Image

കേരള പുനര്‍നിര്‍മ്മാണം: 1.31 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ധനസഹായം നല്‍കി; 9341 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു

Published on 02 February, 2019
കേരള പുനര്‍നിര്‍മ്മാണം: 1.31 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ധനസഹായം നല്‍കി; 9341 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു
തിരുവനന്തപുരം: പ്രളയത്തില്‍ വീട്‌ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചത്‌ 430 കോടി രൂപ. 1.31 ലക്ഷം കുടുംബങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ ധനസഹായം നല്‍കിയത്‌.

പൂര്‍ണ്ണമായും തകര്‍ന്ന 13,362 വീടുകളില്‍ 9341 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഇതിനു മാത്രമായി 94 കോടി രൂപ ഇതുവരെ ചെലവഴിച്ചു.

മറ്റു വീടുകള്‍ സന്നദ്ധ സംഘടനകളുടെ സ്‌പോണ്‍സര്‍ഷിപ്പോടെ നിര്‍മ്മാണം നടത്തും. പുറമ്‌ബോക്കില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്‌.

കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക്‌ 200 കോടിയോളം രൂപയാണ്‌ സഹായം നല്‍കിയത്‌. 2.38 ലക്ഷം കര്‍ഷകര്‍ക്ക്‌ 178 കോടി രൂപ ധനസഹായമായി നല്‍കി.

വിള ഇന്‍ഷൂറന്‍സായി 21.57 കോടി രൂപയും നല്‍കിയിട്ടുണ്ട്‌. കന്നുകാലികളെ നഷ്ടപ്പെട്ട 27,363 കര്‍ഷകര്‍ക്ക്‌ 21.7 കോടി രൂപയാണ്‌ വിതരണം ചെയ്‌തത്‌.

അടിയന്തര ആവശ്യങ്ങള്‍ക്ക്‌ കുടുംബശ്രീ മിഷന്‍ പലിശരഹിത വായ്‌പയായി 732.46 കോടി രൂപ വിതരണം ചെയ്‌തു.94,891 കുടുംബങ്ങള്‍ക്കാണ്‌ കുടുംബശ്രീ ഇതുവരെ വായ്‌പ നല്‍കിയിരിക്കുന്നത്‌.

തൊഴിലുറപ്പ്‌ പദ്ധതി വഴി കൂടുതല്‍ തൊഴില്‍ ദിനങ്ങളും സൃഷ്ടിച്ചു. 60,966 പുതിയ തൊഴില്‍ കാര്‍ഡുകളാണ്‌ വിതരണം ചെയ്‌തത്‌. 5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 559 കോടി രൂപ തൊഴിലാളികളുടെ അക്കൗണ്ടുകളില്‍ എത്തിക്കഴിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക