Image

കാലാവസ്ഥാ വ്യതിയാനം: സമഗ്ര പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി

Published on 04 February, 2019
കാലാവസ്ഥാ വ്യതിയാനം: സമഗ്ര പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും ഇതുമൂലമുള്ള ആഘാതം ലഘൂകരിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ സമഗ്രമായ കര്‍മ്മപദ്ധതി (സംസ്ഥാന കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി) കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓരോ മേഖലയിലെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനവും അതുമൂലം ഉണ്ടായേക്കാവുന്ന ആഘാതങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും കര്‍മ്മപദ്ധതിയില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ സബ്‌മിഷന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

2014ല്‍ രൂപീകൃതമായ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ സമഗ്രമായ പഠനവും ഗവേഷണവും ലക്ഷ്യമിട്ട്‌ ആരംഭിച്ചതാണ്‌.
സംസ്ഥാനത്തിന്റെ കാലാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍, ഭക്ഷ്യസുരക്ഷ, ജീവനോപാധികള്‍, പ്രകൃതിവിഭവങ്ങള്‍, തീരമേഖല എന്നിവയെല്ലാം ഈ സ്ഥാപനത്തിന്റെ പഠന വിഷയങ്ങളാണ്‌. ഇവയുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്‌ സ്ഥാപനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍പ്പെടുന്നു.

സംസ്ഥാനത്തുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെയും ഈ തലമുറ കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്‌. ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക