Image

ബന്ധുനിയമന വിവാദം: മന്ത്രി കെ ടി ജലീലിന്റെ നില പരുങ്ങലില്‍

Published on 11 November, 2018
ബന്ധുനിയമന വിവാദം: മന്ത്രി കെ ടി ജലീലിന്റെ നില പരുങ്ങലില്‍

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങള്‍  പൊളിയുന്നു. ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലായി.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദമാണ്‌ ഏറ്റവും അവസാനം പൊളിഞ്ഞത്‌.

മന്ത്രിയുടെ വാദം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തന്നെ തള്ളി രംഗത്ത്‌ വന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‌ പത്രപരസ്യത്തിന്‌ പോലും നല്‍കാന്‍ പണമില്ലെന്ന്‌ മന്ത്രി പറഞ്ഞിരുന്നു.

മന്ത്രിയുടെ ബന്ധുവിന്റെ യോഗ്യതയ്‌ക്ക്‌ അംഗീകാരമില്ലെന്ന വിവരം കൂടി പുറത്തായതോടെ കെ ടി ജലീല്‍ കൂടുതല്‍ കുരുക്കിലായിരുന്നു. കെ ടി അദീപിന്റെ പിജിഡിബിഎയ്‌ക്ക്‌ കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും യോഗ്യതയില്ല.

അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭാസം വഴിയാണ്‌ കെ ടി അദീപ്‌ പിജിഡിബിഎ നേടിയത്‌.

ഇതിന്‌ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്ന്‌ കോര്‍പ്പറേഷന്‍ വാദിച്ചിരുന്നത്‌ തെറ്റാണെന്ന്‌ തെളിയിക്കുന്ന വിവരം പുറത്ത്‌ വന്നതോടെ മന്ത്രിയുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലിലായി.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജോലി തേടിയത്‌ അദീപിന്റെ ത്യാഗമെന്ന മന്ത്രിയുടെ വാദം പെളിയുന്ന രേഖകളും നേരത്തെ പുറത്ത്‌ വന്നിരുന്നു.

1,10,000 രൂപ ശമ്പളം വാങ്ങുന്നയാള്‍ 86,000 രൂപയ്‌ക്ക്‌ ജോലിയെടുക്കാന്‍ വന്നത്‌ ത്യാഗമായിട്ടാണ്‌ മന്ത്രി വാഴ്‌ത്തിയത്‌. ഇത്‌ വെറും തട്ടിപ്പാണെന്ന്‌ വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസ്‌ പുറത്ത്‌ വിട്ടിരുന്നു.

മന്ത്രിയുടെ ഇതേ വാദം തന്നെയാണ്‌ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബിനുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക