Image

മതില്‍ പണിയുന്നത് ആര്‍ക്കു വേണ്ടി? (ജയ് പിള്ള)

Published on 23 December, 2018
മതില്‍ പണിയുന്നത് ആര്‍ക്കു വേണ്ടി? (ജയ് പിള്ള)
കേരളത്തിന്റെ ഇടതു, ഡിഫി ചരിത്രം നോക്കിയാല്‍ ചങ്ങലയും, മതിലുകളും കൊണ്ട് നിറഞ്ഞതാണ്. കേരളത്തിന്റെ നവോഥാന മൂല്യം ഉയര്‍ത്തിപ്പിടിയ്ക്കാന്‍ മതില്‍ പണിയുന്നതിന് പകരം ജാതി മതിലുകള്‍ തകര്‍ക്കുക ആണ് വേണ്ടത്. അതിന്നു വേണ്ടി നാനാജാതി മതസ്ഥരുടെ കൂട്ടുത്തരവാദിത്വം ഉറപ്പു വരുത്തുവാന്‍ ആണ് സര്‍ക്കാര്‍ ശ്രമിയ്‌ക്കേണ്ടത്.

ജനുവരി ഒന്നിന് പണിയുന്ന മതില്‍ കേരളത്തിലെ ഹിന്ദു മത ന്യുനപക്ഷത്തിനും, ഭൂരിപക്ഷത്തിനും ഇടയിലും, ഹിന്ദുവിനും, ഇസ്ലാമിനും, ക്രിസ്ത്യാനിയ്ക്കും ഇടയിലൂടെ ആണെന്നും ഇടതു പക്ഷം തിരിച്ചറിയുക.

ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് നവോഥാന മൂല്യങ്ങള്‍ അല്ല മറിച്ചു മത സ്പര്‍ദ്ധയും, ജാതി സ്പര്‍ദ്ധയും, വിവേചനവും വളര്‍ത്തുക എന്ന അജണ്ട ആണ്.

ഈ മതിലിന് ജനം അറിയാത്ത ഒരു പ്രത്യേകത കൂടി ഉണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന മൂല്യം സ്വയം മനസ്സിലാക്കുന്നവന്റെ കുറ്റ ബോധത്തില്‍ നിന്നുള്ള ഒരു തിരിച്ചറിവ്l കൂടി ആണിത്. വിവിധ മത വിഭാഗങ്ങളുടെ നേതൃതലത്തില്‍ സര്‍ക്കാരിന് നേരെ ഉള്ള പ്രതികൂല വികാരം കൂടി കണക്കിലെടുത്തു അടുത്തു വരുന്ന തെരഞ്ഞെടുപ്പിലേക്കുള്ള ഒരു മുന്നൊരുക്കം കൂടി ആണിത്.

ഓഖി, പ്രളയ ഫണ്ടുകളിലൂടെ കോടികളുടെ തിരിമറിയില്‍ നിന്നുള്ള ഒരു സ്വയം രക്ഷപ്പെടല്‍. ഓഖി ഫണ്ട് എവിടെപ്പോയി എന്ന് ആര്‍ക്കും അറിയില്ല. അതിനു ശേഷം കിട്ടിയ പ്രളയ ഫണ്ടും ഗോവിന്ദ. ഇതിന്നിടയില്‍ വീണുകിട്ടിയ സുവര്‍ണ്ണ അവസരം ആണ് ശബരിമല. അത് ശരിയ്ക്കും മുതലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

കേരളത്തിലെ ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരില്‍ അസ്വസ്ഥനാക്കി ഫണ്ടുകള്‍ തിരിമറി നടത്തുവാന്‍ നടത്തുന്ന പരിപാടിയ്ക്ക് കുഴലൂത്തുമായി മാധ്യമങ്ങള്‍ കൂടി ആയപ്പോള്‍ എല്ലാം ശുഭം.

ഇനി വനിതാ ശാക്തീകരണം ആണ് ലക്ഷ്യം. അവര്‍ ഇടത്തോട്ട് വിളിച്ചാല്‍ ചുവപ്പുകര ഉടുത്തു എവിടെയും കൈകോര്‍ക്കും. ഇനി ശശി പീഡന കഥകള്‍ ആവര്‍ത്തിച്ചാലും കുഴപ്പമില്ല. ഇടതു സര്‍ക്കാരിന്റെ ശാക്തീകരണ 'ശശികളെ 'ആരും മറന്നിട്ടില്ല എന്ന് കരുതുന്നു.

പ്രളയത്തിന് പിരിച്ചു കിട്ടിയത് കൊണ്ട് കേരളത്തിലെ 'അമ്മ പെങ്ങന്മാര്‍ക്കു സ്വസ്ഥമായി ഉറങ്ങാന്‍ കൂര കെട്ടി കൊടുക്കാതെ പള്ള വീര്‍പ്പിക്കുന്നവന്റെ ഏമ്പക്കം ആണ് ഈ മതില്‍. നാണമില്ലാത്തവന്റെ ജാതി മതില്‍. കമ്യൂണിസ്റ്റുകാര്‍ യഥാര്‍ത്ഥ സ്ത്രീ സമത്വവാദികള്‍ ആണ് എങ്കില്‍ ഗൗരി അമ്മയും ഇന്ന് മഞ്ജു വാര്യരും ഇതുപോലെ അവഹേളിയ്ക്കപെടുക ഇല്ലായിരുന്നു.

പി കെ ശശിയെ നിയമത്തിനു മുന്‍പിലേക്ക് സി പി എം നീക്കി നിറുത്തിയേനെ. കേരളത്തിലെ ഒട്ടനവധി അനാവശ്യ പീഡന കഥകള്‍ കെട്ടിചമയ്ക്കപ്പെടുക ഇല്ലായിരുന്നു. പരാജയ ഭീതി, ഹിന്ദു മതത്തിനു ഉള്ളില്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന വോട്ടു ചോര്‍ച്ച അത് തടയുവാന്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പാര്‍ട്ടി പരിപാടി എന്നല്ലാതെ എന്ത് വിശേഷണം ആണ് ഇതിനു ഉതകുക?

മല ഇറങ്ങിയിട്ട് വേണം ഇനി പള്ളിയിലെ കോടതി വിധി ഒന്ന് നടപ്പിലാക്കി കൊടുക്കാന്‍. തെരെഞ്ഞെടുപ്പില്‍ കൂടെ നിന്ന് സഹായിച്ച ക്രൈസ്തവ ന്യൂനപക്ഷത്തെ (പ്രൊട്ടസ്റ്റന്റുകളെ) എങ്ങിനെ എങ്കിലും പള്ളി പ്രശ്‌നത്തില്‍ സഹായിക്കണം എന്നുണ്ട് പക്ഷെ കയറിയ മല ഇറങ്ങാന്‍ കഴിഞ്ഞിട്ട് വേണ്ടേ.?

കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്ക് കേരളത്തില്‍ ഏതു രീതിയിലുള്ള 'മതിലും ' പണിയുവാന്‍ കഴിയും. പക്ഷെ അടിക്കല്ലിളകിയ പണിക്കാരുടെയും മതിലിന്റെയും ശക്തി എത്രത്തോളം ഇനി നിലനില്‍ക്കും എന്നതാണ് പാര്‍ട്ടി സ്വയം വിലയിരുത്തേണ്ടത്. കുരങ്ങിന്റെ വാലിന്റെ അവസ്ഥയ്യായി ഇന്ന് സര്‍ക്കാരിന്.

'പാര്‍ട്ടി 'പണിയുന്ന 'മതിലുകള്‍' എത്രത്തോളം 'സുതാര്യം' ആണെന്ന് അതില്‍ പങ്കെടുക്കുന്ന വനിതകളെ എങ്കിലും ബോധ്യപ്പെടുത്താന്‍ ഇടതു നേതൃത്വത്തിന് ബാധ്യത ഉണ്ട് എന്ന് കൂടി അടിവരയിടുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക