Image

കളക്ട്രേറ്റ്‌ ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ യുഡിഎഫ്‌ ആക്രമണം: ഒടുവില്‍ മാപ്പപേക്ഷിച്ച്‌ തടിയൂരി നേതാക്കള്‍

Published on 23 January, 2019
കളക്ട്രേറ്റ്‌ ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ യുഡിഎഫ്‌ ആക്രമണം:  ഒടുവില്‍  മാപ്പപേക്ഷിച്ച്‌ തടിയൂരി നേതാക്കള്‍
കോഴിക്കോട്‌: ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച്‌ അക്രമിച്ചതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വീണ്ടും മര്‍ദ്ദനം. 

കോഴിക്കോട്‌  യുഡിഎഫിന്റെ കളക്ടറേറ്റ്‌ ഉപരോധത്തില്‍   കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍  സംസാരിച്ചുകൊണ്ടിരിക്കെയാണ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്‌.

പിഎസ്സി ഇന്റര്‍വ്യൂവിനെത്തിയ വനിതയെ തിരിച്ചയച്ചതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനിടെ `മാധ്യമം' സിനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെ ഒരുകൂട്ടം യുഡിഎഫ്‌ പ്രവര്‍ത്തകര്‍ അക്രമിച്ചു.

ബിനീഷിനെ രക്ഷിക്കാന്‍ ശ്രമിച്ച `മാതൃഭൂമി' ലേഖകന്‍ നീജീഷ്‌ കുമാറിന്റെ ഷര്‍ട്ടും യുഡിഎഫുകാര്‍ വലിച്ചുകീറി. സ്ഥലത്തുണ്ടായിരുന്ന പൊലീസ്‌ അക്രമികളില്‍ നിന്ന്‌ ഇവരെ രക്ഷിച്ചെടുക്കുകയായിരുന്നു.

സിവില്‍സ്റ്റേഷനു പിന്നിലുള്ള കോര്‍പറേഷന്റെ ഹെല്‍ത്ത്‌ വിഭാഗം എട്ടാം സര്‍ക്കിള്‍ ഓഫീസ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ബിനയുടെ ഫോണ്‍ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ നിലത്തിട്ട്‌ ചവിട്ടി. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച `ദീപിക' ഫോട്ടോഗ്രാഫര്‍ രമേശ്‌ കോട്ടുളിയുടെ ക്യാമറ തകര്‍ക്കുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി.


ഡിസിസി പ്രസിഡന്റ്‌ ടി സിദ്ദിഖ്‌ ഇടപെട്ട്‌ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതരായ പ്രവര്‍ത്തകര്‍ അക്രമം തുടരുകയായിരുന്നു. പൊലീസ്‌ ഇടപെട്ടാണ്‌ ഒടുവില്‍ മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്‌.

കളക്‌റ്റ്രേറ്റില്‍ പിഎസ്‌സിയുടെ ഇന്റര്‍വ്യൂ നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയ വനിതയെ പ്രവര്‍ത്തകര്‍ കലക്‌ട്രേറ്റ്‌ ഗേറ്റില്‍ തടഞ്ഞപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയതായിരുന്നു ബിനീഷ്‌. ഇതിനിടയിലാണ്‌ ബിനീഷിനെ കയ്യേറ്റം ചെയ്‌തത്‌.

ബിനീഷിനെ രക്ഷിക്കാനെത്തിയപ്പോഴാണ്‌ കെപി നിജീഷിനെതിരെ പ്രവര്‍ത്തകര്‍ തിരഞ്ഞത്‌. ഇതിനിടയിലാണ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെകടര്‍ ബീന പ്രദീപ്‌ ഓഫീസിലേക്കെത്തിയത്‌.

ഇവരെ പ്രവര്‍ത്തകര്‍ തടഞ്ഞ്‌ ഭീഷണി മുഴക്കിയപ്പോള്‍ ഇവരത്‌ മൊബൈലില്‍ ചിത്രീകരിച്ചു. ഇതോടെ പ്രവര്‍ത്തകരിലൊരാള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച്‌ നിലത്തെറിഞ്ഞുടച്ചു.

പിന്നീട്‌ പ്രസംഗിച്ച എംകെ രാഘവന്‍ എംപി അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ മാപ്പപേക്ഷിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെയും വനിതാ ജീവനക്കാരിയെയും ഉള്‍പ്പെടെ അക്രമിച്ച യുഡിഎഫ്‌ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി.

ഇതോടെ യുഡിഎഫ്‌ നേതാക്കള്‍ മാധ്യമം ഓഫീസില്‍ നേരിട്ടെത്തി മാപ്പു പറഞ്ഞു.

എല്‍ ഡി എഫ്‌ സര്‍ക്കാര്‍ 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്‌ബോള്‍ ഇതു വരെ നടത്തിയ വികസനം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഉപരോധം ഉദ്‌ഘാടനം ചെയ്‌ത കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസംഗം.

പ്രളയാനന്തര ഭരണസ്‌തംഭനത്തിലും ക്രമസമാധാന തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചനയിലും പ്രതിഷേധിച്ചാണ്‌ യു ഡി എഫ്‌ ഉപരോധം സമരം സംഘടിപ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക