Image

ശബരിമലക്കോളില്‍ പി.സി ജോര്‍ജിന് കടുത്ത കാവി പ്രേമം (എ.എസ് ശ്രീകുമാര്‍)

Published on 28 November, 2018
ശബരിമലക്കോളില്‍ പി.സി ജോര്‍ജിന് കടുത്ത കാവി പ്രേമം (എ.എസ് ശ്രീകുമാര്‍)
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് അന്തരിച്ച രാഷട്രീയ ചാണക്യന്‍ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് കടിച്ചുകീറാന്‍ നില്‍ക്കുന്നവര്‍ നാളെ കൂടെപ്പിറപ്പുകളാവാം. ഇന്ന് കൂടെ നില്‍ക്കുന്നവര്‍ നാളെ കുതികാല് വെട്ടിയേക്കാം. അതാണ് ലീഡറുടെ ഭാഷയില്‍ 'പ്രായോഗിക രാഷ്ട്രീയം. കേരള രാഷ്ട്രീയത്തില്‍ ഇതാ പുതിയൊരു കൂട്ടുകെട്ട് പിറക്കാന്‍ പോകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനെയും വലതിനെയും ബി.ജെ.പിയെയും നിഷ്പ്രഭമാക്കി നല്ല ഭൂരിപക്ഷത്തില്‍ വിജയശ്രീലാളിതനായ പൂഞ്ഞാറിന്റെ പൊന്നോമന പുത്രന്‍ പി.സി ജോര്‍ജാണ് ദശയുള്ളിടത്ത് കത്തിപായിക്കാന്‍ കച്ചകെട്ടുന്നത്.

ശബരിമല സംഭവവികാസങ്ങളോടെ തങ്ങളുടെ ശുക്രദശ തെളിഞ്ഞു എന്ന് അമിതമായ ആത്മവിശ്വാസത്തോടെ പറയുന്ന ബി.ജെ.പി വിലാസം എന്‍.ഡി.എ മുന്നണിയിലാണ് പി.സിയുടെ തുറിച്ചു നോട്ടവും പ്രഖ്യാപനവും. ശബരിമല വിഷയത്തെ കരുവാക്കി കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുളള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന പി.സി ജോര്‍ജിന്റെ പ്രഖ്യാപനം. ഇടതും വലതും പി.സി ജോര്‍ജിന് മുന്നില്‍ നിഷ്‌കരുണം വാതിലടച്ചതോടെയാണ് പി.സി ബി.ജെ.പിയുടെ നേര്‍ക്ക് മാര്‍ച്ച് ചെയ്യുന്നത്. നിയമസഭയിലും പി.സി ബി.ജെ.പിയോട് സഹകരിക്കും. ഇന്ന് അത് പി.സി തെളിയിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് അലങ്കോലപ്പെട്ട നിയമസഭാസമ്മേളനത്തില്‍ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ചാണ്...പി.സി ജോര്‍ജും.

കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്തില്‍ ഇടതു മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച്, കോണ്‍ഗ്രസ്- ബി.ജെ.പി പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനം നേടിയ ജനപക്ഷം ഇതേ ലക്ഷ്യത്തോടെ ഈരാറ്റുപേട്ട തെക്കേക്കര ഗ്രാമപഞ്ചായത്തിലും വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി. ഇതിനിടെ വിശ്വാസികളെ ദ്രോഹിക്കുന്ന സി.പി.എമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി ജോര്‍ജ് എരുമേലിയില്‍ പറയുകയുണ്ടായി. ബി.ജെ.പിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ജനപക്ഷത്തിന് ഇപ്പോള്‍ സമദൂരമാണെന്ന് പറഞ്ഞ ജോര്‍ജിനെ എന്‍.ഡി.എയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതിലൂടെ പി.സിയുടെ മകനും യുവ ജനപക്ഷം സംസ്ഥാനപ്രസിഡന്റുമായ ഷോണ്‍ ജോര്‍ജിനെ പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്. കുറഞ്ഞത് രണ്ട് ലോക്‌സഭാ സീറ്റെങ്കിലും ജനപക്ഷത്തിന് കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. 

പി.സി.ജോര്‍ജിന്റെ ആകാരവടിവും നാവിന്റെ ബലവും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മാര്‍ക്കറ്റ് ചെയ്യാനാവുമെന്ന് ബി.ജെ.പി ആഞ്ഞു വിശ്വസിക്കുന്നു. അടിപൊട്ടുമ്പോള്‍ മല്ലന്‍മാരെ മുന്നില്‍ നിര്‍ത്തുന്നതുപോലെ. ശബരിമലയിലെ 'നാമജപ അടിപിടി'കളുടെ പശ്ചാത്തലത്തിലും 'ക്വട്ടേഷന്‍ ശരണം വിളി'കള്‍ക്കിടയിലും പി.സി ജോര്‍ജെടുത്ത തീരുമാനം ബി.ജെ.പിക്ക് അനുകൂലമാണ്. ഇത് അദ്ദേഹത്തിന് എന്‍.ഡി.എയിലേക്കുള്ള വഴി സുഗമമാക്കും. കല്ലും മുള്ളും നിറഞ്ഞ കാനനപാതകളല്ല, കഠിനമായ കരിമലകയറ്റവുമല്ല എന്‍.ഡി.എ പ്രവേശനം ലക്ഷ്യം വയ്ക്കുന്ന പി.സി ജോര്‍ജിനു മുന്നിലുള്ളത്. ഇന്ന് നിയമസഭയില്‍ കറുപ്പുടുത്തെത്തിയ ഒ രാജഗോപാലും പി.സി ജോര്‍ജും ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്ന് തൊട്ടും തലോടിയും കുലുങ്ങിച്ചിരിക്കുന്നതും പരസ്പരം ചെവി കടിച്ചുതിന്നുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ കൂടി കാണുകയുണ്ടായി. കാള വാലു പൊക്കുന്നത് എന്തിനാണെന്ന് അപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. സഭയില്‍ പ്രസംഗ സമയം താനും രാജഗോപാലും പങ്കിടാറുണ്ടെന്ന് പി.സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ ആലോചിക്കുന്നതായി പി.സി ജോര്‍ജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിനു ശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും പി.സി ജോര്‍ജും ഒന്നിച്ചാണ് പുറത്തേക്കിറങ്ങിയത്. ബി.ജെ.പിയുടെ നിലപാടിനോട് യോജിച്ചാണ് പി.സി സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചതെന്നും ഇതൊരു മാറ്റത്തിന് തുടക്കമാണെന്നും ശ്രീധരന്‍ പിള്ള പറയുകയുണ്ടായി. കാവി ആഭിമുഖ്യം പി.സി പരോക്ഷമായി പ്രകടിപ്പിച്ചെങ്കിലും തന്റെ ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.  ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് പി.സിയുടെ മണ്ഡലമായ പൂഞ്ഞാര്‍. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷക വേഷം അണിഞ്ഞിരിക്കുന്ന ബി.ജെ.പി പത്തനംതിട്ടയില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടി മുന്നില്‍ക്കണ്ടാണ് ശബരിമല വിഷയത്തില്‍ പി.സി ബി.ജെ.പിക്കൊപ്പം കൂടിയിരിക്കുന്നത്.  പി.സി ജോര്‍ജിനെ നമ്പാന്‍ കൊള്ളാമോ എന്ന കാര്യത്തില്‍ ചില ബി.ജെ.പിക്കാര്‍ക്ക് സംശയമുണ്ട് താനും. 

പി.സി ജോര്‍ജിന് വലിയ സ്വാധീനമുളള പൂഞ്ഞാര്‍ അടക്കമുളള മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ജനപക്ഷത്തെ ഒപ്പം നിര്‍ത്തിയാല്‍ സാധിക്കുമെന്ന് ബി.ജെ.പിയും കണക്ക് കൂട്ടുന്നു. മകന്‍ ഷോണ്‍ ജോര്‍ജിന് പത്തനം തിട്ട ലോക്‌സഭാ സീറ്റ് വെച്ച് നീട്ടി പിസി ജോര്‍ജിനെ പാളയത്തിലെത്തിക്കുക എന്നത് തന്നെയാണ് ബി.ജെ.പിയുടെ പദ്ധതി. ഈ മോഹന വാഗ്ദാനം പി.സി തള്ളാനിടയില്ലെന്നും ബി.ജെ.പി കരുതുന്നു. കേരള കോണ്‍ഗ്രസില്‍ കെ.എം മാണി മകന്‍ ജോസ് കെ മാണിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചിരുന്ന പി.സി, ഇടതും വലതും കൈവിട്ട സ്ഥിതിക്ക് മകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ ബി.ജെ.പി തന്നെ ശരണം എന്ന അവസ്ഥയായിരിക്കുന്നു. പി.സി ജോര്‍ജ് ഒപ്പം നിന്നാല്‍ പത്തനംതിട്ടയില്‍ ഒരു ലോക്‌സഭാ സീറ്റുറപ്പാണെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. 

നിയമസഭയില്‍ ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതിന് പിന്നാലെ എന്‍.ഡി.എയിലേക്ക് പി.സിയെ ബി.ജെ.പി കൊട്ടും കുരവയുമായി ഔദ്യോഗികമായി തന്നെ ക്ഷണിച്ചേക്കും. എന്‍.ഡി.എയുടെ ഭാഗമാകണോ എന്ന കാര്യത്തില്‍ പിസിക്ക് ചില്ലറ ആശയക്കുഴപ്പമുണ്ട്. ബി.ജെ.പിയോട് ഒട്ടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നവര്‍ കൈവിട്ട് കളയുമോ എന്ന ആശങ്കയാണ് പി.സി ജോര്‍ജിനും പാര്‍ട്ടിക്കുമുളളത്. പി.സി ജോര്‍ജിന് പിന്നാലെ െ്രെകസ്തവ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ എന്‍.ഡി.എയില്‍ എത്തുമെന്ന് ശ്രീധരന്‍ പിളളക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം പിള്ളയെ പൊള്ളാതെ രക്ഷിക്കട്ടെ. ആഴ്ചയോടെ കേരള രാഷ്ട്രീയത്തില്‍ പുതിയ സാഹചര്യം ഉരുത്തിരിഞ്ഞ് വരുമെന്നാണ് പിളളയുടെ പ്രതികരണം. ബി.ജെ.പിയോട് അയിത്തമില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ് പി.സി ജോര്‍ജ്. ശബരിമല വിഷയത്തില്‍ തനിക്ക് ബി.ജെ.പിയോട് സ്‌നേഹം കൂടുതലാണ്. താന്‍ നേരത്തെ തന്നെ ബി.ജെ.പിയോട് സഹകരിച്ചിരുന്നുവെന്നും ഇപ്പോഴാണ് അവരുടെ അനുമതി ലഭിച്ചതെന്നും പി.സി ജോര്‍ജ് പ്രതികരിക്കുകയുണ്ടായി.

ശബരിമലക്കോളില്‍ പി.സി ജോര്‍ജിന് കടുത്ത കാവി പ്രേമം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Real Faithful 2018-11-28 18:55:31
ഹിന്ദു മതം" എന്ന് അങ്ങനെ ആർക്കെങ്കിലും സ്വയം ഇഷ്ടപ്രകാരം സ്വീകരിക്കാവുന്ന ഒരു മതം ഇല്ല, അത് ഒരു ജാതി വ്യവസ്ഥ മാത്രമാണ്., അതിന് അംബേദ്കർ പറഞ്ഞത് പോലെ ,അകത്തേയ്ക്ക് വാതിൽ ഇല്ല പുറത്തേയ്ക്ക് മാത്രമാണ് വാതിൽ "
 ivanu thotti pani mathram kodukkam 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക