Image

സംസ്ഥാനത്ത്‌ വീണ്ടും നിപ്പ വൈറസ്‌ ജാഗ്രതാ നിര്‍ദേശം

Published on 30 November, 2018
 സംസ്ഥാനത്ത്‌ വീണ്ടും നിപ്പ വൈറസ്‌ ജാഗ്രതാ നിര്‍ദേശം


മലപ്പുറം : കഴിഞ്ഞ മേയില്‍ കേരളത്തെ നടുക്കിയ നിപ്പ വൈറസ്‌ ബാധയ്‌ക്കെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക്‌ ആരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കിയതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍- ജനുവരി മാസത്തിലാണ്‌ വവ്വാലുകളുടെ ഇണചേരല്‍ സമയം.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വൈറസ്‌ പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ്‌ നടപടി. പഴങ്ങളും പച്ചക്കറികളും കഴിക്കുമ്‌ബോള്‍ ജാഗ്രത പാലിക്കണമെന്നാണ്‌ നിര്‍ദേശം. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ളവ സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്‌.

ഇതിനൊപ്പം അസ്വാഭാവിക മരണങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കണം. ആശുപത്രി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ മേയിലുണ്ടായ നിപ ബാധയില്‍ കോഴിക്കോട്‌, മലപ്പുറം ജില്ലകളിലായി 18 പേര്‍ക്ക്‌ രോഗം ബാധിച്ചുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇതില്‍ 16 പേര്‍ മരിച്ചു. എന്നാല്‍ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലില്‍ 23 പേര്‍ക്ക്‌ രോഗം ബാധിച്ചതായുള്ള വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.



ഈ സമയത്ത്‌ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന്‌ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അന്ന്‌ നിപ്പ വൈറസിന്റെ വ്യാപനത്തിന്‌ ഇടയാക്കിയ വവ്വാലിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ വവ്വാലിന്റെ പ്രചരണ കാലത്ത്‌ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക