Image

കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിക്കുന്ന കേന്ദ്ര സ്‌നേഹം

ശ്രീകുമാര്‍ Published on 30 November, 2018
കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിക്കുന്ന കേന്ദ്ര സ്‌നേഹം
നൂറ്റാണ്ട് കണ്ട കേരളത്തിലെ മഹാപ്രളയ രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങള്‍ എത്തിയതിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നല്‍ണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചപ്പോള്‍ അതൊരു ഞെട്ടലായി. വിദേശ മലയാളികളും വ്യക്തികളും പ്രസ്ഥാനങ്ങളും കൈയയച്ച് കേതളത്തെ സഹായിക്കുമ്പോഴാണ് രക്ഷാ ദൗത്യത്തിന് കേന്ദ്രം കൂലിചോദിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന വിമാനങ്ങള്‍ വിട്ടുനല്‍കിയതിന് മാത്രമായി 25 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയകാലത്ത് സൗജന്യ അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്ര നടപടി വന്‍ വിവാദമായിരുന്നു. പിന്നാലെയാണ് രക്ഷാദൗത്യത്തിന് വിമാനം വന്നതിനും പണം ചോദിക്കുന്നത്. അരിയും മണ്ണെണ്ണയും സൗജന്യമാക്കണമെന്ന ആവശ്യവും ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇതടക്കം സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 

പ്രളയത്തില്‍ 26718 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. 31000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടയിത് 2683.18 കോടി രൂപ മാത്രമാണ്. അമേരിക്കയിലെ മലയാളികള്‍ വ്യക്തിപരമായും സംഘടനാപരവുമായൊക്കെ ദുരിതാശാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന നല്‍കുകയും ചെയ്തു. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചെലവായി. അതേസമയം ഏറെ കാത്തിരിപ്പിന് ശേഷം ദുരിതാശ്വാസത്തിനായി 2500 കോടി രൂപ ദുരിതാശ്വാസ അധികസഹായം കേന്ദ്രം അംഗീകരിച്ചു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നേരത്തേ 600 കോടി നല്‍കിയതിന് പുറമെയാണ് ഈ സഹായം. എന്നാല്‍ ദുരന്ത പ്രതികരണഫണ്ടില്‍ നിന്നുള്ള തുക മുഴുവന്‍ ചെലവഴിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പ്രളയ ദുരന്തത്തിന് നവംബര്‍ 25-ാം തീയതി 100 ദിവസം തികഞ്ഞിരുന്നു. 483 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അഞ്ചര ലക്ഷത്തിലേറെ വീടുകള്‍ തകര്‍ന്നു. മറ്റ് ഭീമമായ നാശനഷ്ടങ്ങള്‍ വേറെ. ദുരന്തങ്ങള്‍ക്കിരയായ ലക്ഷക്കണക്കിന്  ആളുകള്‍ ഇപ്പോഴും സഹായമൊന്നും കിട്ടാതെ കണ്ണീരിലാണ്. ഒപ്പം തകര്‍ന്നടിഞ്ഞുപോയ അടിസ്ഥാന സൗകര്യങ്ങളും വീണ്ടെടുക്കാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു.  ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മിതിയെക്കുറിച്ച് കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും നടത്തിയ പഠനത്തിനു ശേഷം 31,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.  കേരളം ആവശ്യപ്പെട്ടത് 5000 കോടിരൂപയും, കേന്ദ്രം നല്‍കിയത് 600 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തെ സഹായിക്കാന്‍ തയ്യാറായ യു.എ.ഇ പോലെയുള്ള രാജ്യങ്ങളുടെ പണം സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്രം കേരളത്തെ വിലക്കുകയും ചെയ്തു. ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടി രൂപയും തുടര്‍ന്നുണ്ടായ പ്രളയ നഷ്ടത്തിന് 4,796 കോടിയും ഉള്‍പ്പെടെ കേരളം 5,616 കോടി രൂപയാണ് കേന്ദ്രത്തോട് അന്ന് ചോദിച്ചത്. പ്രത്യേക സഹായമായാണ് 5,000 കോടി രൂപയുടെ പായ്‌ക്കേജും ആവശ്യപ്പെട്ടത്. ഈ തുക മുഴുവന്‍ അനുവദിച്ചാലും കേരളത്തിന്റെ നഷ്ടം നികത്താനാവില്ല. 26,000 കോടി രൂപ വേറെ കണ്ടെത്തേണ്ടി വരും.

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയില്‍ വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടുവെന്നു പറയാം. നദികള്‍ കരകവിഞ്ഞൊഴുകിയത് റോഡ്, റെയില്‍, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. 

തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായതായും 140 പേര്‍ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ അറിയിച്ചു. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രളയത്തെത്തുടര്‍ന്ന് ആഗസ്റ്റ് 28 വരെ നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങള്‍ സംസ്‌കരിച്ചു. പ്രളയം സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. ഇവ ഏകദേശം 10,000 കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക നിഗമനം. തോരാതെ പെയ്ത മഴയും വിവിധ അണക്കെട്ടുകളില്‍ നിന്നുള്ള കുത്തൊഴുക്കും മണ്ണിടിച്ചിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാക്കി. ഇത് കേരളത്തിലെ റോഡ്, ട്രെയിന്‍ ഗതാഗതത്തെയും അതുപോലെ വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചു. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാവുകയും ഒലിച്ചുപോവുകയും ചെയ്തു. അതു പോലെ നിരവധി പാലങ്ങള്‍ തകരുകയും ചെയ്തു. സംസ്ഥാനത്തെ കര്‍ഷകരുടെ ജീവിതത്തിനുമേല്‍ ദുരന്തം കരിനിഴല്‍ വീഴ്ത്തിയ വര്‍ഷമാണ് 2018 എന്നു പറയാം. 

അതിവര്‍ഷത്തിന് അകമ്പടിയായെത്തിയ ശക്തമായ കാറ്റും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും അനേകം കര്‍ഷകരുടെ ജീവനെടുക്കുകയും അവരുടെ ജീവനോപാധികള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുകയും ഭാവി ജീവിതം ചോദ്യചിഹ്നമാക്കുകയും ചെയ്തു. പച്ചക്കറി, വാഴ, നെല്ല്, കപ്പ, നാണ്യവിളകള്‍ തുടങ്ങി അതിവര്‍ഷത്തില്‍ നശിക്കാത്ത യാതൊരു വിളകളും സംസ്ഥാനത്തില്ല. പേമാരിയിലും പ്രളയത്തിലും സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായി. 25 ലക്ഷം ആളുകളുടെ വൈദ്യുതി കണക്ഷന്‍ നഷ്ടപ്പെട്ടു. അതോടൊപ്പം 28 സബ് സ്‌റ്റേഷനുകളും അഞ്ച് ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു.

കേരളത്തിലുടനീളം സംസ്ഥാന പോലീസ് സേനയ്ക്കും അഗ്‌നിരക്ഷാ സേനയ്ക്കും നാട്ടുകാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമൊപ്പം ചേര്‍ന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായി. അടിയന്തര സാഹചര്യം മുന്‍നിറുത്തി വ്യോമസേനയുടെ തിരുവനന്തപുരത്തേയും നാവികസേനയുടെ കൊച്ചിയിലേയും വിമാനത്താവളങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉടനടി തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. അതീവ ഗുരുതര സാഹചര്യമുണ്ടായിരുന്ന ചില പ്രദേശങ്ങളില്‍ സൈന്യം ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുവെന്നതും നേര്. 

എല്ലാ സൈനിക വിഭാഗങ്ങളില്‍നിന്നായും തീരസംരക്ഷണ സേനയില്‍നിന്നുമായി വലിയൊരു സംവിധാനം കേരളത്തില്‍ പ്രവര്‍ത്തിച്ചു. അതുപോലെതന്നെ തീര സംരക്ഷണ സേനയുടെ 42 ടീമുകള്‍,  ഹെലിക്കോപ്റ്ററുകള്‍,  കപ്പലുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. എഞ്ചിനീയറിംഗ ടാസ്‌ക് ഫോര്‍സ് അവരുടെ 10 ടീമുകളിലെ 790 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനു വിന്യസിപ്പിച്ചിരുന്നു. വ്യോമസേനയുടെ ഓപ്പറേഷന്‍ കരുണ, കരസേനയുടെ ഓപ്പറേഷന്‍ സഹയോഗ്, നാവികസേനയുടെ ഓപ്പറേഷന്‍ മദദ് എന്നിങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് കേരളത്തില്‍ നടന്നത്. അതിനാണിപ്പോള്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിക്കുന്ന കേന്ദ്ര സ്‌നേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക