Image

അന്വേഷണത്തോട്‌ സഹകരിക്കില്ലെന്ന്‌ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ

Published on 11 November, 2018
അന്വേഷണത്തോട്‌ സഹകരിക്കില്ലെന്ന്‌ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ
നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്‌പി ഹരികുമാര്‍ വാഹനത്തിന്‌ മുന്നിലേക്ക്‌ തള്ളിയിട്ട്‌  കൊലപ്പെടുത്തിയ സംഭവത്തില്‍ നിലവിലെ അന്വേഷണത്തോട്‌ സഹകരിക്കില്ലെന്ന്‌ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. വാഹനപകടമാക്കി ഡിവൈഎസ്‌പിയെ രക്ഷിക്കാന്‍ ശ്രമമെന്ന്‌ ആരോപണമുണ്ട്‌..

നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. വിജി യുന്നു

സംഭവം നടന്ന്‌ ഏഴ്‌ ദിവസമായിട്ടും പൊലീസ്‌ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. ആത്മാര്‍ത്ഥമായ ശ്രമം നടത്തിയാല്‍ പ്രതിയെ നേരത്തെ പിടിക്കാമായിരുന്നു. ക്രൈംബ്രാഞ്ച്‌ എസ്‌.പി വീട്ടിലെത്തിയിരുന്നു. പക്ഷേ തന്റെ മൊഴി പോലും രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നുവെന്നും വിജി ആരോപിച്ചു.

സിബിഐയെ കേസ്‌ ഏല്‍പ്പിക്കാത്ത പക്ഷം അന്വേഷണത്തിന്‌ കോടതി മേല്‍നോട്ടം വഹിക്കണമെന്ന്‌ ഹര്‍ജി ആവശ്യപ്പെടുമെന്നും വിജി കൂട്ടിച്ചേര്‍ത്തു.

അതേസമയം യുവാവിനെ വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടുകൊന്ന കേസിലെ പ്രതിയായ പൊലീസുകാരനോട്‌ കീഴടങ്ങാന്‍ യാചിച്ച്‌ അന്വേഷണ സംഘത്തിന്റെ മെല്ലെ പോക്ക്‌ നയം തുടരുന്നതായി ആക്ഷേപമുണ്ട്‌.

കേസില്‍ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാര്‍ കീഴടങ്ങുന്നതിന്‌ അവസരം ഒരുക്കുന്നതിനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി പ്രതിയോട്‌ കീഴടങ്ങണമെന്ന്‌ ആവശ്യപ്പെടാന്‍ ഭാര്യയോടും അടുത്ത ബന്ധുക്കളോടും ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടുണ്ട്‌.

കീഴടങ്ങുന്ന പക്ഷം തന്നെ നെയ്യാറ്റിന്‍കര സബ്‌ ജയിലിലേക്ക്‌ അയക്കരുതെന്ന്‌ നിബന്ധനയുമായി പ്രതി രംഗത്ത്‌ വന്നത്‌ അന്വേഷണ സംഘത്തിന്‌ തലവേദനയായി. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ്‌ ചെയ്‌ത പ്രതികളാണ്‌ നെയ്യാറ്റിന്‍കര സബ്‌ ജയിലിലുള്ളത്‌.

അതിനാല്‍ തന്നെ നെയ്യാറ്റിന്‍കര സബ്‌ ജയിലില്‍ കഴിയുന്നത്‌ തന്റെ സുരക്ഷയെ ബാധിക്കുമെന്നാണ്‌ ഹരികുമാറിന്റെ നിലപാട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക