Image

വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍

Published on 25 November, 2018
വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍
ലോക ഫാഷനില്‍ ഇന്ത്യ ഇടം നേടിയ വര്‍ഷമാണ് 1994. പതിനെട്ടുകാരിയായ പെണ്‍കുട്ടി തന്റെ സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പില്ലെന്ന് സ്വയം പ്രഖ്യാപിച്ച് വിശ്വസുന്ദരി പട്ടം തലയില്‍ ചൂടിയപ്പോള്‍, രാജ്യത്തിനത് അഭിമാന നിമിഷമായി. നീണ്ട 24 വര്‍ഷങ്ങള്‍, സുസ്മിതാ സെന്നിന്റെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയിട്ടേയുള്ളൂ, സ്ത്രീയെന്ന നിലയിലെ അനുപമമായ തീരുമാനങ്ങളും അവരുടെ വ്യക്തിത്വം പ്രതിജ്വലിപ്പിക്കുന്നു. രണ്ട് കുട്ടികളെ ദത്തെടുത്ത് മാതൃത്വത്തിന്റെ ധന്യതകള്‍ അടുത്തറിഞ്ഞ സുസ്മിത ഈ 43-ാം വയസില്‍ വിവാഹിതയാവുന്നുവെന്ന അഭ്യുഹങ്ങള്‍ നിയുക്തവരന്റെ ഫോട്ടോ സഹിതം പ്രചരിക്കുമ്പോള്‍ അത് നിഷേധിച്ച് തന്റെ പഴയ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് സുസ്മിത.

മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യയെ കടത്തിവെട്ടി
ഐശ്വര്യ റായ് ലോകസുന്ദരി പട്ടം നേടിയതും സുസ്മിത സെന്‍ വിശ്വസുന്ദരി കിരീടം ചൂടിയതും 1994 ലാണ്. അന്നത്തെ മിസ് ഇന്ത്യ മത്സരത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാര്‍ സ്റ്റിച്ച് ചെയ്ത വേഷങ്ങള്‍ ധരിച്ചാണ് ഐശ്വര്യ ഉള്‍പ്പെടെയുള്ളവര്‍ ഫിനാലെയില്‍ പങ്കെടുത്തത്. ഡിസൈനറുടെ ചിലവുകൂടി താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് സുസ്മിതയുടെ അമ്മ ശുഭ്രാ സെന്‍, മാസികകളില്‍ കണ്ട ഗൗണിന്റെ ഡിസൈന്‍ നാട്ടിലുള്ള തയ്യല്‍ക്കാരനെക്കാണിച്ച് കര്‍ട്ടന് ഉപയോഗിക്കുന്ന തുണി വെട്ടി തയ്പ്പിച്ചു. സോക്‌സ് പരിഷ്‌കരിച്ച് ലെയ്‌സ് കൂടി തുന്നിച്ചേര്‍ത്തതോടെ ഔട്ട്ഫിറ്റിനു ചേരുന്ന വെള്ള നിറത്തിലുള്ളൗസും ആയി.

മല്‍സരത്തിനു വേണ്ട വസ്ത്രങ്ങളിലേറെയും തിരഞ്ഞെടുത്തത് ഡല്‍ഹിയില്‍ കുറഞ്ഞവിലയില്‍ തുണിത്തരങ്ങള്‍ ലഭിക്കുന്ന സരോജിനി നഗര്‍ മാര്‍ക്കറ്റിലെ കടകളില്‍ നിന്നാണ്. പണത്തെ വെല്ലുന്ന ആത്മവിശ്വാസത്തിന്റെ പാഠം സുസ്മിത സ്വായത്തമാക്കിയത് കരുത്തയായ ആ അമ്മയില്‍ നിന്നാണ്. കിരീടം നേടുന്നതിനപ്പുറം, സാധാരണക്കാര്‍ക്കും വിജയിക്കാം എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കാണവര്‍ നടന്നടുത്തത്.

സ്ത്രീത്വം എന്നാലെന്ത് എന്നായിരുന്നുഅവസാന റൗണ്ടിലെ ചോദ്യം. '' സ്ത്രീയായി ജനിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഒരു കുഞ്ഞ് ഭൂമിയിലേക്ക് വരുന്നത് അമ്മയില്‍ നിന്നാണ്, അത് സ്ത്രീത്വത്തിന്റെ കരുത്താണ്. അവളാണ് പുരുഷനെ പങ്കുവയ്ക്കാനും ശ്രദ്ധിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്നത്.'എന്ന സുസ്മിതയുടെ ഉത്തരം ഏറെ പ്രശംസ ഏറ്റുവാങ്ങി.

സിനിമയിലേക്കുള്ള വാതില്‍

സൗന്ദര്യ മത്സരങ്ങളിലെ വിജയമാണ് സിനിമാലോകത്തേക്കുള്ള വാതില്‍ തുറന്നത്.

'ദസ്തക'് എന്ന ബോളിവുഡ് ചിത്രം വിജയിച്ചില്ലെങ്കിലും നാഗാര്‍ജുനയ്‌ക്കൊപ്പം തമിഴില്‍ റിലീസായ 'രക്ഷകന്‍' ഹിറ്റായി. 'ബീവി നമ്പര്‍ വണ്ണി'ലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ സുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഷാരുഖ് ഖാനൊപ്പം അഭിനയിച്ച 'മേ ഹൂ നാ'യാണ്. 2006 ല്‍ ബോളിവുഡിലെ സംഭാവനകള്‍ മാനിച്ചുകൊണ്ട് രാജീവ് ഗാന്ധി പുരസ്‌കാരവും സ്വന്തമാക്കി.

അവിവാഹിതയായ അമ്മ

ഇരുപത്തഞ്ചാം വയസില്‍ അപക്വമായി എടുത്ത തീരുമാനമായിരുന്നില്ല സുസ്മിതയുടേത്. വിവാഹം കഴിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതില്‍ തടസമില്ലെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ നിയമയുദ്ധങ്ങള്‍ നടത്തേണ്ടി വന്നിട്ടുമവര്‍ പിന്മാറിയില്ല. 2000-ല്‍ റെനീയെന്ന പെണ്‍കുഞ്ഞിനെ ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍, ഒരു മാതാവിന്റെ എല്ലാ സ്‌നേഹവും കരുതലും ആ മനസ്സില്‍ ഉണ്ടായിരു.

2010ല്‍ അലീസ എന്ന പെണ്‍കുഞ്ഞിനെക്കൂടി ദത്തെടുക്കുന്നതിനെ പലരും എതിര്‍ത്തു. പെണ്‍കുഞ്ഞിന് ശേഷം ആണ്‍കുഞ്ഞിനെ ദത്തെടുക്കുന്നതിനേ ഇന്ത്യന്‍ നിയമം അതുവരെ സാധുത കല്പിച്ചിരുന്നുള്ളു എന്നതും വെല്ലുവിളിയായി.ഡോക്ടര്‍മാര്‍പോലും ആ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെച്ചൊല്ലി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജന്മം നല്‍കുന്ന കുഞ്ഞിന് അസുഖം വരുമ്പോള്‍ കൂടുതല്‍ ചേര്‍ത്തുപിടിക്കുന്ന അമ്മമനസ്സാണ് സുസ്മിത അലീസയോട് കാണിച്ചത്. മകളായി കണ്ട നിമിഷം മുതല്‍ ഒന്നിന്റെ പേരിലും അവളെ കൈവിട്ടുകളയാന്‍ തയ്യാറല്ലെന്നവര്‍ ഉറക്കെ പറഞ്ഞു. ഇന്ന് പത്തൊന്‍പതുകാരിയുടെയും ഒന്‍പതുകാരിയുടെയും അമ്മയുടെ റോള്‍ അങ്ങേയറ്റം ആസ്വദിക്കുകയാണ് മുന്‍ വിശ്വസുന്ദരി.

കുടുംബത്തിലേക്കൊരു പുതിയ അതിഥി?

നാല്പത്തിമൂന്നാം വയസ്സിലും മിസ് ആയി തന്നെ തുടരുന്ന സുസ്മിതയുടെ വിവാഹത്തെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങള്‍ ഇതിനുമുന്‍പും ഒരുപാടുണ്ടായിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം വസിം അക്രം,ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ, ബിസിനസ് ടൈക്കൂണ്‍ സഞ്ജയ് നരംഗ്, സബീര്‍ ഭാട്ടിയ, ഇംതിയാസ് ഖദ്രി അങ്ങനെ പലരുമായി ചേര്‍ത്ത് കഥകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. കുട്ടികളുമൊത്തുള്ള ദീപാവലി ആഘോഷത്തില്‍ സ്വകാര്യത ഏറെ ആഗ്രഹിക്കുന്ന സുഷ്, നോയിഡ സ്വദേശിയും ഫാഷന്‍ മോഡലുമായ റോഹ്മാന്‍ ഷാലിനെ ക്ഷണിച്ചതാണ് പുതിയ സംശയങ്ങള്‍ക്ക് വഴിവച്ചത്.

കുടുംബചിത്രം എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ ഇരുപത്തേഴുകാരനായ റോഹ്മാനുമുണ്ട്. ആഘോഷവേളകളില്‍ പബ്ബില്‍ നൃത്തമാടുന്നതിനേക്കാള്‍ മക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതാണ് സുഷിന്റെ എക്കാലത്തെയും താല്പര്യം. ഇന്ത്യയുടെ പ്രമുഖ ഫാഷന്‍ ഹൗസായസബ്യസാചിയുടെ മോഡലായ റോഹ്മാനെ സുസ്മിത പരിചയപ്പെടുന്നത് ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ്.

സുഷ്മിതയുടെ മുത്തശ്ശന്‍ കവിയായിരുന്നു. ഒഴിവുസമയങ്ങളില്‍ കവിത എഴുതാറുള്ളസുഷിന്, സംഗീതം ഏറെഇഷ്ടമാണ്. റോഹ്മാന്റെ ഗിറ്റാര്‍ വായന താന്‍ ഏറെ ആസ്വദിക്കുന്നതായി സുഷ്മിത പറഞ്ഞിട്ടുണ്ട്.

ഇരുവരും ഒന്നിച്ച് താജ് മഹലില്‍ പോയ ചിത്രത്തിന് 'ലവ് ഓഫ് ലൈഫ് ' എന്ന അടിക്കുറിപ്പ് നല്‍കിയതും ഈ ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്ന തോന്നല്‍ ഉണ്ടാക്കി. എന്നാല്‍ തങ്ങള്‍ ഡേറ്റിംഗില്‍ ആണെന്നും വിവാഹത്തെക്കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ലെന്നുമാണ് പുതിയ പോസ്റ്റിലൂടെ സുഷ് വ്യക്തമാക്കിയത്. കടുത്ത വ്യായാമത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയ്‌ക്കൊപ്പം ഒരു സന്ദേശവുമുണ്ട്. ' ഗോസിപ്പിങ്ങിനു പകരം ശരീര വടിവ് നിലനിര്‍ത്തുന്നതിലെ തന്റെ അര്‍പ്പണബോധത്തെക്കുറിച്ച് ചിന്തിക്കൂ.'


വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍വിവാഹവാര്‍ത്ത നിഷേധിച്ച് സുസ്മിത സെന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക