Image

പള്ളികളിലെ ഉച്ചഭാഷിണി മാറ്റാത്തതെന്ത്, കോടതി വിധി ബാധകമാവുന്നത് ഒരു വിഭാഗത്തിന് മാത്രമോ -അമിത് ഷാ

Published on 22 February, 2019
പള്ളികളിലെ ഉച്ചഭാഷിണി മാറ്റാത്തതെന്ത്, കോടതി വിധി ബാധകമാവുന്നത് ഒരു വിഭാഗത്തിന് മാത്രമോ -അമിത് ഷാ

പാലക്കാട്: ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ. സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത് ഷാ ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രസംഗം. 

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികള്‍ സര്‍ക്കാര്‍ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്താണെന്നും വിധി ഒരു സമുദായത്തിനു മാത്രമാണോ ബാധകമെന്നും അദ്ദേഹം പ്രസംഗത്തിനിടെ ചോദിച്ചു. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ അമിത് ഷാ വിമര്‍ശനമുന്നയിച്ചത്.

സുപ്രീം കോടതി മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളൊഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര പള്ളികളിലെ ഉച്ചഭാഷിണികള്‍ വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ എടുത്തുമാറ്റിയിട്ടുണ്ട്', അമിത് ഷാ ചോദിച്ചു. സുപ്രീം കോടതി വിധി ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്രമസമാധാന പാലനം നടത്തുന്ന സര്‍ക്കാരാണെങ്കില്‍ ബാക്കി സുപ്രീം കോടതി വിധികള്‍ കൂടി നടപ്പിലാക്കണം എന്നും അമിത് ഷാ പറഞ്ഞു.


മുസ്ലിം പള്ളികള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ പുറത്തേക്ക് അഭിമുഖീകരിക്കുന്ന തരത്തില്‍ സ്ഥാപിക്കാന്‍ പാടില്ലയെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം ആ പരിസരത്ത് മാത്രം ഒതുങ്ങുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തെയാണ്  മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് എന്ന രീതിയില്‍ അമിത് ഷാ പ്രസംഗിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക