Image

ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം (മുരളി തുമ്മാരുകുടി)

Published on 25 December, 2018
ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം (മുരളി തുമ്മാരുകുടി)
ഇന്തോനേഷ്യയില്‍ മറ്റൊരു സുനാമിയോടയാണ് 2018 അവസാനിക്കുന്നത്. 2004 ലെ സുനാമിയുടെ വാര്‍ഷികമാണല്ലോ ഡിസംബര്‍ 26. ആ സുനാമിയില്‍ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂകന്പമാണ് സുനാമിയുണ്ടാക്കി ഇന്‍ഡോനേഷ്യ മുതല്‍ സോമാലിയ വരെ ആഞ്ഞടിച്ചത്. സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നത്.

എല്ലാ വര്‍ഷവും ഡിസംബര്‍ 26 ന് ആ വര്‍ഷമുണ്ടായ ദുരന്തങ്ങള്‍, ദുരന്ത ലഘൂകരണ രംഗത്തെ മാറ്റങ്ങള്‍, ദുരന്തത്തിന് തയ്യാറെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് മലയാളികള്‍ക്കായി ഒരു ലേഖനം ഞാന്‍ എഴുതാറുണ്ട്. ഇത്തവണയും പതിവു തെറ്റിക്കുന്നില്ല.

ദുരന്തത്തിന്റെ നിഴലില്‍ തുടക്കം: 2017 നവംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ നിഴലിലാണ് 2018 ആരംഭിക്കുന്നത്. ആ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെപ്പറ്റി വ്യാപകമായ വിമര്‍ശനമുണ്ടായി. കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യതയെക്കുറിച്ച്, കിട്ടിയ മുന്നറിയിപ്പുകള്‍ യഥാസമയങ്ങളില്‍ ആളുകളെ അറിയിക്കുന്നതില്‍, ദുരന്തബാധിതരെ മുഖ്യമന്ത്രി സമയത്തിനു സന്ദര്‍ശിച്ചില്ല എന്നതൊക്കെ ചര്‍ച്ചയായി. വിമര്‍ശനം വന്നതു കൊണ്ടാകണം ദുരന്തത്തിലകപ്പെട്ട് മരിച്ചവര്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കി. 2018 ലെ ബജറ്റില്‍ മത്സ്യത്തൊഴിലാളികളുടെ ദുരന്ത നിവാരണത്തിനായി പണം വകയിരുത്തുകയും ചെയ്തു.

നിപ്പ വരുന്നു: 2018 ലെ ഒന്നാമത്തെ ദുരന്തം മെയ് മാസത്തില്‍ നിപ്പ പനിയുടെ രൂപത്തിലാണ് കേരളത്തിലെത്തിയത്. നിപ്പ എന്ന വാക്കോ രോഗമോ മലയാളികള്‍ മുന്‍പ് കേട്ടിട്ടുള്ളതല്ല.

മലേഷ്യന്‍ പുഴയോരങ്ങളില്‍ കാണുന്ന ഒരുതരം പനയാണ് നിപ്പ. അവിടെയുള്ള ഒരു നദിയാണ് സുംഗയ് നിപ്പ. നദിയുടെ സമീപത്ത് പന്നി വളര്‍ത്തുന്ന ഗ്രാമങ്ങളിലാണ് ഈ പനി 1999 ല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണ് ഈ പനിക്ക് നിപ്പ പനി എന്ന പേര് വന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതും വന്നു കഴിഞ്ഞാല്‍ പത്തില്‍ എട്ടുപേരും മരിച്ചു പോകുന്നതുമായ ഈ മാരകരോഗം മലേഷ്യയിലും ബംഗ്ലാദേശിലും ഒക്കെയാണ് കൂടുതല്‍ വന്നിട്ടുള്ളത്.

കേരളത്തില്‍ നിപ്പ പനി മുന്‍പ് ഉണ്ടായിട്ടുള്ളതല്ലാഞ്ഞിട്ടും, നമ്മുടെ ഡോക്ടര്‍മാര്‍ അതീവ ജാഗ്രതയുള്ളവരും ലോകമാകമാനമുള്ള മെഡിക്കല്‍ രംഗം ശ്രദ്ധിക്കുന്നവരുമായതിനാല്‍ പനി ബാധിച്ച രണ്ടാമത്തെ ആളില്‍ നിന്നു തന്നെ നിപ്പ സ്ഥിരീകരിച്ചു. ആദ്യം രോഗം ബാധിച്ചവരെ രക്ഷിക്കാന്‍ പറ്റിയില്ല. ആദ്യത്തെ രോഗികളെ ചികില്‍സിച്ച നഴ്സ് ഉള്‍പ്പെടെ അനവധി പേര്‍ക്ക് പനി പകര്‍ന്നതോടെ കേരളം നിപ്പ ഭീതിയിലായി. പേരാന്പ്രയിലെ റോഡുകളില്‍ ആളനക്കം നിന്നു, കോഴിക്കോട് വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും യാത്രക്കാരല്ലാത്തവര്‍ ഇല്ലാതായി. കോഴിക്കോട് നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തവരെ ആളുകള്‍ സംശയത്തോടെ നോക്കിത്തുടങ്ങി.

ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെയും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോക്ടര്‍ സരിതയുടെയും ശക്തവും വ്യക്തിപരവുമായ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഈ വെല്ലുവിളിയെ സധൈര്യം നേരിട്ടു. ആശുപത്രിയിലും നാട്ടിലും രോഗികളെയും ബന്ധുക്കളെയും മറ്റുള്ളവരുമായി ബന്ധപ്പെടുത്താതെ, നന്നായി ബോധവല്‍ക്കരണം നടത്തി. ഒരു മാസത്തിനകം സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി. മരണസംഖ്യ രണ്ടു ഡസനില്‍ താഴെ നിന്നു. ലോകത്ത് നിപ്പ പനിയുണ്ടാകുന്ന മറ്റു സ്ഥലങ്ങളില്‍ ഏകദേശം നൂറോളം പേരാണ് ഇത്തരം സാഹചര്യങ്ങളില്‍ മരണപ്പെടാറ്. ശരിയായ നടപടികള്‍ വേഗത്തില്‍ ചെയ്തതിനാലാണ് രോഗം തടഞ്ഞുനിര്‍ത്താനും മരണസംഖ്യ കുറക്കാനും സാധിച്ചത്.

എന്നുവെച്ച് എല്ലാ കാര്യങ്ങളും ശരിയായി നടന്നുവെന്നല്ല പറഞ്ഞുവന്നത്. കേരളത്തിലെ മെഡിക്കല്‍ സംവിധാനങ്ങളിലുള്ളവരുടെ വ്യക്തിസുരക്ഷാ കാര്യങ്ങള്‍ക്ക് എത്ര കുറച്ചു സംവിധാനങ്ങളാണ് നിലവിലുള്ളതെന്നു മനസിലാക്കിയ അവസരമായിരുന്നത്. ശരിയായ വ്യക്തിസുരക്ഷാ പരിശീലനം ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല, എന്താണ് കൃത്യമായ വ്യക്തിസുരക്ഷാ ഉപകരണങ്ങളെന്ന് ആര്‍ക്കുമറിയില്ല, അറിയുന്നവര്‍ക്ക് തന്നെ അതിനുവേണ്ട സംവിധാനങ്ങള്‍ ലഭ്യമല്ല, ഉപയോഗം കഴിഞ്ഞ വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനും ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും സംവിധാനങ്ങളില്ല എന്നിങ്ങനെ കുഴപ്പങ്ങള്‍ പലതുണ്ടായിരുന്നു. ഇതിനൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. നിപ്പ സമയത്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് അവാര്‍ഡ് കൊടുത്തതെല്ലാം നല്ല കാര്യമാണെങ്കിലും, വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യുന്നവര്‍ക്കുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നൂറു കോടി രൂപയെങ്കിലും ബഡ്ജറ്റില്‍ വക കൊള്ളിക്കണം. ശരിയായ വ്യക്തിസുരക്ഷാ പരിശീലനം മെഡിക്കല്‍ കോളേജ് മുതല്‍ ലാബ് ടെക്നീഷ്യന്‍ പരിശീലനത്തിന്റെ വരെ ഭാഗമാക്കണം.

ആകാംഷയുടെ ഗുഹാമുഖത്ത്: ലോകത്തെ ആകാംക്ഷയുടെ ഗുഹാമുഖത്തെത്തിച്ച സമയമായിരുന്നു ജൂണ്‍. തായ്ലന്‍ഡില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയ കുറെ കുട്ടികളും അവരുടെ കോച്ചും ഒരു ഗുഹക്കുള്ളിലേക്ക് കയറുന്നിടത്തു നിന്നാണ് സംഭവം ആരംഭിക്കുന്നത്. പെട്ടെന്ന് ഗുഹയില്‍ വെള്ളം നിറഞ്ഞതോടെ ഗുഹയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന് അറിയാതായി. എന്നാല്‍ അതിനൊരു സാധ്യതയുണ്ടു താനും. ഈ വിഷയത്തെ ഗുഹയില്‍ അകപ്പെട്ടവരും, തായ് ഗവണ്മെന്റും, ലോകത്തെ സുരക്ഷാ വിദഗ്ദ്ധരും നേരിട്ട രീതി ലോക മാതൃകയായി മാറി.

ഗുഹയിലകപ്പെട്ടത് കുട്ടികളായതിനാലും മരണപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നതിനാലും പെട്ടെന്ന് എന്തെങ്കിലും ചെയ്യാനുള്ള സമൂഹ സമ്മര്‍ദ്ദം വലുതായിരുന്നു. എന്നിട്ടും ലോകത്തെ ഏറ്റവും പരിചയസന്പന്നരും ഗുഹയിലെ വെള്ളത്തില്‍ ഡൈവ് ചെയ്തു പരിചയമുള്ളവരുമായ വിദഗ്ദ്ധരെ വരുത്തി സാങ്കേതികമായ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഗുഹയിലെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തിയത്. ഇരുപതാം ദിവസം കുട്ടികളും കോച്ചും ജീവനോടെ പുറത്തെത്തിയപ്പോള്‍ അവരുടെ മാതാപിതാക്കള്‍ മാത്രമല്ല, ലോകം മുഴുവന്‍ സന്തോഷിച്ചു, രക്ഷാപ്രവര്‍ത്തനത്തില്‍ ചേരാനായി സൈനിക സേവനത്തില്‍ തിരിച്ചെത്തിയ ഒരു നേവല്‍ ഡൈവറുടെ മരണം ഈ സംഭവത്തിലെ ദുഃഖസ്മരണയായി മാറിയെങ്കിലും.

ഏതൊരു ദുരന്തമുണ്ടാകുന്‌പോഴും സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ശരിയായ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാനുള്ള സമയവും സാഹചര്യവും നല്‍കണമെന്നതാണ് ഈ ദുരന്തം നമുക്ക് നല്‍കുന്ന പാഠം.

ദുരന്തമാകുന്ന മാധ്യമപ്രവര്‍ത്തനം: ജൂണ്‍ അവസാനമാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടങ്ങുന്നത്. സാധാരണഗതിയില്‍ തന്നെ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാല്‍ ആദ്യസമയത്ത് ഈ വിഷയത്തിന്റെ രൂക്ഷത എല്ലാവരും മനസിലാക്കിയില്ല. സര്‍ക്കാര്‍ ഈ ദുരന്തത്തെ നേരിട്ട രീതിയും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതിരുന്നതും വീണ്ടും വിമര്‍ശനത്തിനിടയാക്കി. വെള്ളത്തില്‍ ഇറങ്ങി നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ 'പ്രകടന'വും ചിലയിടങ്ങളില്‍ ആളുകളുടെ വിമര്‍ശനത്തിനു വിധേയമായി. അതേ സമയം വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ വള്ളം മറിഞ്ഞു മരിച്ച സംഭവം, ഏതൊരു ദുരന്ത സമയത്തും ഏതു തൊഴിലും ചെയ്യുന്നവര്‍ സ്വന്തം വ്യക്തിസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടിയത്.

സമുദ്രനിരപ്പിനും താഴെ കിടക്കുന്ന പ്രദേശമായ കുട്ടനാട്ടില്‍ തിരുവിതാംകൂര്‍ ഒരു ദരിദ്ര രാജ്യമായിരുന്ന കാലത്ത് പട്ടിണി സഹിക്കാനാവാതെ കായലില്‍ ബണ്ടുകെട്ടി ഉപ്പുവെള്ളം ചക്രമുപയോഗിച്ച് ചവിട്ടി പുറത്തു കളഞ്ഞുണ്ടാക്കിയ ഭൂമിയില്‍ കൃഷി ചെയ്തു തുടങ്ങിയതാണ്. ഈ കൃഷിഭൂമിയില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും ഉണ്ടായി. സാധാരണഗതിയില്‍ കേരളത്തില്‍ മഴ മാറിയാല്‍ ഇരുപത്തിനാല് മണിക്കൂറിനകം വെള്ളമിറങ്ങും, പക്ഷെ കുട്ടനാട്ടിലെ ദുരിതം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു.

കുട്ടനാടിന്റെ ഭൂമിശാസ്ത്രത്തെയും സമ്പദ്വ്യവസ്ഥയെയും ഒരു പുനര്‍ ചിന്തക്ക് വിധേയമാക്കേണ്ട കാലമായി. തിരുവിതാംകൂര്‍ എന്നൊരു രാജ്യം ഇല്ലതായി, കുട്ടനാട് കേരളത്തിന്റെ ഭാഗമായി, ഇന്ത്യയില്‍ ജനാധിപത്യമായി, കേരളം ഇന്ത്യയിലെ സന്പന്ന സംസ്ഥാനമായി മാറി, പട്ടിണി കേരളത്തില്‍ നിന്നും പോയി. കുട്ടനാട്ടിലെ ആളുകളുടെ എണ്ണം കൂടി, കൃഷിഭൂമികള്‍ തുണ്ടുതുണ്ടായി, പുതിയ തലമുറക്ക് കൃഷിയില്‍ താല്പര്യമില്ലാതായി. എന്നിട്ടും കുട്ടനാട്ടിലെ നെല്‍കൃഷി ഇപ്പോഴും തുടരുന്നു. ചക്രം ചവിട്ടല്‍ മാറി കറണ്ടുപയോഗിച്ചുള്ള മോട്ടോര്‍ വന്നതോടെ കാര്യങ്ങള്‍ എളുപ്പമായെങ്കിലും സര്‍ക്കാര്‍ സബ്സിഡി ഉണ്ടെങ്കിലേ കൃഷി നടത്താന്‍ പറ്റൂ എന്ന സ്ഥിതി വന്നു.

കേരളത്തിലെ മാറിയ സാമൂഹ്യ - സാമ്പത്തിക സാഹചര്യത്തില്‍ മാറുന്ന കാലാവസ്ഥയുടെ അവസ്ഥയിലും ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന ഒന്നല്ല കുട്ടനാട്ടിലെ കൃഷി. വരാന്‍ പോകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹചര്യത്തില്‍ പൊക്കം കൂട്ടി നിലനിര്‍ത്താവുന്നതല്ല ബണ്ടുകളും സ്പില്‍വേയും. ശാസ്ത്രത്തെ അറിയാതെ രാഷ്ട്രീയകാരണങ്ങളാല്‍ തീരുമാനങ്ങളെടുത്താല്‍ പ്രളയം എന്നത് കുട്ടനാട്ടില്‍ പതിവ് സംഭവമാകും. പ്രകൃതിയെ അറിഞ്ഞു പ്ലാന്‍ ചെയ്യുന്ന രീതി (living with water) നടപ്പിലാക്കുക മാത്രമാണ് കുട്ടനാട്ടിന് സാധ്യമായത്.

മറാത്ത മഴയും തുറക്കാത്ത ഡാമും: ജൂലൈ മാസത്തില്‍ മഴ കനത്തു. ഏപ്രിലില്‍ തുടങ്ങിയ മഴ മേയിലും ജൂണിലും തുടര്‍ന്നു. ജൂണ്‍ പകുതിയായപ്പോഴേക്കും ഇത്തവണ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നും, ഡാമുകള്‍ തുറന്നുവിട്ട് വെള്ളപ്പൊക്ക സാധ്യത കുറക്കേണ്ടതിനെപ്പറ്റി ചിന്തിക്കണമെന്നും ഞാന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ, അന്ന് അതാരും കാര്യമായെടുത്തില്ല. ജൂലൈ അവസാനമായപ്പോഴേക്കും ഡാമുകളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. ഡാമുകള്‍ തുറക്കണോ വേണ്ടയോ എന്നത് ചര്‍ച്ചാവിഷയമായി. ഇരുപത്തിയാറു വര്‍ഷത്തിനു ശേഷം ഡാമുകള്‍ 'ഇപ്പൊ തുറക്കും' എന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ മലകയറി കാവല്‍ കിടന്നു. ഡാം തുറക്കണമെന്നും വേണ്ടെന്നും സര്‍ക്കാരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ടഭിപ്രായങ്ങള്‍ വന്നു. കനത്ത മഴ നിന്നതോടെ ഡാമുകള്‍ തുറക്കാതെ തന്നെ ജൂലൈ കടന്നുപോയി.

ഉരുള്‍പൊട്ടിയിറങ്ങിയ മരണങ്ങള്‍: ജൂണില്‍ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ തുടങ്ങി. ജൂലൈ ആയതോടെ ഉരുള്‍പൊട്ടലും. ഒന്നും രണ്ടുമായി മരണസംഖ്യ നൂറു കടന്നു. മലയിടുക്കുകളില്‍ സംഭവിക്കുന്നതായതുകൊണ്ട് മാധ്യമങ്ങള്‍ക്ക് അവിടെയൊന്നും ഓടിയെത്താനായില്ല. ഈ മരണങ്ങള്‍ക്ക് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടിയതുമില്ല. വീടുവെക്കാനും റോഡു നന്നാക്കാനുമായി ആളുകള്‍ മലകളെ ശാസ്ത്രീയമായി മനസിലാക്കാതെ വെട്ടിയിറക്കിയിടത്തെല്ലാമാണ് മണ്ണിടിച്ചില്‍ അധികമുണ്ടായതെന്ന് സാധാരണക്കാര്‍ക്ക് പോലും മനസിലായി. ടൂറിസത്തിനായി വലിയ തോതില്‍ റിസോര്‍ട്ടുകളുണ്ടാക്കിയ മൂന്നാറിലും ക്വാറികള്‍ ധാരാളമുള്ള വയനാട്ടിലും മണ്ണിടിച്ചില്‍ വ്യാപകമായി. അവസാന കണക്കനുസരിച്ച് അയ്യായിരത്തിലേറെ മണ്ണിടിച്ചിലാണുണ്ടായത്. ഈ ദുരന്തകാലത്ത് ഉണ്ടായ നാനൂറ്റി എണ്‍പത്തിമൂന്ന് മരണങ്ങളില്‍ കൂടുതലും സംഭവിച്ചത് മണ്ണിടിച്ചിലിലാണെന്ന് പ്രളയം കഴിഞ്ഞതോടെ നമ്മള്‍ മറന്നുപോയി.

പ്രകൃതിയെ അറിയാതെയുള്ള നിര്‍മ്മാണത്തിന് പ്രകൃതി തിരിച്ചടികള്‍ നല്‍കുമെന്നും, മലനാട്ടിലും ഇടനാട്ടിലും ഒരുപോലെയല്ല വീടുകള്‍ നിര്‍മ്മിക്കേണ്ടതെന്നും, പ്രകൃതി സൗഹൃദ റോഡുകള്‍ ഉണ്ടാക്കി പഠിക്കണമെന്നും ഈ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നമ്മെ പഠിപ്പിക്കുന്നു.

നൂറ്റാണ്ടിലെ മഹാപ്രളയം: ജൂലൈ മാസത്തില്‍ മാറിപ്പോയ വലിയ മഴ ആഗസ്റ്റ് പത്തോടെ തിരിച്ചെത്തി. പിന്നെ കേരളം കണ്ടത് സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര വലിയ മഴയും അതോടനുബന്ധിച്ചുള്ള വെള്ളപ്പൊക്കവുമായിരുന്നു. ഇടുക്കിയിലെ ഒരു അണക്കെട്ട് തുറക്കുന്നത് കാണാന്‍ കാത്തുനിന്ന സമൂഹത്തിലേക്ക് കേരളത്തിലെ നാല്‍പ്പത് അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. കേരളത്തിലെ നാല്‍പ്പത്തിനാല് നദികളും കരകവിഞ്ഞൊഴുകി. കണ്ണൂരും തിരുവനന്തപുരവും കൊല്ലവും ഒഴികെ കേരളത്തിന്റെ ഇടനാട്ടിലെങ്ങും പുഴയുടെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. ചിലയിടത്ത് പുഴകള്‍ വഴി മാറി പട്ടണങ്ങളിലൂടെയൊഴുകി. ചിലയിടത്ത് പുഴയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള വീടുകളില്‍ പോലും വെള്ളം കയറി.

99 ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറഞ്ഞുമാത്രം കേട്ടിരുന്ന വലിയ ദുരന്തങ്ങളെ ടി വി യില്‍ മാത്രം കണ്ടിരുന്ന മലയാളികളുടെ വീട്ടിലേക്കും വെള്ളം കയറിവന്നു. പണക്കാരോ പാവപ്പെട്ടവരോ എന്ന വ്യത്യാസമില്ലാതെ അനവധി ആളുകള്‍ക്ക് എല്ലാം വിട്ടെറിഞ്ഞ് ഓടേണ്ടിവന്നു. ഓടാന്‍ പറ്റാത്തവരെ മത്സ്യത്തൊഴിലാളികളും നേവിയും എയര്‍ ഫോഴ്സും ചേര്‍ന്ന് ഹെലികോപ്റ്ററിലും ബോട്ടിലുമായി രക്ഷപെടുത്തി. നാലുദിവസം കൊണ്ട് പത്തുലക്ഷം മലയാളികള്‍ വീടുവിട്ട് ദുരിതാശ്വാസ കാംപിലെത്തി.

ഐക്യകേരളം അന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തം കേരളത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ഒത്തൊരുമയോടെയും കാര്യക്ഷമതയോടെയും മലയാളികള്‍ അതിനെ നേരിട്ടു. നാല്പത്തിനാല് നദികളും കരകവിഞ്ഞ് ഒഴുകുന്‌പോഴും എല്ലാ ദിവസവും ശാന്തനായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും, ദുരന്ത നിവാരണത്തില്‍ യാതൊരു പരിശീലനവും ഇല്ലാതിരുന്നിട്ടും സ്വന്തം വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മല്‍സ്യത്തൊഴിലാളികളും, ക്യാംപുകള്‍ നടത്താന്‍ നേതൃത്വം നല്‍കിയ യുവാക്കളും, ദൂരദേശത്തിരുന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത മറുനാടന്‍ മലയാളികളും, അവസരത്തിനൊത്തുയര്‍ന്ന യുവ ഐ എ എസുകാരും, എവിടെയും മുന്‍നിരയിലുണ്ടായിരുന്ന ജനപ്രതിനിധികളുമെല്ലാം അടങ്ങിയ മലയാളികളുടെ പ്രവര്‍ത്തനം ഈ മഹാ ദുരന്തകാലത്ത് ലോകമാതൃകയായി.

ഏതൊരു ദുരന്തത്തെയും പോലെ ഈ പ്രളയത്തിന്റെ കാര്യത്തിലും പാളിച്ചകള്‍ പലതുമുണ്ടായി. പുഴയോരത്തു വീടുവെക്കാന്‍ മലയാളി കാണിച്ച കന്പത്തെ തടയാതിരുന്നത്, പ്രളയകാലത്തെ മുന്നറിയിപ്പുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് സമൂഹത്തെ അറിയിക്കാതിരുന്നത്, ഡാമുകള്‍ തുറക്കുന്നതിന് ശരിയായ മാര്‍ഗ്ഗരേഖകള്‍ ഇല്ലാതെ പോയത്, മുല്ലപ്പെരിയാര്‍ മുതല്‍ ഇടമലയാര്‍ വരെ ഒരേ നദിയിലെ വിവിധ അണക്കെട്ടുകള്‍ തമ്മില്‍ വേണ്ടവിധത്തില്‍ ഏകീകരിക്കാതിരുന്നത്, ഡാമുകള്‍ കൂട്ടത്തോടെ തുറന്നാല്‍ എന്ത് സംഭവിക്കുമെന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാതെ പോയത്, ഡാമുകള്‍ തുറക്കുന്നതിനു മുന്‍പ് വേണ്ടത്ര ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് കൊടുക്കാതിരുന്നത്, എല്ലാറ്റിനുമുപരിയായി എങ്ങനെയാണ് ഡാമുകളെ പ്രളയ നിയന്ത്രണത്തിനുള്ള ഉപാധികളായി ഉപയോഗിക്കേണ്ടതെന്ന് എഞ്ചിനീയര്‍മാര്‍ അറിയാതിരുന്നത് തുടങ്ങി സമൂഹം പാലിക്കേണ്ടുന്ന അനവധി കാര്യങ്ങളുണ്ടായിരുന്നു. അവയൊന്നും ഇപ്പോഴും പഠിക്കുന്നില്ല എന്ന വിഷമവും ബാക്കിയാകുന്നു.

മാറുന്ന കാലാവസ്ഥ: കാലാവസ്ഥാ വ്യതിയാനം ലോകമെന്പാടും മനുഷ്യന് ദുരന്തങ്ങളുണ്ടാക്കിയ വര്‍ഷം കൂടിയായിരുന്നു 2018. ജപ്പാനില്‍ വെള്ളപ്പൊക്കമായി, കാലിഫോര്‍ണിയയില്‍ കാട്ടുതീയായി, യൂറോപ്പില്‍ കൊടുംചൂടായി കാലാവസ്ഥാ വ്യതിയാനം മനുഷ്യനെ വിറപ്പിച്ചു. അതേസമയം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ മനുഷ്യരാശിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ശക്തിയില്‍ മുന്നോട്ട് പോകുന്നില്ലെന്ന് ശാസ്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി മുന്നറിയിപ്പ് നല്‍കി. ഹരിതവാതകങ്ങളുടെ ബഹിര്‍ഗമനം 2018 ല്‍ കൂടുതലായി. ഇത്രയൊക്കെ ആയിട്ടും ഹരിതവാതകങ്ങളുടെ നിര്‍ഗ്ഗമനം കുറക്കുന്ന കാര്യത്തില്‍ ഒന്നും വേണ്ടത്ര വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാരുകള്‍ക്ക് ആകുന്നില്ല. കാലാവസ്ഥ വ്യതിയാനം അതിനെ ചെറുക്കാനുള്ള മനുഷ്യ രാശിയുടെ ശ്രമത്തിലും വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു. 2100 ല്‍ ആഗോളതാപനം രണ്ടു ഡിഗ്രിയില്‍ താഴെ ചൂടുവര്‍ദ്ധനവില്‍ തടുത്തുനിര്‍ത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇനിയും മനുഷ്യര്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നാണ് 2018 ന്റെ ബാക്കിപത്രം.

ലോകത്ത് നടക്കുന്ന കാലാവസ്ഥ ചര്‍ച്ചകളില്‍ കേരളം ഒരു പങ്കാളി അല്ലെങ്കിലും അത്തരം ചര്‍ച്ചകള്‍ മലയാളികള്‍ പൊതുവെ ശ്രദ്ധിക്കാറില്ലെങ്കിലും ഇക്കാര്യത്തിന് കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ട്. രണ്ടു ഡിഗ്രി ചൂട് വര്‍ദ്ധിക്കുന്നത്, സമുദ്രനിരപ്പ് ഒരു കൂടുന്നത്, മഴയുടെ സാന്ദ്രത കൂടുന്നത്, മഴദിനങ്ങള്‍ കുറയുന്നത്, വരള്‍ച്ച കൂടുന്നത്, എല്ലാം കേരളത്തിലെ തീരദേശം മുതല്‍ സഹ്യപര്‍വ്വതം വരെ മാറ്റങ്ങളുണ്ടാക്കുകയാണ്. 2050 ല്‍ പോലും എറണാകുളത്ത് വെള്ളക്കെട്ടുകള്‍ ഇന്നത്തേതിനേക്കാള്‍ സര്‍വ്വസാധാരണമാകും. തീരദേശത്തെ കടലെടുക്കല്‍ കടല്‍ഭിത്തി കെട്ടി തടഞ്ഞുനിര്‍ത്താന്‍ സാധിക്കാതെ വരും. കുട്ടനാട്ടില്‍ ബണ്ടുകെട്ടി കൃഷി നടത്തുക എന്നത് സാന്പത്തികമായി താങ്ങാനാവാത്തതാകും.

കാര്യങ്ങള്‍ ഇത്രത്തോളം രൂക്ഷമാണെങ്കിലും കേരളത്തിലെ കാലാവസ്ഥ ആക്ഷന്‍ പ്ലാന്‍ ഇപ്പോഴും കടലാസ്സില്‍ ഉറങ്ങുന്നു. ജനങ്ങളുടെ കാലാവസ്ഥാ സാക്ഷരത ഒട്ടും വര്‍ദ്ധിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം വികസിത രാജ്യങ്ങള്‍ ഉണ്ടാക്കിയതാണെന്നും അതിനുള്ള പരിഹാരം ഡല്‍ഹിയില്‍ നിന്നു വരുമെന്നുമുള്ള ചിന്തയാണ് ഇപ്പോഴും ആളുകള്‍ക്കുള്ളത്. ഒരു പ്രളയം കൊണ്ടൊന്നും ഇത് മാറുന്ന മട്ടില്ല താനും.

ഇരുപതിനായിരം ദുരന്തങ്ങള്‍: കേരളത്തില്‍ 483 പേരാണ് ഈ പ്രളയകാലത്ത് മരിച്ചത്. അതില്‍ത്തന്നെ ഭൂരിഭാഗവും മണ്ണിടിച്ചിലിലും. ഓരോ മാസവും കേരളത്തില്‍ എഴുനൂറോളം ആളുകളാണ് ഒഴിവാക്കാവുന്ന മറ്റപകടങ്ങളില്‍ മരിക്കുന്നത്. മുന്നൂറ്റി അന്‍പതോളം പേര്‍ റോഡില്‍ മരിക്കുന്നു, നൂറിലധികം ആളുകള്‍ വെള്ളത്തില്‍ വീണുമരിക്കുന്നു, അറുപതോളം ആളുകള്‍ ഉയരത്തില്‍ നിന്ന് വീണു മരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇതുവരെ ഇരുപതിനായിരം ആളുകളെങ്കിലും തീര്‍ത്തും ഒഴിവാക്കാവുന്ന അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്.

കേരളത്തില്‍ സുരക്ഷാ സംസ്‌ക്കാരം എന്നൊന്ന് ഇപ്പോഴുമില്ല. ഒരു വര്‍ഷത്തില്‍ എണ്ണായിരം മലയാളികളുടെ മരണമോ, വന്‍ പ്രളയത്തില്‍ അഞ്ഞൂറ് പേരുടെ മരണമോ, കോടികളുടെ നാശനഷ്ടമോ ഒന്നും അതില്‍ ഒരു മാറ്റവും വരുത്തുന്നുമില്ല. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ അപകടത്തില്‍ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തില്‍ അറുപത്തിയഞ്ചാണ്. ഒരാള്‍ വിമാനാപകടത്തില്‍ മരിക്കാനുള്ള സാധ്യത ഒരു കോടിയില്‍ ഒന്ന് ആണെന്നു ചിന്തിക്കുന്‌പോളാണ് കേരളം എത്രമാത്രം അപകട സാധ്യതയുള്ള പ്രദേശമാണെന്ന് മനസ്സിലാവുന്നത്.

ചുരുക്കത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ ചുറ്റുമുണ്ടെങ്കിലും വന്‍ പ്രളയം വന്നുപോയിട്ടും മലയാളിയുടെ സുരക്ഷാബോധം ഒട്ടും ഉയര്‍ന്നിട്ടില്ല. സമൂഹം എന്ന നിലയില്‍ ദുരന്തങ്ങളില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണം.

കേരളത്തിലെ ശരാശരി കണക്കനുസരിച്ച് ഞാനും എന്റെ ഒരു ലക്ഷം ഫോളോവേഴ്‌സും ഉള്‍പ്പെട്ടവരില്‍ നിന്നും ഇരുപത്തിയഞ്ച് പേര്‍ 2019 കടക്കില്ല. ഇത് ഞാന്‍ കഴിഞ്ഞ വര്‍ഷവും പറഞ്ഞിരുന്നു. പക്ഷെ ശരാശരിയില്‍ ഒന്നും കാര്യമില്ല, ശരിയായ സുരക്ഷാ ഉപദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാനാകും. കൃത്യസമയത്ത് വേണ്ടത്ര ഉപദേശങ്ങള്‍ നല്‍കുന്നതിലൂടെ പൊതു സമൂഹത്തിന്റെ മരണനിരക്ക് കുറക്കാന്‍ പറ്റിയില്ലെങ്കിലും എന്റെ ഫോളോവേഴ്സിന്റെയെങ്കിലും മരണനിരക്ക് തീര്‍ച്ചയായും എനിക്ക് കുറക്കാന്‍ പറ്റിയിട്ടുണ്ട്. നിങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാനുള്ള ഉപദേശങ്ങളുമായി അടുത്ത വര്‍ഷവും ഞാന്‍ ഇവിടെത്തന്നെയുണ്ടാകും.

2019 സുരക്ഷിതമായ ഒരു വര്‍ഷം ആകട്ടെ എന്ന് ആശംസിക്കുന്നു..!

ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക