Image

ഛത്തീസ്ഗഡില്‍ ബിജെപിയെ കോണ്‍ഗ്രസ് മറിച്ചിടുമെന്ന് സി വോട്ടര്‍ എക്‌സിറ്റ് പോള്‍

Published on 07 December, 2018
ഛത്തീസ്ഗഡില്‍ ബിജെപിയെ കോണ്‍ഗ്രസ് മറിച്ചിടുമെന്ന് സി വോട്ടര്‍ എക്‌സിറ്റ് പോള്‍

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഭരണസാധ്യതയെന്ന് സിവോട്ടര്‍ എക്‌സിറ്റ് പോള്‍. എന്നാല്‍ മികച്ച വിജയം പ്രവചിക്കുന്നില്ല. കോണ്‍ഗ്രസിന് 42 മുതല്‍ 50 സീറ്റ് വരെ ലഭിക്കുമെന്നാണ് സി വോട്ടര്‍ പറയുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 35-42 സീറ്റ് ലഭിക്കുമെന്നും പറയുന്നു. ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് 3-7 സീറ്റ് കിട്ടിയേക്കാം.

എന്നാല്‍ ബിജെപി ഛത്തീസ്ഗഡില്‍ ഭരണം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. ബിജെപി 46 സീറ്റ് നേടുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 35 സീറ്റ് ലഭിക്കും. ബിഎസ്പിക്ക് ഏഴ് സീറ്റും മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റും ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കുന്നു.

ഛത്തീസ്ഗഡ് കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് നേരിട്ടുള്ള മല്‍സരം. ഇത്തവണ കളി അല്‍പ്പം മാറും. കാരണം അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം കക്ഷിയായി നില്‍ക്കുന്നു.

ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി. കര്‍ണാടകയില്‍ ജെഡിഎസിന് അവസരം ലഭിച്ച പോലെ ഛത്തീസ്ഗഡില്‍ അജിത് ജോഗി വാഴുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്നും ബിജെപിക്ക് വീണ്ടും വിജയിക്കാന്‍ അവസരമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലുണ്ട്.

90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക