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക