Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ (ജോര്‍ജ് പുത്തന്‍കുരിശ് )

ജോര്‍ജ് പുത്തന്‍കുരിശ് Published on 10 January, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ (ജോര്‍ജ് പുത്തന്‍കുരിശ് )
യവന പുരാണത്തിലെ ചാരത്തില്‍ നിന്ന് പുനര്‍ജനിക്കാന്‍ കഴിവുള്ള ഫീനിക്‌സ് പക്ഷിയെ കുറിച്ചു കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് അധീനപ്പെടുത്തി യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ജീവിതം തുടരുന്നവരെ ഫീനിക്‌സ് പക്ഷിയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. കാരണം,  ഒന്ന് ഭാവനയില്‍ രൂപം കൊണ്ടതാണെങ്കില്‍ മറ്റൊന്ന്  ഛിന്നഭിന്നമാക്കപ്പെട്ട ജീവിത കഷണങ്ങളെ പെറുക്കിയെടുത്ത് തുന്നിപ്പിടിപ്പിച്ച്   പുനര്‍ജനിച്ചവരാണ്. ഇവരുടെ ജീവിതത്തെ അനുധാവനം ചെയ്യുന്ന,  മുടന്തര്‍ക്ക് എഴുനേറ്റു നടക്കാനും, അന്ധര്‍ക്ക് കാണാനും, ബധിരര്‍ക്ക് കേള്‍ക്കാനും, ചിറകറ്റവര്‍ക്ക് പറന്നുയരാനും കഴിയും.  അവരില്‍ ചിലരെ പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശ്യക്കുന്നത്. 

അമേരിക്കയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്‌സ്‌സിന്റെ ഗവര്‍ണ്ണറാണ് ഗ്രഗ് ആബറ്റ്. ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുള്ളപ്പോളാണ് ഒരു മരം വീണ് ഇടുപ്പിന് താഴേക്ക് പൂര്‍ണ്ണമായി തളര്‍ന്നു പോയത്. യുവത്വത്തിന്റെ പ്രസരിപ്പില്‍,  സ്വപ്നങ്ങളെന്ന സ്വര്‍ഗ്ഗ കുമാരികളുമായി ആടിയും പാടിയും നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ  ശൂന്യതയുടെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ഇതില്‍പ്പരം മറ്റെന്താണ് വേണ്ടത്? എന്നാല്‍ ആ ചെറുപ്പക്കാരന്‍ വിധിക്ക് കീഴടങ്ങാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ നട്ടെല്ലില്‍ ഉറപ്പിച്ചിരിക്കുന്ന രണ്ടു ലോഹ കമ്പികളും, കൂടാതെ വളരെ വ്യപകമായ പുനരധിവാസ പ്രക്രിയയും  ഒരു പുനര്‍ ജ•ം  അദ്ദേഹത്തിന നല്‍കിയെങ്കിലും, ശിഷ്ടമുള്ള കാലം ഒരു വീല്‍ച്ചെയറുമായി ബന്ധിക്കപ്പെട്ടു കഴിയേണ്ടി വന്നു. എന്നാല്‍ അതൊന്നും അദ്ദേഹത്തെ നിരാശനോ നിര്‍വീര്യനാക്കിയില്ല. അദ്ദേഹം തന്റെ ലക്ഷ്യമായ നിമയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും അതില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ടെക്‌സസിന്റെ അറ്റേണി ജനറലാവുകയും പിന്നീട് ഗവര്‍ണര്‍ പദവിയിലും എത്തിചേര്‍ന്നു. ആലബാമ ഗവര്‍ണറായിരുന്ന ജോര്‍ജ് വാലസ്സിനു ശേഷം വീല്‍ ചെയര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ഗവര്‍ണറാണ് ഗ്രഗ് ആബറ്റ്. രണ്ടായിരത്തി പതിനാറില്‍ ഒരു അവധിക്കാലത്ത് കഠിനമായ തീപ്പൊള്ളെലേറ്റിട്ടും അതിനെയും അതിജീവിച്ച ഈ ധീര  മനുഷ്യന്‍ ജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളര്‍ന്നിരിക്കുന്നവരെ എഴുന്നേല്‍പ്പിച്ചു പറപ്പിക്കാന്‍ കഴിവുള്ള ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഇന്നും ടെകസ്‌സിന്റെ ഗവര്‍ണര്‍ പദവി അലങ്കരിക്കുന്നു.

സ്റ്റീഫന്‍ വില്യംസ് ഹോക്കിങ്ങ് ശാസ്ത്ര ലോകത്തെ ഒരു കെടാവിളക്കാണ്.  അദ്ദേഹം ഒരു ആംഗ്ലേയ ഊര്‍ജ്ജതന്ത്ര സൈദ്ധാന്തിക ശാസ്ത്രജ്ഞനും (Theoretical Physicist), പ്രപഞ്ചഘടനാ ശാസ്ത്രജ്ഞനും(Cosmologist) കൂടാതെ ഒരു എഴുത്തുകാരനും കൂടിയാണ്. അദ്ദേഹം മരിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജിലെ വിശ്വവിജ്ഞാനിയ ഗവേഷണ കേന്ദ്രത്തിന്റെ (Center for theoretical Cosmology) തലവനായിരുന്നു. ഇദ്ദേഹത്തിന്റെ ശാസ്ത്രീയ പ്രവര്‍ത്തനങ്ങളില്‍ റോബര്‍ട്ട് പെന്റോസെന്ന പ്രശസ്ത ശാസ്ത്രജ്ഞനുമായുള്ള സഹപ്രവര്‍ത്തനത്തില്‍ പൊതുവായ ഗുരുത്വാകര്‍ഷണ ചട്ടകൂടില്‍ നിന്നുകൊണ്ട്  ഏകത്വ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെക്കുറിച്ചും (Gravitational Singulartiy Theorem)   ഹോക്കിന്‍സ് റേഡിയേഷന്‍ എന്നറിയപ്പെടുന്ന തമോഗര്‍ത്തങ്ങളിലെ (Black Hole) റേഡിയേഷന്‍ പ്രസരണത്തെക്കുറിച്ചുമുള്ള പ്രവചനങ്ങളും ലോകത്തിന് പല പുതിയ അറിവുകളും നല്‍കി.  ഹോക്കിന്‍സിന് വളരെ നേരത്തെ തന്നെ,   മന്ദഗതിയില്‍ പുരോഗമിച്ചു കൊണ്ടിരുന്നതും നാഡികോശത്തിന്റെ ചലനങ്ങളെ (motor neuron disease or amytorophic lateral Sclerosis or ALS or Lou Gehrigs disease)  ഇല്ലാതാക്കുന്നതുമായ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ   രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തീടങ്ങിയിരുന്നു. ശരീര മസിലുകളുടെ ശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ട് സംസാരശേഷിയും നഷ്ടപ്പെട്ട് വീല്‍ച്ചെയറില്‍ ചുരുണ്ടു കൂടിയിരുന്ന്, വേഡ്‌സ് പ്ലസിന്റെ സി. ഇ. ഓ ആയിരുന്ന വാള്‍ട്ടര്‍ വോള്‍ട്ട്‌സ് നല്‍കിയ ഈക്വലൈസര്‍ എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഉപയോഗിച്ച്, അദ്ദേഹത്തെപ്പോലെ തന്നെ മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന് വിധേയയായവളും സംസാരിക്കാനും എഴുതാനും ശേഷി നഷ്ടപെട്ട ഭാര്യയുടെ അമ്മയുടെ സഹായത്തോടെ കവിളിലെ മാംസപേശികള്‍ ഉപയോഗിച്ച് സംസാരിക്കന്‍ അഭ്യസിച്ചു. ആദ്യകാലങ്ങളില്‍ പുരികക്കൊടി ഉയര്‍ത്തിയായിരുന്നു ഇദ്ദേഹം അക്ഷരങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ മനുഷ്യ സ്‌നേഹികളായിരുന്ന ചില സങ്കേതിക വിദഗ്ദ്ധരുടെ സഹായത്താല്‍ രണ്ടായിരം തുടങ്ങി മൂവായിരം വരെ വാക്കുകള്‍ ഉള്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ വീല്‍ ചെയറിനോട് ഘടിപ്പിച്ചതുമായ കംമ്പ്യൂട്ടറിന്റെ സഹായത്തോടെ, മറ്റാരുടേയും സഹായമില്ലാതെ അദ്ദേഹം സംസാരിക്കാന്‍ അഭ്യസിച്ചു. തന്റെ സംസാര ശേഷിയുണ്ടായിരുന്ന കാലത്തിനെക്കാളും ഭംഗിയായി തനിക്ക് സംസാരിക്കാന്‍ കഴിയുന്നു എന്നാണ് അദ്ദേഹം പിന്നീട് അതിനെക്കുറിച്ച് പറഞ്ഞത്.
ആയിരത്തി തൊള്ളായിരത്തി അറുപതില്‍ അംഗവൈകല്യം വന്നവരെ, മാതൃകാ പുരുഷന്റെ അങ്കി അണിഞ്ഞ്,   പ്രസംഗങ്ങളിലൂടെ പ്രചോദനം നല്‍കിയും അവര്‍ക്ക് വേണ്ടി ധനം സമാഹരിക്കുന്നതിന് മുന്‍കയ്യെടുത്തും സമവാസ്ഥയിലായിരിക്കുന്നവരെ ആത്മ വിശ്വാസത്തിന്റേയീം ദൃഡതയുടേയും വാക്കുകളാല്‍ കൈപിടിച്ചു നടത്തി. ബി. ബീ. സിയുമായുള്ള ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ശൂന്യകാശത്ത് പോകണമെന്ന സഫലീകരിക്കാത്ത സ്വപ്നത്തെ കുറിച്ച് പറയുകയുണ്ടായി. ഇത് കേട്ട വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ ഉടമ, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, അദ്ദേഹത്തിന്, യാതൊരു ചിലവുമില്ലാതെ, ശൂന്യാകാശത്തേക്ക് യാത്ര ചെയ്യാനുള്ള അവസരം വാഗ്ദ്ധാനം ചെയ്തു. ഹോക്കിന്‍സ് അത് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ആ ആഗ്രഹം സഫലീകരിക്കുന്നതിന് മുന്‍പ് മരണം അദ്ദേഹത്തെ പുല്‍കിയെങ്കിലും,  ജീവിതത്തിന്റെ പ്രശ്‌നങ്ങളുടെ വീല്‍ കസേരകളില്‍ ചടഞ്ഞു കൂടിയിരിക്കുന്നവര്‍,   കത്തി തീര്‍ന്ന ചാരത്തില്‍ നിന്ന് പുനര്‍ ജനിച്ച് അനന്ത വിഹായസ്സില്‍ പറന്നു നടന്ന ഈ ഫീനിക്‌സ് പക്ഷിയുടെ കഥ വായിച്ചിരിക്കുന്നത് നല്ലതാണ്.

കംബോഡിയായില്‍ ഒരു അവധിക്കാലം കഴിഞ്ഞു വന്നപ്പോളാണ് ശാലിനി സരസ്വതി രോഗ ബാധിതയായി കിടപ്പിലായത്.  ഒരു ജീവന്റെ തുടിപ്പ് ഉദരത്തിലുണ്ടായിരുന്ന ആ സമയത്ത് വെറുമൊരു പനിയായി ആരംഭിച്ച രോഗം, ശരീരത്തിലെ പല സുപ്രധാന അവയവങ്ങളേയും പ്രവര്‍ത്തന രഹിതമാക്കി ശാലിനിയെ മരണത്തിന്റെ വക്കിലേക്ക് വലിച്ചിഴച്ചു. മാസങ്ങള്‍ക്കു ശേഷം അപൂര്‍വ്വമായ ഒരു അണുബാധയാല്‍ അവരുടെ കൈകാലുകള്‍ അവര്‍ക്ക് നഷ്ടമായി. ആദികാലങ്ങളില്‍ അവരെ നിരാശയും സങ്കടവും പിടികൂടുകയും വിധിയേയും കര്‍മ്മഫലത്തെ കുറ്റം പറഞ്ഞും സമയം തള്ളി നീക്കി. എന്നാല്‍ ഏറെ നാള്‍ അവര്‍ ആ കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ തയ്യാറായില്ല. അവര്‍ പറഞ്ഞത്, 'ഞാന്‍ ധാര്‍ഷ്ട്യത്തോടെ' ജീവിതത്തെ നേരിടാന്‍ തയ്യാറായി എന്നാണ്.  'എനിക്ക് ജീവിതത്തെ കുറിച്ച് അമര്‍ഷവം ദേഷ്യവും നിരാശയും തോന്നി. എന്തുകൊണ്ട് എനിക്കിതു സംഭവിച്ചു എന്ന ചോദ്യങ്ങള്‍ എന്നില്‍ നിന്ന് ഉയര്‍ന്നു. ഞാന്‍ എന്ത് തെറ്റാണ് ചെയ്യതത്? എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഒരോ തെറ്റുകളിലൂടെയും   പരതി നോക്കി. പക്ഷെ അവിടെയൊന്നും ഇതുപോലെ കഠിനമായ ശിക്ഷ ലഭിക്കതക്ക വിധം   ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഞാന്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. എനിക്ക് പിന്‍തിരിഞ്ഞു നോക്കി വിധി എന്നോട് എത്ര ക്രൂരമായാണ് പെരുമാറിയതെന്ന് പറഞ്ഞുകൊണ്ട് സമയം കളയാം. പക്ഷെ ഞാന്‍ വിധിയെ വിജയിക്കാന്‍ അനുവധിച്ചില്ല. എനിക്ക് ജീവിതം മുടന്തി ജീവിക്കണോ വേണ്ടയോ ജീവിതത്തെ കുറിച്ചു സ്വപ്നം കാണണോ എന്നത് ഞാന്‍ തീരുമാനിക്കും' എനിക്ക് കിട്ടിയ കൃത്രിമ കാലുകളില്‍ ഞാന്‍ ഒടാന്‍ തുടങ്ങി, എന്റെ ശരീരം എനിക്ക് വഴങ്ങാന്‍ തുടങ്ങി ആത്മ വിശ്വാസം വര്‍ദ്ധിച്ചു. എനിക്ക് നഷ്ടമായത് പലതും തിരികെ പിടിച്ചു. വിധി അത് എവിടെ പോയി മറഞ്ഞു എന്നാര്‍ക്കറിയാം' ഇന്ന് ശാലിനി സന്തോഷവതിയാണ്. അവര്‍ക്ക് തുണയായി അവരുടെ ഭര്‍ത്താവും. അനേകര്‍ക്ക് ആത്മ വിശ്വാസം പകരുന്ന പ്രസംഗങ്ങള്‍ നല്‍കി അവര്‍ ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്യുന്നു.
മനുഷ്യചേതനയുടെ ഏറ്റവും വലിയ കരുത്ത് എന്ന് പറയുന്നത് അതിന്റെ അക്ഷീണ പരിശ്രമത്തിനുള്ള കഴിവിനേയും ധൈര്യത്തേയും ഒരു അംഗവൈകല്യത്തിനും എടുത്തുകൊണ്ടുപോകുവാന്‍ കഴിയില്ല എന്നതാണ്. അത് തെളിയിച്ച മൂന്ന് പേരുടെ യാഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന്  അടര്‍ത്തിയെടുത്ത അനുഭവങ്ങളാണ് മേല്‍ വിവരിച്ചത്. ഫീനിക്‌സ് പക്ഷി ഭാവനകൊണ്ട് കല്പിച്ചുണ്ടാക്കിയതെങ്കിലും അതിന് പ്രാണന്‍ കൊടുത്തവര്‍ ഇവിടെ ജീവിക്കുന്നവരും ജീവിച്ചു മരിച്ചവരുമാണ്. നെല്‍സണ്‍ മണ്ഡേലയുടെ വാക്കുകളെ ഉദ്ധരിച്ചു പറഞ്ഞാല്‍, 'ഒരിക്കലും നിങ്ങള്‍ എന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ വില ഇരുത്തരുത്. എന്നാല്‍ ഞാന്‍ വീണിട്ട് എത്ര പ്രാവശ്യം എഴുന്നേറ്റു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം   എന്നെ വിലയിരുത്തേണ്ടത്. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ വീണുപോയവര്‍ക്ക് പ്രചോദനമേകുവാനും ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് പറക്കുവാന്‍ ശക്തിയുള്ള ഫീനിക്‌സ് പക്ഷികളാക തക്കവണ്ണം    ഇവരുടെ കഥകള്‍ പ്രചോദനം നല്‍കട്ടെയെന്ന്  ആശംസിക്കുന്നു.

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ (ജോര്‍ജ് പുത്തന്‍കുരിശ് )
Join WhatsApp News
പുത്തന്‍ പാതകള്‍ 2019-01-10 07:38:32

പുത്തന്‍കുരിശിന്‍  പുത്തന്‍  പാതകള്‍ 

This era we living has given birth to several new evil norms. It is ok to lie, to rape, to curse, discriminate & even kill- there is always someone to justify these evils.  Human beings who are normal are worried & pessimism is destroying their daily life. Rational humans are worried about the future generations, the pollution caused by corporate greed and is struggling to survive. These disasters are manmade, but there are a lot of beings in human shape who justify evil in the name of religion, stock market gains and above all male ego.

 The Sermon on the Mount in the gospel of Mathew- Blessed…. is a wrong interpretation of Rabbinic teachings. In fact; it means- arise and walk forward. Be not be unhappy & immobile about what you are suffering. But Arise! and walk forward through new paths to attain magnificence.

Talented writer Mr.G. Puthencurize has opened before us other new paths through beautiful incidents. So; Arise from what you are and walk forward to embrace the Glory ahead.-andrew

Sudhir Panikkaveetil 2019-01-10 10:41:49
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാ നിബോധത ...
Lovely abraham 2019-01-10 13:10:14
Beautifully written ! Gives hope for those who have no hope and to fight against adversity and conquer it. Reminds me not to waste time on things that you have no control but to take control on things that you have control and excel in it and that is successful life. Keep writing !Thank you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക