Image

നയന സൂര്യന് സിനിമാ പ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും അന്ത്യാഞ്ജലി; സംസ്കാരം നാളെ

Published on 24 February, 2019
നയന സൂര്യന് സിനിമാ പ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും അന്ത്യാഞ്ജലി; സംസ്കാരം നാളെ

തിരുവനന്തപുരം: ലെനിന്‍ രാജേന്ദ്രന്‍റെ സന്തത സഹചാരിയും ദീര്‍ഘനാള്‍ സംവിധാന സഹായിയും ആയിരുന്ന നയന സൂര്യന് സിനിമാ പ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും യാത്രാമൊഴി. നയനയുടെ തലസ്ഥാനത്തെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സംസ്ക്കാരം നാളെ സ്വദേശമായ ആലപ്പാട് നടക്കും.

ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി 41 ദിവസം പിന്നിടുമ്ബോള്‍ തന്‍റെ ഇരുപത്തിയൊന്‍പതാം പിറന്നാള്‍ ദിനത്തിലാണ് നയനയും യാത്രയായത്. ഇന്നലെ അര്‍ദ്ധരാത്രി വഴുതക്കാട്ടെ വീട്ടുമുറിയില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രോസ് റോഡ് എന്ന സിനിമാ പരമ്ബരയിലെ 'പക്ഷിയുടെ മണം' എന്ന സിനിമ നയന സംവിധാനം ചെയ്തു. കമല്‍, ഡോക്ടര്‍ ബിജു, ജീത്തു ജോസഫ് എന്നിവര്‍ക്കൊപ്പവും സംവിധാന സഹായിയിരുന്നു. നിരവധി പരസ്യചിത്രങ്ങളും സ്റ്റേജ് ഷോകളും നയന ഒരുക്കിയിട്ടുണ്ട്.

സിനിമാമോഹവുമായി ആലപ്പാട്ടെ തീരപ്രദേശത്തുനിന്നും തലസ്ഥാനത്തേക്കെത്തിയ നയന ലെനിന്‍ രാജേന്ദ്രന്‍ സിനിമകളുടെ കടുത്ത ആരാധികയായിരുന്നു. മീനമാസത്തിലെ സൂര്യനോടുള്ള ഇഷ്ടമാണ് പേരില്‍ സൂര്യന്‍ ചേര്‍ക്കാനുള്ള കാരണം. മകരമഞ്ഞ് മുതല്‍ ലെനിന്‍ സിനിമകളുടെ സഹായിയായിരുന്നു. തിരുവനന്തപുരത്തെ ബദല്‍ സിനിമാ കൂട്ടായ്മകളിലും ഐഎഫ്‌എഫ്കെ വേദികളിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമായിരുന്നു നയന. ആലപ്പാട്ടെ കരിമണല്‍ ഖനനനത്തിനെതിരെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലും നയന സജീവമായി പങ്കെടുത്തിരുന്നു.

ലെനിന്‍ രാജേന്ദ്രന്‍റെ മൃതശരീരം ചലച്ചിത്ര അക്കാദമിക്ക് മുമ്ബില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ പൊട്ടികരഞ്ഞുകൊണ്ട് നിന്ന നയന സൂര്യനെ തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. അതിന് ശേഷം നയന പൊതുവിടങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. ഗുരുവിന്‍റെ മരണം അത്രയേറെ നയനയെ ഉലച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക