Image

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (ലേഖനം : ഫൈസല്‍ മാറഞ്ചേരി)

Published on 15 November, 2018
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (ലേഖനം : ഫൈസല്‍ മാറഞ്ചേരി)
മരത്തിന് ഏറ്റവും ആവശ്യമുള്ള ഭാഗമാണ് ഇല...

അത് മരത്തില്‍ നിന്ന് അടര്‍ന്നു കഴിഞ്ഞാല്‍ ആ ഭാഗത്തു കറ പോലെ ഒരു ദ്രാവകം ഊറിവരും അതാണ് മരവും ഇലയുമായുള്ള അവസാനത്തെ ബന്ധം. കുറച്ചു ദിവസം ഉണങ്ങാതെ അത് ഒലിച്ചു കൊണ്ടേയിരിക്കും പിന്നെ പിന്നെ അത് കരിഞ്ഞുണങ്ങും...

കൊഴിഞ്ഞു പോയ ഇല ഉണങ്ങി കരിയിലയായി പിന്നീട് മണ്ണോടു ചേരും...

മരത്തില്‍ നിന്നിരുന്നപ്പോള്‍ ഇലയായിരുന്നു സൂര്യ പ്രകാശത്തില്‍ നിന്നും മരത്തിനു വേണ്ട എല്ലാം ശേഖരിച്ചു നല്‍കിയിരുന്നത്.. മരത്തില്‍ നിന്നും അടര്‍ന്നു പോകുന്നതോടെ മരവും ഇലയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം അവിടെ തീരുന്നു....

അതുപോലെയാണ് ചില ബന്ധങ്ങളും ഒരിക്കല്‍ ഞെട്ടറ്റു പോയാല്‍ പിന്നെ ഒരിക്കലും കൂടി ചേരാന്‍ ആവാത്ത വിധം അകറ്റപ്പെടുന്ന മരവും ഇലയും പോലുള്ള ബന്ധങ്ങള്‍... ഒരിക്കലും വീണ്ടും കൂട്ടി ചേര്‍ക്കാന്‍ ആവാന്‍ ആകാത്ത വിധം കാലം വേര്‍പ്പെടുത്തുന്ന ബന്ധങ്ങള്‍...

അത് സൗഹൃദങ്ങളിലും കുടുംബബന്ധങ്ങളിലും ജോലി ബന്ധങ്ങളിലും സംഘടനാ ബന്ധങ്ങളിലും എല്ലാം നമുക്ക് കാണാം

ചില ബന്ധങ്ങള്‍ വീറും വാശിയോടെ തന്റെ ഭാഗം മാത്രം ന്യായികരിക്കുന്നത് മൂലം ഞാന്‍ വിജയിച്ചു എന്നും മറ്റുള്ളവര്‍ വിട്ടു വീഴ്ച ചെയ്യുമ്പോള്‍ താന്‍ തന്നെയാണ് ശരിയെന്നും ധരിക്കുന്നിടത് ബന്ധങ്ങള്‍ കൂടുതല്‍ അറ്റുപോവുകയാണ് ഒരിക്കലും കൂടിച്ചേരാന്‍ ആവാത്ത വിധം

എന്തിനാണ് ബന്ധങ്ങള്‍

ബന്ധങ്ങള്‍ ചങ്ങലക്കണ്ണികളാണ് അത് ക്രോമോസോമില്‍ തുടക്കമിട്ട് മൂന്നു പിടി മണ്ണ് വാരി ഇടുന്നത് വരെ അല്ലെങ്കില്‍ കാലങ്ങളോളം മനസ്സില്‍ സൂക്ഷിക്കുന്ന തരം ബന്ധങ്ങള്‍ ഉണ്ട് മറഞ്ഞു പോയാലും മറന്നു പോകാത്തവ.

ചില ബന്ധങ്ങള്‍ സേഫ് ലോക്കറുകളില്‍ വെച്ച ആഭരണങ്ങള്‍ പോലെയാണ് എപ്പോഴെങ്കിലും ആവിശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കുന്നവ അല്ലെങ്കില്‍ തനിക്ക് ആവശ്യം വരുമ്പോള്‍ അതവിടെ ഉണ്ട് എന്ന ധൈര്യം തരുന്നവ

എന്നാല്‍ ബന്ധങ്ങള്‍ പാലം പോലെയുള്ളതാവണം രണ്ടു ഭാഗത്തേക്കും ഒരേ പോലെ സഞ്ചരിക്കാവുന്നവ. ചില പാലങ്ങള്‍ പോലും ഒരു ഭാഗത്തേക്ക് മാത്രമായി പോകുന്നു വണ്‍വേ പാലങ്ങള്‍ ആ പാലത്തില്‍ തിരക്ക് കുറവായിരിക്കും

ചില ബന്ധങ്ങള്‍ വിശേഷ അവസരങ്ങളില്‍ മാത്രം പുതുക്കുന്നവയാണ്. ചില ഒറ്റപെട്ട അവസരങ്ങളില്‍ ഇവരും എന്നോടൊപ്പമുണ്ടെന്ന് കാണിക്കാന്‍ മാത്രം വിളക്കി ചേര്‍ക്കുന്നവ ആവശ്യം കഴിഞ്ഞാല്‍ വിസ്മൃതിയിലേക്ക് തള്ളി അകറ്റുന്നവ.

പലപ്പോഴും ചില ബന്ധങ്ങള്‍ കടപ്പാടുകളുടേതാണ് ഒരിക്കലും കണ്ടുമുട്ടാതെ നല്‍കപ്പെട്ട എന്നും ഒരു നന്ദി വാക്ക് മനസ്സില്‍ സൂക്ഷിക്കുന്നവ..... എവിടെയെങ്കിലും വെച്ച് കയ്യില്‍ കാശില്ലാതെ എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോള്‍ ഒരു ദൈവദൂതനെ പോലെ വന്നു സഹായിച്ചു പേരോ ഊരോ പറയാതെ കാണാമറയത്ത് അപ്രത്യക്ഷമായവ

ചില ബന്ധങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ നിലനില്‍ക്കുന്നതാണ് അതാണ് മാതൃത്വം ഒന്നും പ്രതീക്ഷിക്കാതെ തന്റെ കുഞ്ഞിന്റെ നന്മ മാത്രം കാംഷിക്കുന്നവ.. എന്നും നിര്‍ലോഭം വാരി ചൊരിയുന്നവ... ദൂരെയാണെങ്കിലും മനസ്സില്‍ പ്രാര്‍ത്ഥനാ മന്ത്രമായ് ഊര്‍ജം പകരുന്നവ

ചില ബന്ധങ്ങള്‍ ഉണ്ട് മനസ്സില്‍ കാണാച്ചരടുകളാല്‍ ബന്ധനം തീര്‍ക്കുന്നവ. നല്ല ഒരു കാര്യത്തിന് കൂടെ നിന്ന് സഹായിച്ചു എന്നാല്‍ ഒരവസരം വരുമ്പോള്‍ പൊട്ടി തെറിച്ചു എല്ലാം ഞാന്‍ ചുട്ടു ചാമ്പല്‍ ആക്കുമെന്ന് തന്റെ അഹങ്കാരവും പദവിയും കൊണ്ട് ഉറഞ്ഞു തുള്ളുമ്പോള്‍ അമര്‍ഷം ഉള്ളില്‍ ഒതുക്കി കൂടെ നിന്ന് നിന്ന് പുഞ്ചിരിക്കേണ്ടി വരുന്നവരുടെ നിസ്സഹായതയില്‍ മനസുകൊണ്ട് ഗര്‍വ് നടിക്കുന്നവരുമായുള്ള ബന്ധം

ഇനിയും എണ്ണിയാല്‍ ഒടുങ്ങാത്ത ബന്ധങ്ങളും ബന്ധനങ്ങളും കാണാന്‍ കഴിയും അഴിക്കും തോറും മുറുകുന്നതും മുറുക്കും തോറും അഴിയുകയും ചെയ്യുന്നവ……………
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക