കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെച്ച സംഭവം ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടില്ല. സുപ്രിംകോടതിയുടെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുവാനും സി.ബി.ഐയെ അട്ടിമറിക്കാനും ശ്രമിച്ച മോദി സര്‍ക്കാര്‍ ഭരണഘടനാ സംവിധാനങ്ങളെ അട്ടി മറിക്കുകയായിരുന്നുവെന്നും രാഹുല്‍ ദുബൈയില്‍ നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.
നടപ്പാക്കാന്‍ കഴിയാത്ത നുണ വാഗ്ദാനങ്ങള്‍ താന്‍ നല്‍കില്ല, നുണ പറയാന്‍ എന്റെ പേര് നരേന്ദ്രമോദി എന്നല്ല. 15 ലക്ഷം വീതം ഓരോരുത്തര്‍ക്കും നല്‍കുമെന്നും പറയില്ല. പക്ഷെ രാജ്യത്തിന്റെ തകര്‍ന്നു പോയ ഐക്യം തിരിച്ചുപിടിക്കും
അനില്‍ അംബാനിക്ക് ലാഭമുണ്ടാക്കാന്‍ വഴിവിട്ട് കരാര്‍ നല്കിയ പ്രധാനമന്ത്രി അതു പുറത്തറിഞ്ഞപ്പോള്‍ സി.ബി.ഐ മേധാവിയെ തുരത്തുവാനാണ് നോക്കിയത്. കോടതി വിധി വന്നിട്ടും അതിനെ മറികടന്ന് പുറത്താക്കി. എല്ലാ സ്ഥാപനങ്ങളിലും ആര്.എസ്.എസിന്റെ ആളുകളെ തിരുകി കയറ്റി അവരുടെ അജണ്ട നടപ്പാക്കി വരികയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളുടെ ശബ്ദത്തിന് പ്രസക്തിയില്ലെന്നും സംഘ്പരിവാറിന്റെ അഭിപ്രായങ്ങള്‍ക്ക് മാത്രമാണ് പ്രസക്തിയെന്നുമാണ് അവര്‍ കരുതുന്നത്.
ഉദ്യോഗസ്ഥ തലത്തിലെല്ലാം കടുത്ത അസംതൃപ്തിയാണ് ഉയര്‍ന്നുവരുന്നത്. തെരഞ്ഞെടുപ്പില്‍ മോദിക്ക് തിരിച്ചടിയാവാന്‍ പോവുകയാണ് ഇതെല്ലാം. രാഹുല്‍ കൂട്ടിച്ചേര്‍ത്തു .