Image

കളവിനെ മറ്റൊരു കളവ് കൊണ്ട് ന്യായീകരിക്കാന്‍ പാകിസ്ഥാനോളം മറ്റാര്‍ക്കും കഴിയില്ല; കളവുകളുടെ തെളിവുകള്‍ നിരത്തി പൊളിച്ചടുക്കി ഇന്ത്യ

Published on 01 March, 2019
കളവിനെ മറ്റൊരു കളവ് കൊണ്ട് ന്യായീകരിക്കാന്‍ പാകിസ്ഥാനോളം മറ്റാര്‍ക്കും കഴിയില്ല; കളവുകളുടെ തെളിവുകള്‍ നിരത്തി പൊളിച്ചടുക്കി ഇന്ത്യ
കളവിനെ മറ്റൊരു കളവ് കൊണ്ട് ന്യായീകരിക്കാന്‍ പാകിസ്ഥാനോളം മറ്റാര്‍ക്കും കഴിയില്ല. എന്നാല്‍ പാകിസ്ഥാന്റെ ആ കളവുകളെ കൃത്യമായ ഇടവേളകളില്‍ വ്യക്തമായ തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ സൈന്യം പൊളിച്ചടുക്കി. ഉറിയില്‍ ആക്രമണത്തിന്റെ നിരവധി തെളിവുകള്‍ വീഡിയോയടക്കം പുറത്ത് വിട്ടിട്ടും അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന രീതിയിലാണ് പാകിസ്ഥാന്റെ പ്രതികരണം.

ഇതുപോലെ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ എഫ് 16 തകര്‍ന്നപ്പോഴും പാകിസ്ഥാന്‍ പ്രതികരിച്ചത്. ആദ്യം ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുവെന്നും മൂന്ന് സൈനികര്‍ പിടിയിലായെന്നുമുള്ള വിവരം പുറത്ത് വിട്ട പാകിസ്ഥാന്‍ പിന്നീടത് ഒരു വിമാനമായും രണ്ട് സൈനികരാണ് പിടിയിലായതെന്നും ചുരുക്കി. എന്നാല്‍ വ്യക്തമായ കണക്കുകള്‍ ഉദ്ധരിച്ച്‌ ഇന്ത്യ പ്രതികരിച്ചതോടെ കളവുകള്‍ വെള്ളം തൊടാതെ വിഴുങ്ങുവാനെ പാകിസ്ഥാന് കഴിഞ്ഞുള്ളൂ.

പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികനെ വച്ച്‌ വില പേശാനും പാകിസ്ഥാന്‍ ശ്രമം തുടങ്ങി. ഇന്ത്യ ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ അഭിനന്ദിനെ കൈമാറാന്‍ ആലോചിക്കാം എന്ന നിലയില്‍ പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ആരംഭിച്ച വിലപേശലില്‍ വീഴാതെ ഗൗരവത്തോടെയുള്ള മൗനമാണ് ഇന്ത്യ തുടക്കം മുതല്‍ സ്വീകരിച്ചത്. എന്നാല്‍ നയതന്ത്ര ഇടപെടലിലൂടെ പാകിസ്ഥാന് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നതില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. 

ഇതിനെ തുടര്‍ന്നാണ് പിടിയിലായ ഇന്ത്യന്‍ വൈമാനികനെ വിട്ടയക്കാന്‍ വ്യാഴാഴ്ച വൈകിട്ടോടെ പാകിസ്ഥാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനായി സമാധാനത്തിന്റെ മുഖം മൂടിയണിയാന്‍ പാക് പ്രധാനമന്ത്രി പ്രത്യേകം ശ്രമിച്ചിരുന്നു. പാക് പിടിയിലായ ഒരു ഇന്ത്യന്‍ സൈനികനെ തിരികെ എത്തിക്കാന്‍ എളുപ്പമല്ലെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നന്നായി അറിയാം. 

കാരണം യുദ്ധത്തിനിടെ പാക് കരങ്ങളില്‍ പെട്ടുപോയ 74 ഇന്ത്യന്‍ സൈനികര്‍ ഇന്നും അവിടെ ജയിലുകളില്‍ കൊടിയ ദുരിതം അനുഭവിക്കുന്നു എന്ന് വിശ്വസിക്കുന്ന രാജ്യമാണ് നമ്മുടേത്. 1971ലെ യുദ്ധത്തിന് ശേഷം പാക് പിടിയിലായ 54 സൈനികരെ കുറിച്ചുള്ള ഒരു വിവരവും പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ല. ഇവരാരും തങ്ങളുടെ പക്കല്‍ ഇല്ല എന്നതരത്തിലുള്ള മറുപടിയാണ് പാകിസ്ഥാന്‍ നല്‍കുന്നതും. 

നയതന്ത്ര ഇടപെടലുകളുടെ ഫലമായി കാണാതായ സൈനികരുടെ ബന്ധുക്കള്‍ക്ക് പാക് ജയിലുകള്‍ സന്ദര്‍ശിക്കാനുള്ള അവസരം പാകിസ്ഥാന്‍ ഒരിയ്ക്കല്‍ നല്‍കിയിരുന്നു. 2007 ല്‍ ഇപ്രകാരം അവിടെ എത്തിയവര്‍ക്ക് പക്ഷേ അവരെ കാണാനായില്ലെന്നതാണ് വസ്തുത. എന്നാല്‍ പാക് ജയിലുകളില്‍ ഇപ്പോഴും ഇന്ത്യന്‍ സൈനികരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. അതേസമയം കാണാതായ സൈനികരുടെ ഉറ്റവര്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യ ശ്രദ്ധ ചെലുത്തുന്നുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക