Image

മലയാള നോവലിലെ സ്ത്രീപക്ഷ രചനകള്‍ - കൊച്ചേച്ചി

കൊച്ചേച്ചി Published on 17 April, 2012
മലയാള നോവലിലെ സ്ത്രീപക്ഷ രചനകള്‍ - കൊച്ചേച്ചി
മലയാള നോവല്‍ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും സ്ത്രീ നോവലിസ്റ്റുകള്‍ രംഗപ്രവേശം ചെയ്യുന്നത് വളരെ വൈകിയാണ്; ഉള്ളവര്‍ തന്നെ വളരെ വിരളവും.

പുരുഷന്മാരുടെ നോവലുകള്‍ അതിന്റെ പേരുകള്‍ കൊണ്ടു തന്നെ സ്ത്രീകളുടെ പ്രസക്തി വെളിപ്പെടുത്തപ്പെട്ടവയാണ്. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, ലക്ഷ്മീ കേശവം തുടങ്ങിയ കഥാപാത്രങ്ങളെ പരിചയിച്ചിട്ടുള്ളവര്‍ കണ്ടേക്കാം. ഇന്ദുലേഖ എന്ന കഥാപാത്രത്തിലൂടെ ചന്തുമേനോന്‍ സ്ത്രീയുടെ സാമൂഹികവും ലൈംഗികവുമായ സ്വയം നിര്‍ണ്ണയാവകാശത്തിന്റെ ധീരസ്വരം കേള്‍പ്പിക്കുന്നുണ്ടെങ്കിലും അതുള്‍ക്കൊള്ളാനുള്ള സാഹചര്യം അന്നത്തെ വനിതകള്‍ക്കുണ്ടായിരുന്നില്ല. വരേണ്യവര്‍ഗ്ഗത്തില്‍ കുറച്ചുപേര്‍ മാത്രമാണ് അതുവായിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആ നോവലുകളില്‍ നിന്ന് കരുത്താര്‍ജ്ജിക്കുവാന്‍ സ്ത്രീകള്‍ക്കു സാധിച്ചില്ല.

മലയാള നോവലിലെ സ്ത്രീപക്ഷ രചനകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ രാജലക്ഷ്മി, ലളിതാംബിക അന്തര്‍ജ്ജനം എന്ന രണ്ടുപേരുകള്‍ മാത്രമേ എടുത്തു പറയാനാവൂ. ഒരു വഴിയും കുറേ നിഴലുകളും, ഞാനെന്ന ഭാവം, പൂര്‍ണമായ ഉച്ചവെയിലും ഇളംനിലാവും, എന്ന മൂന്നു നോവലുകളാണ് രാജലക്ഷ്മിക്കു സ്വന്തം. ആദ്യത്തെ നോവലില്‍ നാം പരിചയപ്പെടുന്ന മണി എന്ന കഥാപാത്രം കവിത എഴുതുകയും പരമ്പരാഗത സാമൂഹ്യ വ്യവസ്ഥകള്‍ തെറ്റിക്കുന്നവളുമാണ്. അതുകൊണ്ടു തന്നെ അവള്‍ക്കു തന്റെ ലോകം ഇരുണ്ടതാകുന്നു. കലാലയത്തിലെ പ്രണയാനുഭവവും പൂര്‍ത്തീകരിക്കപ്പെടുന്നില്ല. സ്ത്രീയുടെ ഇഷ്ടങ്ങള്‍ തുറന്നു പറയുന്നത് സാമൂഹ്യ നീതിക്കു വിരുദ്ധമായിരുന്ന കാലഘട്ടത്തില്‍ പുരുഷ നീതിയുടെ ബലിപീഠത്തില്‍ സ്ത്രീയനുഭവങ്ങള്‍ കുരുതി കഴിക്കപ്പെടുകയായിരുന്നു. അതു തുറന്നെഴുതിയ രാജലക്ഷ്മിക്ക് ധാരാളം എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. തന്റെ അവസാന പുസ്തകം എഴുതി തീരും മുമ്പ് 1965 ല്‍ അവര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ താന്‍ അനുഭവിച്ച മാനസിക പീഢകളും രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവല്‍ സ്ത്രീ പക്ഷ രചനയ്ക്ക് ഉത്തമോദാഹരണമാണ്. പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രങ്ങള്‍ മേല്‍ക്കോയ്മ പുലര്‍ത്തുന്ന സമൂഹത്തെ നേരിടുന്നതാണ് യഥാര്‍ത്ഥ സ്ത്രീപക്ഷരചന. പുരുഷന്റെ ചതിയൊ ദുരിതമോ എഴുതിയതുകൊണ്ട് അതു സ്ത്രീപക്ഷരചനയാകുന്നില്ല. അഗ്നിസാക്ഷിയിലെ ദേവകിയുടെയും തങ്കത്തിന്റെയും അനുഭവങ്ങള്‍ സ്ത്രീപക്ഷ രചനയില്‍പെടുന്നത് അതുകൊണ്ടാണ്. വീട്, സ്വകാര്യത, ദുര്‍ബലത തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥിതികളെ ദേവകി ലംഘിക്കുന്നു. സ്തീ അകവും, പുരുഷന്‍ പുറവും, സ്ത്രീ നിയന്തിക്കപ്പെടേണ്ടവള്‍, പുരുഷന്‍ സ്വതന്ത്രന്‍ എന്ന രീതിയൊടുള്ള എതിര്‍പ്പ് ഈ നോവലില്‍ വെളിപ്പെടുന്നു. നോവലിലെ ഏറ്റുമുട്ടല്‍ സ്ത്രീയും പുരുഷനും തമ്മിലല്ല; സ്ത്രീയും പുരുഷമേധാവിത്വത്തിന്റെ ദൂഷ്യവശങ്ങളും തമ്മിലാണ്. സ്ത്രീയുടെ കാമനയ്ക്ക് അഗ്നിസാക്ഷി ആഖ്യാനമാകുന്നു.

രാജലക്ഷ്മിയും ലളിതാംബികാ അന്തര്‍ജനവും നല്‍കിയ വെളിപാടുകള്‍ ഉണ്ടായിട്ടും പി. വത്സലയില്‍ പോലും സ്ത്രീയുടേതായ അനുഭവലോകം വെളിപ്പെട്ടു വരുന്നില്ല. സ്ത്രീ നോവലുകളെക്കാള്‍ സ്ത്രീ ചെറുകഥാകാരികളുടെ ആഖ്യാനങ്ങള്‍ സ്ത്രീപക്ഷരചനകളാകുന്നുണ്ട്. കെ.സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയവരുടെ രചനകളില്‍ സ്ത്രീ ലോകത്തിന്റെ ആഴമുള്ള അപഗ്രഥനങ്ങളുണ്ട്.

സ്ത്രീരചനകള്‍ എപ്രകാരമായിരിക്കണമെന്നുള്ള വിചിന്തനം മുണ്ടശ്ശേരിയുടെ സാഹിത്യത്തിലെ സ്ത്രീ എന്ന ലേഖനത്തില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ് (പുതിയകാഴ്ച്ചപ്പാട്. 1955 ജോസഫ് മുണ്ടശ്ശേരി)
മലയാള നോവലിലെ സ്ത്രീപക്ഷ രചനകള്‍ - കൊച്ചേച്ചി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക