Image

കലാപം ആവര്‍ത്തിക്കുമെന്ന ഭയം' അയോധ്യയില്‍ നിന്ന്‌ പലായനം ചെയ്‌ത്‌ മുസ്‌ലിം കുടുംബങ്ങള്‍

Published on 25 November, 2018
കലാപം ആവര്‍ത്തിക്കുമെന്ന ഭയം' അയോധ്യയില്‍ നിന്ന്‌ പലായനം ചെയ്‌ത്‌ മുസ്‌ലിം കുടുംബങ്ങള്‍
അയോധ്യ: രാമക്ഷേത്രം നിര്‍മ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്‌ അയോധ്യയില്‍ വി.എച്ച്‌.പിയും ശിവസേനയും സംഘടിപ്പിച്ച റാലി നടക്കെ അയോധ്യയില്‍ നിന്നും മുസ്‌ലീങ്ങള്‍ പലായനം ചെയ്യുന്നു. 1992 ഡിസംബര്‍ ആവര്‍ത്തിക്കുമോയെന്ന ഭയമുണ്ടെന്നും അതിനാല്‍ സ്ഥിതി ശാന്തമാകുന്നതുവരെ ഇവിടം വിട്ടുപോകാനാണ്‌ തീരുമാനമെന്നുമാണ്‌ പ്രദേശവാസികളായ മുസ്‌ലീങ്ങള്‍ പറയുന്നത്‌.

നിരവധി കുടുംബങ്ങള്‍ ഇതിനകം തന്നെ സുരക്ഷിത സ്ഥാനം തേടി ഇവിടെ നിന്നും പോയി. മറ്റുള്ളവര്‍ കുട്ടികളേയും സ്‌ത്രീകളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.

`ഹിന്ദുക്കളുമായോ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനോടോ ഞങ്ങള്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. പക്ഷേ 1992 ആവര്‍ത്തിക്കുമോയെന്ന ഭീതിയുണ്ട്‌. അന്ന്‌ ബാബറി മസ്‌ജിദ്‌ തകര്‍ത്തതിനുശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ ഞങ്ങളുടെ സഹോദരങ്ങളായ ഒട്ടേറെപ്പേരെ കര്‍സേവകര്‍ കൊന്നൊടുക്കിയിരുന്നു.

തുടര്‍ന്നു നടന്ന കലാപം നിരവധി മുസ്‌ലീങ്ങളുടെ ജീവനെടുത്തിരുന്നു.' രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച രാം ജന്മഭൂമി ന്യാസ്‌ എന്ന ട്രസ്റ്റിനു സമീപത്തുള്ള ടെയ്‌ലറായ മുഹമ്മദ്‌ അസീസ്‌ പറയുന്നു.


ബാബറി മസ്‌ജിദ്‌ തകര്‍ത്തതിനുശേഷം നടന്ന അക്രമത്തില്‍ 18 മുസ്‌ലീങ്ങള്‍ കൊല്ലപ്പെടുകയും പ്രദേശത്തെ 23 പള്ളികള്‍ തകര്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഇതുവരെ കേസുകളൊന്നും തന്നെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.

സ്ഥിതി ശാന്തമായാലേ നാടുവിട്ടുപോയവര്‍ തിരിച്ചുവരൂവെന്നാണ്‌ അസിസ്‌ പറയുന്നത്‌. അയോധ്യയില്‍ ജീവിക്കുന്ന മുസ്‌ലീങ്ങള്‍ക്ക്‌ ജില്ലാ ഭരണകൂടം സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

`1992ല്‍ സംഭവിച്ചതിനു സമാനമായ സാഹചര്യമാണിത്‌. സമാനമായ രീതിയിലാണ്‌ ജനക്കൂട്ടം അന്നും തടിച്ചുകൂടിയത്‌. എന്തൊക്കെ ലക്ഷ്യത്തോടെ ആരൊക്കയാണ്‌ വന്നിട്ടുള്ളതെന്ന്‌ ആര്‍ക്കറിയാം. അന്നവര്‍ പള്ളി തകര്‍ത്തു, ഞങ്ങളുടെ ആളുകളെ കൊന്നു. അവര്‍ക്ക്‌ ഇപ്പോഴും എന്തും ചെയ്യാം. കുടുംബത്തോടൊപ്പം ഞാനും ഗോരഖ്‌പൂരിലെ ബന്ധുവീട്ടിലേക്ക്‌ പോകുകയാണ്‌. ജീവന്‍ അപകടത്തിലാക്കി ഇവിടെ തുടര്‍ന്നിട്ട്‌ കാര്യമില്ല.' അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലേക്ക്‌ ആള്‍ക്കൂട്ടം എത്തിയാല്‍ അക്രമസംഭവങ്ങളുണ്ടാകുമോയെന്ന ഭീതിയിലാണ്‌ പ്രദേശവാസികളായ മുസ്‌ലീങ്ങളെന്ന്‌ ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസിലെ പ്രധാന ഹരജിക്കാരിലൊരാളായിരുന്ന ഇഖ്‌ബാല്‍ അന്‍സാരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക