Image

വിജയും പൗര്‍ണ്ണമിയും പിന്നെ കഥയും സൂപ്പര്‍

Published on 31 January, 2019
വിജയും പൗര്‍ണ്ണമിയും പിന്നെ കഥയും സൂപ്പര്‍
മലയാളത്തില്‍ ആസിഫ് അലിയും ജിസ് ജോസും ഒരുമിച്ചപ്പോഴെല്ലാം പ്രേക്ഷകന് മികച്ച സിനിമകള്‍ ലഭിച്ചിട്ടുണ്ട്. ബൈക്കൈിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ അതിനുദാഹരണമാണ്. ആ ശ്രേണിയില്‍ പെടുത്താവുന്ന നല്ലൊരു ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. പേരിലെ വ്യത്യസ്ത കൊണ്ടാണ് സിനിമ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ അമിതമായ വ്യത്യസ്തതകള്‍ ഒന്നും തന്നെ കഥയ്ക്കില്ല എന്നതും ശ്രദ്ധേയമാണ്. നമുക്കിടയില്‍ കണ്ടു വരുന്ന ചെറുപ്പക്കാര്‍. അവരുടെ ജീവിതം. സ്വപ്നങ്ങള്‍അങ്ങനെ യാഥാര്‍ത്ഥ്യത്തിന്റെ ചുറ്റുവട്ടത്തു തന്നെയാണ് സിനിമയുടെ കഥ അരങ്ങേറുന്നതും.പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കഥ തന്നെയാണ് ഈ ചിത്രത്തിന്റേതെന്ന് നിസംശയം പറയാം.

ന്യൂജെന്‍ ചെറുപ്പക്കാര്‍ വീട്ടിലും സമൂഹത്തിലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ വളരെ തന്‍മയത്വത്തോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. തിയേറ്ററുകളില്‍ നാം സ്ഥിരം കാണാറുള്ള പരസ്യത്തില്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമയുടെ കഥാവിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കുഞ്ഞുനാള്‍ മുതലേ വിജയ് സൂപ്പറാണെന്ന് എല്ലാവരും പറഞ്ഞും കേട്ടും വളര്‍ന്ന ചെറുപ്പക്കാരനാണ് വിജയ്. എന്നാല്‍ അയാളാകട്ടെ അതിനു നേരെ വിപരീത സ്വഭാവക്കാരനും. ഒട്ടും ആത്മവിശ്വാസമില്ലാത്ത, സ്വപ്നങ്ങളും പ്രതീക്ഷകളുമൊന്നും ഏറെയില്ലാത്ത കഷ്ടിച്ചുനേടിയ ബി.ടെക് ബിരുദവുമായി കൂട്ടുകാരുമൊത്ത് അലസനായി നടക്കുന്നയാളാണ് വിജയ്. ഒരു ഷെഫായി നല്ലൊരു റെസ്റ്റോറന്റ് തുടങ്ങണമെന്നാണ് അയാല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വിജയ്‌ന്റെ അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ക്ക് ബിടെക്കിനു പോകേണ്ടി വരുന്നു. വീട്ടില്‍ നല്ല സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. വിജയ്‌നെ നല്ല സ്ത്രീധനം വാങ്ങി ഒരു വിവാഹം കഴിപ്പിച്ചാല്‍ സാമ്പത്തിക ബാധ്യതകള്‍ വീട്ടാം എന്നതാണ് വീട്ടുകാരുടെ കണക്കുകൂട്ടല്‍. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ പെണ്ണുകാണാന്‍ പോവുകയാണ്.
പൗര്‍ണ്ണമി നല്ല ധൈര്യവതിയായ പെണ്‍കുട്ടിയാണ്. തന്റെ കരിയറിനെ കുറിച്ച് വ്യക്തമായ ബോധവും ജീവിതലക്ഷ്യങ്ങളും ഉള്ള ആധുനിക സമൂഹത്തിലെ പെണ്‍കുട്ടി. ആത്മവിശ്വാസത്തിന്റെ പ്രതീകമാണവള്‍. എം.ബി.എ പാസായ ശേഷം ഒന്നു രണ്ടു ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും അത് നഷ്ടത്തില്‍ കലാശിച്ചതോടെ അവളും കുറച്ച് സാമ്പത്തിക ഞെരുക്കത്തിലാണ്. പരാജയങ്ങള്‍ അവളെ അസ്വസ്ഥയാക്കുന്നുണ്ടെങ്കിലും തന്റെ തീരുമാനം ശരിയായിരുന്നു എന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ തെളിയിക്കാന്‍ അവളാഗ്രഹിക്കുന്നു.

വിജയ് പെണ്ണുകാണാന്‍ എത്തുന്ന വീട് മാറി കയറിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് അവര്‍ തമ്മിലുളള സൗഹൃദം വളരുന്നു. അവര്‍ രണ്ടു പേര്‍ക്കും ഒരു നഷ്ടപ്രണയമുണ്ട്. സാമ്പത്തികമായുള്ള ക്‌ളേശങ്ങളും സഹിക്കുന്നവര്‍. ഇരുവരും അഭിമുഖീകരിക്കുന്നത് ഒരേ പ്രശ്‌നമാണെന്നും ഇരുവരുടേയും സ്വപ്നങ്ങള്‍ക്ക് ഒരേ നിറമാണെന്നും തിരിച്ചറിയുകയാണ്. അതിനിടയില്‍ അവര്‍ ഒരുമിച്ച് ഒരു യാത്ര പോകുന്നു. ഈ യാത്രയ്ക്കിടയിലാണ് അവര്‍ പരസ്പരം തിരിച്ചറിയുന്നതും.

ലക്ഷ്യബോധമില്ലാത്ത ന്യൂജെന്‍ പയ്യനായി ആസിഫ് അലി വേറെയും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ വിജയും മിതത്വമുള്ള അവതരണത്തിലൂടെ ആസിഫ് ഭംഗിയാക്കി. സമര്‍ത്ഥയും ആത്മവിശ്വാസവുമുള്ള പുതിയ കാലത്തിന്റെ പ്രതീകമായ പൗര്‍ണ്ണമി എന്ന കഥാപാത്രമായി ഐശ്വര്യലക്ഷ്മി നന്നായി തിളങ്ങിയിട്ടുണ്ട്. ഓരോ ചിത്രം കഴിയുന്തോറും ഐശ്വര്യ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് സ്വാഭാവികമായ അഭിനയത്തിലൂടെ കൂടുതല്‍ മിഴിവ് നല്‍കുന്നു.

മികച്ച കൈയ്യടക്കത്തോടെയുള്ള സംവിധാനത്തിന് ജിസ് ജോസ് അഭിനന്ദനം അര്‍ഹിക്കുന്നു. പല തവണ പറഞ്ഞ കഥയെടുത്ത് അവതരിപ്പിക്കുമ്പോള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടാതെ സിനിമയെ മുന്നോട്ടു കൊണ്ടു പോവുക എന്നത് വലിയ വെല്ലുവിളിയാണ്. അക്കാര്യത്തില്‍ സംവിധായകനും തിരക്കഥാകൃത്തു വിജയിച്ചിരിക്കുന്നു. ആസിഫ് അലിയുടെ കര്‍ശക്കശക്കാരനായ അച്ഛനായി സിദ്ദിഖും മകളുടെ എല്ലാ സ്വപ്നങ്ങള്‍ക്കും പിന്തുണ നല്‍കുന്ന അച്ഛനായി രണ്ജി പണിക്കരും മികച്ച അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത്. ശാന്തികൃഷ്ണ, മായാമേനോന്‍, കെ.പി.എ.സി ലളിത എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. വിജയിന്റെ സുഹൃത്തുക്കളായി വരുന്ന ബാലു വര്‍ഗീസ്, ജോസഫ് അന്നം ജോര്‍ജ് എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.
കുടുംബസമേതമോ കൂട്ടുകാര്‍ക്കൊപ്പമോ കാണാന്‍ കഴിയുന്ന ഒരു ഫീല്‍ ഗുഡ് മുവീ..അതാണ് ഈ ചിത്രം.
വിജയും പൗര്‍ണ്ണമിയും പിന്നെ കഥയും സൂപ്പര്‍
വിജയും പൗര്‍ണ്ണമിയും പിന്നെ കഥയും സൂപ്പര്‍
വിജയും പൗര്‍ണ്ണമിയും പിന്നെ കഥയും സൂപ്പര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക