Image

ഇന്നത്തെ ക്നാനായ പ്രതിസന്ധി – ഒരു വിചിന്തനം

Published on 07 April, 2012
ഇന്നത്തെ ക്നാനായ പ്രതിസന്ധി – ഒരു വിചിന്തനം
ക്നാനായ സമുദായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ, “ഛായ്, എന്ത് പ്രശ്നം, എല്ലാം അടിപ്പൊളി ആയി പോകുന്നു...” എന്ന് പറയാനാണ് നമുക്ക് ഇഷ്ടം. അഭയ കേസ് മൂത്തു വരികയും, രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ജയിലില്‍ ആവുകയും ചെയ്തപ്പോഴും, പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ നമുക്ക് അങ്ങേയറ്റം അപമാനകരമായപ്പോള്‍ പോലും, അതൊക്കെ നമ്മോട് അസൂയ ഉള്ളവരുടെ ഗൂഡാലോചനയുടെ ഫലമാണ് എന്നാണു ഒരു ശരാശരി ക്നാനയക്കാരന്‍ വിശ്വസിക്കാന്‍ ശ്രമിച്ചത്. 

അന്നൊക്കെ നമ്മള്‍ ഏതെങ്കിലും ബാഹ്യശക്തിയെ സങ്കല്‍പ്പിച്ചു അവരെ വെറുത്തു.  ഇന്ന് നമുക്ക് അത്തരത്തില്‍ ഒരു ബാഹ്യശക്തി ഇല്ലേ ഇല്ല. അതുകൊണ്ടാണ്, ഒരു സാധാരണ ക്നാനയക്കാരന്‍ ഇന്ന് ഉള്ളിലെങ്കിലും അവനു പ്രിയങ്കരരായ വൈദികരെയും പിതാക്കന്മാരെയും, പ്രതിഭാഗത്ത്‌ നിര്‍ത്തുന്നത്.

എന്താണ് ഇന്ന് നമ്മുടെ പ്രശ്നം?  എ.ഡി.435-ല്‍ നമ്മുടെ പൂര്വപിതാക്കന്മാര്‍ കേരളത്തില്‍ എത്തി എന്ന് നാം വിശ്വസിക്കുന്നു.  വിശ്വാസം ആണല്ലോ എല്ലാം. അങ്ങിനെ ഒരു കുടിയേറ്റം നടന്നിട്ടില്ല  എന്നതിന് സമുദായശത്രുക്കള്‍ പോലും ഇത് വരെ തെളിവൊന്നും ഹാജരാക്കിയിട്ടില്ലാത്ത നിലയ്ക്ക്, അന്ന് വന്നു എന്ന് തന്നെ പറയാം. അന്ന് മുതല്‍ 1911 വരെയുള്ള നീണ്ട കാലയളവില്‍, സ്വന്തമായി ഇടവകയും രൂപതയും ഇല്ലാതിരുന്നതിനാല്‍, ആ കാലഘട്ടത്തില്‍ സ്വവംശവിവാഹനിഷ്ട ലംഘിച്ച സമുദായംഗങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഈ എഴുതുന്ന ആള്‍ക്ക് അറിയില്ല.  പക്ഷെ സമുദായം നിലനിന്നു  എന്നത് ഒരു സത്യമാണ്.  തെളിവുകളുള്ള സത്യം തന്നെ.

അങ്ങനെ പത്താം പീയുസ്‌ മാര്‍പാപ്പ കോട്ടയം വികാരിയാത്ത് ക്നാനയകാര്‍ക്ക് മാത്രമായി അനുവദിച്ചു. അനുവദിക്കുമ്പോള്‍ സ്വവംശവിവാഹം കഴിക്കാത്തവരെ ക്നാനായ ഇടവകകളില്‍ നിന്ന് പുറത്താക്കും എന്ന് ഒരു ധാരണ ഉണ്ടായിരുന്നതിനു യാതൊരു തെളിവുമില്ല.

എന്ന് മുതലാണ്‌ പുറത്താക്കല്‍ നടപടി ആരംഭിച്ചത് എന്നത് ആര്‍ക്കും കൃത്യമായി അറിയില്ല.  അമ്പതുകള്‍ മുതലാണ്‌ എന്ന് മൂലക്കാട്ട് തിരുമേനി പറഞ്ഞു. അത്ര കൃത്യതയോടെ അല്ല അദ്ദേഹത്തിന്റെ പ്രസ്താവന.  പഴമക്കാര്‍ പറഞ്ഞു കേട്ടിരിക്കുന്നത് ചൂളപറമ്പില്‍ പിതാവിന്റെ കാലത്ത് ഈ നടപടി തുടങ്ങി എന്നാണു. അത് എന്തുമാകട്ടെ. “നമ്മള്‍ ആരെയും പുരതാക്കുന്നില്ല, വെളിയില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ സ്വമേധയാ ഇടവക വിട്ടു പുറത്തു പോവുകയാണ്, നമ്മള്‍ അവരെ അതിനു അനുവദിക്കുന്നതേയുള്ളൂ” എന്ന തിരുമേനിയുടെ പ്രസ്താവനയെ ഗൌരവത്തോടെ കാണാന്‍ സുബോധമുള്ള ആര്‍ക്കും സാധിക്കുകയില്ല.

അത്തരം പുറത്താക്കലിന്റെ കാരണം വര്‍ഷങ്ങളായി വിശദീകരിച്ചു കൊണ്ടിരുന്നത് ഇങ്ങനെയാണ് – സഭയുടെ ഏറ്റവും ചെറിയ യുനിററാണ് കുടുംബം. കുടുംബത്തിന്റെ സഭാപരമായ ഐക്യം വളരെ പ്രധാനപെട്ടതാണ്, സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം ചെയ്ത ക്നാനയക്കാരന്റെ ഭാര്യയും, മക്കളും ക്നാനയക്കാരല്ലാത്തതിനാല്‍ അവരുടെ മേല്‍ അജപാലന അധികാരം കോട്ടയം രൂപതയ്ക്ക് ഇല്ല, അതിനാല്‍ നമ്മുടെ പ്രിയപ്പെട്ട ക്നാനായക്കാരനെ ഇടവകവിട്ടു പോകാന്‍ അനുവദിക്കുന്നു എന്ന് മാത്രമേയുള്ളൂ.

കേള്‍ക്കാന്‍ സുഖമുള്ള ശുദ്ധനുണ. വിശുദ്ധനുണ.

നുണയാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ ക്നാനയക്കാരന്‍ ഇടവകാംഗം ആയിരിക്കും, പക്ഷെ ഭാര്യയും മക്കളും അംഗത്വത്തിന് അര്‍ഹരല്ല പോലും! എവിടെ പോയി കുടുംബമഹിമയെക്കുറിച്ചും കുടുംബത്തിന്റെ ഐക്യത്തെക്കുറിച്ചും  പണ്ട് പൊഴിച്ച മുതലക്കണ്ണുനീര്‍!  അമേരിക്കയില്‍ (അമേരിക്കയില്‍ മാത്രം) ഒരാള്‍ ജന്മം കൊണ്ട് ക്നാനയക്കാരനാകും. നാട്ടില്‍ അത് പോര. ഒരുത്തന്റെ ക്നാനയത്വം അവന്‍ ഭൂഗോളത്തിന്റെ ഏതു ഭാഗത്താണ് വസിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും!  അമേരിക്കയിലെ ക്നാനായ ഇടവകാംഗം, അവിടം മടുത്തു ഉഴവൂര് വന്നു താമസമാക്കിയാല്‍, അവന്‍ പുറംകൊള്ളി.

ഇതൊക്കെ പറഞ്ഞു നടക്കാന്‍ യാതൊരു ഉളിപ്പും ഇല്ല എന്നതാണ് അത്ഭുതകരം.

പുറത്തു നിന്ന് കല്യാണം കഴിച്ചവരെ വര്‍ഷങ്ങളായി നമ്മള്‍ (പ്രത്യേകിച്ച് നമ്മുടെ വൈദികര്‍) എത്രമാത്രം പീഡിപ്പിച്ചു?

പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥ.

മലബാറില്‍ ഒരിക്കല്‍ ഒരു ക്നാനായ വൈദികന്റെ നേതൃത്വത്തില്‍ ഒരു ക്നാനായ കുടുംബത്തിന്റെ പറമ്പില്‍ക്കൂടി അനധികൃതമായി വഴിവെട്ടി.  കുടുംബാംഗങ്ങള്‍ രോഷാകുലരായി. മൂത്തയാള്‍ സമാധാനിപ്പിച്ചു – പോലീസില്‍ പരാതിപ്പെടാന്‍ വരട്ടെ. അരമനയില്‍ ആദ്യം വിവരം അറിയിക്കാം. അങ്ങിനെ അയാള്‍ മലബാറില്‍ നിന്ന് അന്നത്തെക്കാലത്ത് കഷ്ടപ്പെട്ട് കോട്ടയം അരമനയില്‍ എത്തി. കാണേണ്ടിയിരുന്ന വൈദികനെ (മുന്‍പരിചയം ഉണ്ടായിരുന്നു) കണ്ടു. വൈദികന്റെ ചോദ്യം: “താന്‍ മാറികേട്ടിയവനല്ലേ?” ഉത്തരം: “അതേ.”  വൈദികന്‍: “എനിക്ക് തന്നോട് സംസാരിക്കേണ്ട.”

നമ്മള്‍ ആരെയും പുരതാക്കുന്നില്ല; അവര്‍ സ്വമേധയാ ഇടിവക വിട്ടു പോവുകയാണ്!

നാണമില്ലെങ്കില്‍ എന്തും പറയാം.

വടക്കുംഭാഗരുടെ കല്യാണം നമ്മുടെ പള്ളികളില്‍ നടത്തികൊടുക്കും. പക്ഷെ ക്നാനയക്കാരന്‍ വെളിയില്‍ നിന്ന് കെട്ടിയാല്‍ യാതൊരു കാരണവശാലും ക്നാനായപള്ളിയില്‍ ആ കല്യാണം നടത്തിക്കൊടുക്കുകയില്ല. പാരിഷ്‌ ഹാള്‍ പണിയാന്‍ ആയാളോ, അയാളുടെ കുടുംബമോ എത്രതന്നെ സംഭാവന കൊടുത്തു എന്നത് പ്രശ്നമല്ല – മാറിക്കെട്ടുന്നവന്റെ കല്യാണത്തിന് പാരിഷ് ഹാള്‍ കൊടുക്കുന്ന പ്രശ്നമില്ല. ഞങ്ങളുടെ നാട്ടില്‍ അവശ ക്രിസ്ത്യാനികളെ അടുത്തുള്ള കൊവേന്തക്കാരുടെ പള്ളികളിലാണ് അടക്കികൊണ്ടിരുന്നത്. ഇപ്പോള്‍, ക്നാനയപള്ളികളില്‍ അത്തരക്കാരെ അടക്കാന്‍ അനുവദിക്കാറുണ്ട്. മാറിക്കെട്ടിയ ഒരുത്തന് കുടുംബക്കല്ലറ ഉണ്ടായേക്കാം, പക്ഷെ അവന്റെ ഭൌതികാവശിഷ്ടം അടുത്ത പള്ളിയില്‍ വിശ്രമിക്കുന്നു. കുടുംബാംഗങ്ങളെ വിട്ടു വല്ല പള്ളിയിലും കിടക്കുന്ന അവന്റെ ആത്മാവിന്റെ അശാന്തിയെക്കുറിച്ചു നമ്മുടെ വൈദികരോ പിതാക്കന്മാരോ ഇന്ന് വരെ ചിന്തിച്ചിട്ടുണ്ടോ, ആകുലപ്പെട്ടിട്ടുണ്ടോ?

ഇതിലൂടെയെല്ലാം പുരോഹിതവര്‍ഗം ക്നാനായ കുഞ്ഞാടുകള്‍ക്ക് കൊടുത്തുകൊണ്ടിരുന്ന സന്ദേശം എന്താണ്?  മാറി കെട്ടുന്നവന്‍ സമുദായ ദ്രോഹിയാണ്. അവന്‍ നമ്മുടെ ശത്രുവാണ്, അവനോടു നമ്മള്‍ ക്ഷമിക്കരുത്‌. ക്രിസ്തീയതയുടെ ഉത്തമ മാതൃക! 

1986 മുതല്‍ പിതാക്കന്മാര്‍ക്കും, വൈദികര്‍ക്കും തലയ്ക്കകത്ത് ആളുതാമസമുള്ള അല്മെനിയ്ക്കും വ്യക്തമായും അറിയാമായിരുന്നു – എന്‍ഡോഗമി അമേരിക്കയില്‍ നടക്കില്ല.  അതിനെതിരെ ചെറുവിരല്‍ പോലും അനക്കിയില്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് ഒരു പോംവഴി എന്നൊരു ചിന്തയോ ആലോചനയോ സമുദായതലത്തില്‍ നടത്തിയില്ല. അരമനയ്ക്കും അവരുടെ കിങ്കരന്മാര്‍ക്കും ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ – കഴിയാവുന്നതും വേഗം, കഴിയുന്നത്ര പള്ളികള്‍ ക്നാനയക്കാരന്റെ ചെലവില്‍ വാങ്ങിക്കൂട്ടുക. അതിനു വേണ്ടി Mutholam & Co. അമേരിക്കയില്‍ കാട്ടികൂട്ടിയത് സാമ്പത്തിക ഭീകരപ്രവര്‍ത്തനം ആണ്. ഇത് കോട്ടയം തമ്പ്രാക്കന്മാരുടെ അറിവോടെയും സമ്മതത്തോടെയും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതിന്റെ എല്ലാം പിന്നില്‍ ക്രിസ്തുവോ, ക്രിസ്തീയതയോ, മനുഷ്യസ്നേഹമോ, കാരുണ്യമോ ഒന്നുമില്ല; ഉള്ളത് പണത്തോടുള്ള ആര്‍ത്തി, അല്ല, ആക്ക്രാന്തം മാത്രം.

വത്തിക്കാനില്‍ നിന്നുള്ള ഉത്തരവില്‍ ഒരു കാര്യം വ്യക്തമാണ് – കോട്ടയം രൂപതയ്ക്ക് കേരളത്തിന്‌ വെളിയില്‍ അജപാലനാധികാരം ഇല്ല. വത്തിക്കാന്റെ ഭാഗത്ത്‌ നിന്നും ഇക്കാര്യത്തില്‍ യാതൊരു വിധ ഒളിച്ചുകളികളിയും ഇല്ല. അമേരിക്കയില ക്നാനയക്കാരന്‍ അമേരിക്കയില്‍ ആയിരിക്കുന്നിടത്തോളം കാലം അങ്ങാടിയത് പിതാവിന്റെ കീഴിലാണ്. അവനു മൂലക്കാട്ട് പിതാവിനെയോ, പണ്ടാരശ്ശേര്രി പിതാവിനെയോ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാം, പക്ഷെ അവരക്കാര്‍ക്കും അവന്റെ മേല്‍ യാതൊരു അധികാരവും ഇല്ല.  ഇതിന്റെ നാണംകെട്ട തെളിവാണ്, അമേരിക്കയില്‍ ക്നാനയക്കാരന്റെ കീശയിലെ കാശ് കൊണ്ട് വാങ്ങുന്ന പള്ളികള്‍ അങ്ങാടിയത് പിതാവ് കൂദാശ ചെയ്യുന്നതും, കോട്ടയം പിതാക്കന്മാരിലോരാള്‍ മാപ്പുസാക്ഷിയായി മൂലയില്‍ നില്‍ക്കുന്നതും. മൂലയില്‍ നില്‍ക്കുന്ന മൂലക്കാടന്‍ - നല്ല പ്രാസഭംഗി; പക്ഷെ ക്നാനായക്കാരന്റെ അഭിമാനമാണ് അവിടെ മുറിവേല്‍ക്കുന്നത്.

പിതാക്കന്മാര്‍ക്ക് അഭിമാനം പ്രശ്നമല്ല, പോകുമ്പോഴൊക്കെ കൈ നിറയെ കാശ് കിട്ടണം. ഇടയ്ക്കിടയ്ക്ക് കല്യാണത്തിനും കണ്‍വെന്‍ഷനും, മാമോദിസായ്ക്കും വിളിക്കണം, ഉയര്‍ന്ന ക്ലാസ്സിലെ യാത്രയും, പോക്കറ്റ് നിറയെ ഡോളറും കിട്ടിയാല്‍ സന്തോഷം. ഏതു ചടങ്ങിനും, ഗുരുവായൂര്‍ കേശവനായി നെറ്റിപ്പട്ടം കെട്ടി തയ്യാര്‍. തിരുമേനിയെ വേണോ, തിരുമേനി.

ഒരു മെത്രാനെ നിയമിക്കുന്നത് പോപ്പാണ്. ഉദ്ദേശം രൂപതാംഗംഗള്‍ക്ക് ആല്മീയ ശുശ്രൂഷ ചെയ്യുക എന്നതും. പതിനാറു നൂറ്റാണ്ട് സ്വന്തമായി രൂപത ഇല്ലാതെ അതിജീവിക്കുക മാത്രമല്ല, തഴച്ചു വളരുകയും ചെയ്ത  ഒരു സമുദായത്തിന് സാമുദായിക കാര്യങ്ങള്‍ നോക്കാന്‍ ഒരു മെത്രാന്റെ സേവനം വേണ്ട. ക്നാനായം എന്നത് കത്തോലിക്കാ സഭയില്‍ മാത്രം ഒതുങ്ങുന്നതും അല്ല. ക്നാനായ യാക്കോബക്കാരനും ക്നാനയക്കാരനാണ്. ഒരുമിച്ചു കപ്പലേല്‍ വന്നു കൊടുങ്ങല്ലൂര്‍ ഇറങ്ങിയവരാണ്  നമ്മള്‍ രണ്ടു കൂട്ടരും.  അന്ന് മുതല്‍ 1653 (കൂനന്‍ കുരിശു സത്യം) വരെ ഒറ്റക്കെട്ടായി ജീവിച്ചവരാണ് നമ്മള്‍. അവരും കൂടി ഉള്‍കൊള്ളുന്ന ക്നാനായ സമുദായത്തിനെ നിര്‍വചിക്കാന്‍ ആരാണ് മൂലക്കാട്ട് തിരുമേനിയ്ക്ക് അധികാരം കൊടുത്തത്? ക്നാനയകത്തോലിക്കാസഭയിലെ മലങ്കരക്കാരന്‍ അങ്ങാടിയത് പിതാവിന്റെ കീഴിലാകും എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ ബലത്തിലാണ്?

മറ്റൊരു കാര്യം.

രണ്ടു പിതാക്കന്മാരുടെയും സാന്നിധ്യത്തിലാണ് 2009-ല്‍ അങ്ങാടിയത് പിതാവ് വെളിയില്‍ നിന്ന് വിവാഹം കഴിച്ച ക്നാനയക്കാരന്റെ ഭാര്യയും മക്കളും ക്നാനായ ഇടവകാംഗങ്ങള്‍ ആയിരിക്കും എന്ന് വ്യക്തമായി പറഞ്ഞത്. അപ്പോള്‍ ആരുടേയും നാവു പൊന്തിയില്ല. തനിക്ക് യാതൊരു അധികാരവും ഇല്ലാത്ത ഒരു നാട്ടില്‍ ചെന്ന് ഏകപക്ഷീയമായി നിയമം പോളിച്ചടുക്കിയിട്ടു കുറെ മണ്ടന്മാരെ കൂട്ടി കയ്യടി നേടി എന്ന് വരുത്തി തീര്‍ത്തു നാട്ടിലെത്തി. അമേരിക്കയിലെ വിഡ്ഢികളുടെ കയ്യടി നേടിയ പിതാവ്, വിഡ്ഢിദിനത്തില്‍ ചൈതന്യയില്‍ വച്ച് വിഡ്ഢി ആയി!

പണ്ടത്തെ ആചാരപ്രകാരം അന്യജാതിക്കാരിയില്‍ ഒരു നമ്പൂതിരിയ്ക്ക് ജനിക്കുന്ന കുട്ടികള്‍ നമ്പൂതിരികുട്ടികളായിരുന്നില്ല.  നമ്പൂതിരിയുടെ നിര്‍വചനം നമ്പൂതിരി മാതാപിതാക്കള്‍ക്ക് ജനിച്ച കുട്ടി എന്നതായിരുന്നു. അവര്‍ അവരുടെ കുടിയേറ്റത്തെക്കുറിച്ചു മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറില്ല; പക്ഷെ അവര്‍ ഒരു കുടിയേറ്റസമുദായം ആണെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. അവര്‍ക്ക് പുറത്താക്കല്‍ നടപടി ഇന്ന് ഉണ്ടോ, ആ സമുദായം എങ്ങിനെ നിലനില്‍ക്കുന്നു എന്നൊക്കെ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

ഇക്കാര്യത്തില്‍ ആദ്യമേ ചെയ്യേണ്ടത് സമുദായംഗങ്ങളുടെ ഹിതപരിശോധനയാണ്.  പരിഷ്ക്കരിച്ച ഇടിവകാംഗനിയമം സമുദായംഗങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ, ഇത് കുര്‍ബാന ചോല്ലുന്നത് നേരെ നിന്ന് വേണോ, തിരിഞ്ഞു നിന്ന് വേണോ തുടങ്ങിയ കൂദാശാപരമായ പ്രശ്നമല്ല. അതുകൊണ്ട് കത്തോലിക്കാ സഭയില്‍ ജനാധിപത്യമില്ല എന്ന ധാര്‍ഷ്ട്യം പിടിച്ച നിലപാട് ഇവിടെ വിലപ്പോകത്തില്ല. ഇത് സഭാകാര്യമല്ല; ഇത് സമുദായത്തിന്റെ കാര്യമാണ്. ഒരു മെത്രാനും സമുദായം തീറെഴുതി കൊടുത്തിട്ടില്ല എന്ന കാര്യം ആരും മറക്കേണ്ട.  ആ നിലയ്ക്ക് ജനഹിതം അറിയുന്നതാണ് ഏറ്റവും പരമപ്രധാനമായുള്ളത്. പുതിയ പരിഷ്ക്കാരം സ്വീകാര്യമല്ല എന്ന് വന്നാല്‍ വത്തിക്കാന്റെ നിയമത്തില്‍ നിന്ന് രക്ഷപെടാന്‍ എന്താണ് മാര്‍ഗം എന്നാണു പിന്നെ ആലോചിക്കേണ്ടത്.

സഭ വിട്ടു പോവുക മാത്രമാണ് കരണീയം എന്ന് വന്നാല്‍ അത് പരിഗണിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ജനമാണ്. സാമന്തരൂപതകളില്ലാതെ മെത്രാപോലീത്ത ആകാമെങ്കില്‍, ആടുകള്‍ ഇല്ലാത്ത ഇടയനും ആകാം.

പൂര്‍ണ വിശ്രമം.

ഇതില്‍പ്പരം എന്താണ് ഒരു സന്യാസിക്കു വേണ്ടത്?

(അലക്സ്‌ കണിയാംപറമ്പില്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക