Image

സ്വേച്ഛാധിപത്യം സെന്‍ട്രല്‍ ബാങ്കിനെ കീഴ്‌പെടുത്തി (ബൈജു സ്വാമി)

Published on 10 December, 2018
സ്വേച്ഛാധിപത്യം സെന്‍ട്രല്‍ ബാങ്കിനെ കീഴ്‌പെടുത്തി (ബൈജു സ്വാമി)

ഗുരുമൂര്‍ത്തിയും മറാത്തെയും റിസര്‍വ് ബാങ്കില്‍ നുഴഞ്ഞു കയറുന്ന സമയത്തു തന്നെ ഞാന്‍ പ്രതീക്ഷിച്ച ദുരന്തം ഇന്ന് നടന്നു.

ഉര്‍ജിത് പട്ടേല്‍ എന്ന മുകേഷിന്റെ ഭൃത്യന്റെ രാജി ആയല്ല ഈ രാജിയെ ചരിത്രത്തില്‍ രേഖപ്പെടുത്തുക,അത് ഇന്ത്യയിലെ സ്വേച്ഛാധിപത്യം സെന്‍ട്രല്‍ ബാങ്കിനെ പോലും കീഴ്‌പെടുത്തി എന്ന രീതിയിലാകും. ഡെപ്യുട്ടി ഗവര്‍ണര്‍ ആയ വിരല്‍ ആചാര്യ രാജി സമര്‍പ്പിച്ചു എന്നും വാര്‍ത്തകള്‍ ഉണ്ട്.

ഇതിന്റെ പ്രത്യാഘാതം ഗുരുതരം ആണ്. രാഷ്ട്രീയ നിയന്ത്രണത്തില്‍ സെന്‍ട്രല്‍ ബാങ്ക് എന്ന് വെച്ചാല്‍ ആ രാജ്യത്തിന്റെ കറന്‍സി മറ്റ് രാജ്യങ്ങള്‍ സംശയത്തോടെ മാത്രമേ കാണൂ. ആഫ്രിക്കന്‍ രാജ്യങ്ങളുടെ loc കയറ്റുമതി ചെയ്യുന്നവര്‍ സ്വീകരിക്കാറില്ല. അത് അവിടെയുള്ള ഗാങ് വാര്‍ മൂലം എപ്പോള്‍ വേണമെങ്കിലും കറന്‍സി പേപ്പറിനു തുല്യമാകും.

ഇന്ത്യന്‍ സാഹചര്യത്തില്‍ RSS ഇന്ത്യയിലെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനും തകര്‍ത്തു തരിപ്പണമാക്കി അവരുടെ പിണിയാളുകളെ തിരുകി സോവിയറ്റ്, ഉത്തര കൊറിയ മോഡല്‍ ടോട്ടാലിറ്റേറിയന്‍ ഭരണം പിന്തുടരാനുള്ള ശ്രമമാണ്. ഇനി കോടതികള്‍ മാത്രമേ മിച്ചമുള്ളൂ.

പണ്ട് ഭരണ മാറ്റം വരുമ്പോള്‍ ഇത് പോലെ ഭരണഘടന സ്ഥാപനങ്ങളെ അംബുഷ് ചെയ്യാറില്ല. കാരണം എല്ലാ പാര്‍ട്ടികളും ഏകദേശം ഒരേ രീതിയില്‍ ചിന്തിക്കുന്ന സ്വഭാവം ആയിരുന്നു. അഴിമതികളില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. ഇപ്പോളാണ് ഇന്ത്യയില്‍ യെതാര്‍ത്ഥ വലതു പക്ഷ ഭരണകൂടം നിലവില്‍ വരുന്നത്. എല്ലാം നാഗ്പൂരിന്റെ ആജ്ഞാനുവര്‍ത്തികള്‍ ആകുന്നു.
മടിക്കുന്നവരെ പുകച്ചു പുറത്ത് ചാടിക്കുന്നു.

ഇതൊക്കെ ഇന്ത്യ ഒരു തരം ബനാന റിപ്പബ്ലിക് ആവുന്നു എന്നതിന്റെ സൂചന ആയി നിക്ഷേപകര്‍ കാണും. Institutional credibility ഒക്കെ നഷ്ടപ്പെടുത്തും.രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയും. ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ബാങ്കുകള്‍ ഡോമിനോ ഇഫക്ടില്‍ അടച്ചു പൂട്ടേണ്ട അവസ്ഥ ഉണ്ടാവും.

കുറച്ചു നാള്‍ മുന്‍പ് ഞാന്‍ എഴുതിയത് പോലെ സെല്‍ഫ് റെസ്പെക്ട് ഉള്ള ഒരു ബാങ്കറും സെന്‍ട്രല്‍ ബാങ്ക് രാഷ്ട്രീയ നിയന്ത്രണത്തില്‍ ആയാല്‍ തുടരില്ല. സഹകരണ ബാങ്ക് അല്ല സെന്‍ട്രല്‍ ബാങ്ക്.ഒരു രാജ്യത്തെ കറന്‍സിയുടെ, മൂല്യത്തിന്റെ കാവല്‍ അവരാണ്.

ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ ഒരു വലിയ ക്രോസ്റോഡില്‍ ആണ്. അതിവേഗം RSS ന്റെ നിയന്ത്രണത്തില്‍ അമരുന്ന ഭരണ ഘടന സ്ഥാപനങ്ങള്‍ പ്രതിരോധിക്കാന്‍ രാഷ്ട്രീയ സമന്വയം ഇല്ല. എല്ലാവരും പശുവിന്റെ പുറകെ ആണ്. ഒരു കാര്യം തെളിച്ചു പറയാം.

ഇന്ത്യയിലെ ന്യൂന പക്ഷം 30 കോടിയോളം ഉണ്ട്. അവരെ മുഴുവന്‍ ആരും കൊന്നൊടുക്കില്ല. അങ്ങനെ ഭീതി പരത്തി സാമ്പത്തിക രംഗത്തുള്ള ഇത്തരം കൊള്ള ആണുദ്ദേശം. ബാങ്കില്‍ നിന്നും ഇറങ്ങി വരുന്നവരുടെ ശ്രദ്ധ തെറ്റിക്കാന്‍ മലം എറിയുന്ന പഴയ തന്ത്രം മാത്രമാണിപ്പോള്‍ നടക്കുന്നത് എന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാവും.

അത് കൊണ്ട് ഒരു ജനകീയ മുന്നേറ്റം ധനകാര്യ രംഗത്തെ തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവരാന്‍ ആവശ്യമാണ്. ഇപ്പോള്‍ അതില്ല എന്നോര്‍ക്കുക. അല്ലെങ്കില്‍ ഈ കൊള്ള തീരുമ്പോള്‍ രാജ്യം അതീവ ദരിദ്രമാകും.

ഇതൊക്കെ ഇക്കൂട്ടര്‍ ഇന്തോനേഷ്യ, ഫിലിപൈന്‍സ്, അര്‍ജെന്റിന,ചിലി, പെറു പോലെ വലതുപക്ഷ ഭരണത്തില്‍ നിരവധി രാജ്യങ്ങളില്‍ ചെയ്തു പുറത്ത് കടന്നിട്ടുണ്ട്. ഇന്ത്യന്‍ ജനതയും ജീവിതം വഴിമുട്ടി കഴിയുമ്പോള്‍ അടുത്ത ദശകത്തില്‍ തെരുവിലിറങ്ങും, ചോരപ്പുഴ ഒഴുക്കി കൊളോണിയലിസ്റ്റുകളുടെ പിണിയാളുകളായ വലതു പക്ഷ മര്ദക ഭരണകൂടത്തെ പുറത്താക്കും. അതുറപ്പാണെന്നു അവര്‍ക്കുമറിയാം.

പക്ഷേ എല്ലാ കള്ളന്മാര്‍ക്കും അറിയാം അവരെന്നെങ്കിലും പിടിക്കപ്പെടുമെന്ന്. പക്ഷേ അതിന് മുന്‍പ് അവര്‍ കഴിയുന്നത്ര മോഷ്ടിക്കും. ഇക്കാര്യത്തില്‍ അത് കുറേ ട്രില്യണ്‍ ഡോളര്‍ ആകുമെന്ന് മാത്രം. അവര്‍ പുറത്താകുമ്പോള്‍ സമ്പൂര്‍ണ ദാരിദ്ര്യം ആവും മിച്ചം.

ഈ ഘട്ടത്തില്‍ രൂപ എങ്ങിനെ ട്രേയ്ഡ് ചെയ്യുന്നു എന്നാണ് ഞാന്‍ ശ്രദ്ധിക്കുക. ബോണ്ട് യീല്‍ഡും ഉയര്‍ന്നേക്കും. അതാവും സൂചന. നാളെ രൂപ ഡോളറിനെതിരെ 3% തകര്‍ന്നാല്‍ ഞാന്‍ അത്ഭുത പെടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക