Image

സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ്‌ അസ്‌താനയെ സി.ബി.ഐയില്‍ നിന്നും മാറ്റി

Published on 18 January, 2019
സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ്‌ അസ്‌താനയെ സി.ബി.ഐയില്‍ നിന്നും മാറ്റി
ന്യൂദല്‍ഹി: സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ്‌ അസ്‌താനയെ സി.ബി.ഐയില്‍ നിന്നും മാറ്റി. രാകേഷ്‌ അസ്‌താന ഉള്‍പ്പെടെ നാല്‌ ഉദ്യോഗസ്ഥരെയാണ്‌ സി.ബി.ഐയില്‍ നിന്നും മാറ്റിയത്‌.

അസ്‌താനക്കു പുറമെ എസ്‌.പി. ജയന്ത്‌ ജെ. നായ്‌ക്ക്‌നവാരെ, ജോയിന്റ്‌ ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ, ഡി.ഐ.ജി മനീഷ്‌ കുമാര്‍ സിന്‍ഹ എന്നിവരെയാണ്‌ മാറ്റിയത്‌. ഇവരുടെ സര്‍വീസ്‌ കാലാവധി വെട്ടിക്കുറച്ചിട്ടുണ്ട്‌.

കാബിനറ്റ്‌ സെലക്ഷന്‍ സമിതിയുടേയാണ്‌ തീരുമാനം. അസ്‌താനയെ വ്യോമയാന സുരക്ഷാ വിഭാഗം തലവനാക്കി ഉത്തരവും ഇറക്കി.

സി.ബി.ഐ. ഡയറക്ടറായ അലോക്‌ വര്‍മ്മയെ സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയതിന്‌ പിന്നാലെയാണ്‌ സ്‌പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നാല്‌ ഉദ്യോഗസ്ഥരുടെ കാലാവധി വെട്ടിക്കുറച്ചത്‌.

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗത്തിലാണ്‌ അലോക്‌ വര്‍മ്മയെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തുനിന്ന്‌ നീക്കാന്‍ തീരുമാനമെടുത്തത്‌. ജസ്റ്റിസ്‌ എ.കെ. സിക്രിയും കോണ്‍ഗ്രസ്‌ ലോക്‌സഭാ കക്ഷി നേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയിയുടെ അസാനിധ്യത്തില്‍ ആയിരുന്ന്‌ സിക്രി യോഗത്തില്‍ പങ്കെടുത്തിരുന്നത്‌. അലോക്‌ വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തിരുന്നു.

ഇത്‌ മറികടന്നാണ്‌ അലോക്‌ വര്‍മ്മയെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയത്‌. തുടര്‍ന്ന്‌ അലോക്‌ വര്‍മ്മയെ ഫയര്‍ സര്‍വീസ്‌ ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുക്കാതെ സര്‍വീസില്‍നിന്ന്‌ രാജിവെക്കുകയായിരുന്നു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക