Image

കര്‍ണാടക സ്വദേശിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍വിശദീകരണം ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ കമ്മീഷന്‍

Published on 18 March, 2019
കര്‍ണാടക സ്വദേശിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍വിശദീകരണം ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ കമ്മീഷന്‍

മഞ്ചേരി:  കര്‍ണാടക സ്വദേശിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന്‌ വിശദീകരണം ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ കമ്മീഷന്‍. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ്‌ നടപടി.


ആംബുലന്‍സിന്‌ നല്‍കാന്‍ പണമില്ലാത്തതിനാല്‍ ആംബുലന്‍സ്‌ ചോദിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളേജ്‌ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. സംഭവത്തില്‍ മൂന്നാഴ്‌ചക്കകം റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ മലപ്പുറം ജില്ലാ കളക്ടറിനോടും മഞ്ചേരി മെഡിക്കല്‍ കോളേജ്‌ സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.

കര്‍ണാടക ബിദാര്‍ സ്വദേശിയായ ചന്ദ്രകല(45)യാണ്‌ വെള്ളിയാഴ്‌ച അര്‍ബുദത്തെ തുടര്‍ന്ന്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍വെച്ച്‌ മരിച്ചത്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ ഞായറാഴ്‌ച ബന്ധുക്കളെത്തി. എന്നാല്‍ ബന്ധുക്കളുടെ കൈവശം ആംബുലന്‍സിന്‌ നല്‍കാന്‍ പണമുണ്ടായിരുന്നില്ല.

 തുടര്‍ന്ന്‌ സ്വകാര്യ ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ ഇന്ധനചെലവ്‌ നല്‍കിയാല്‍ നാട്ടിലെത്തിക്കാമെന്ന്‌ ബന്ധുക്കള്‍ക്ക്‌ വാഗ്‌ദാനം നല്‍കിയെങ്കിലും അതിനുള്ള പണവും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.

ഇതിനെ തുടര്‍ന്ന്‌ ആംബുലന്‍സ്‌ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ്‌ സൂപ്രണ്ട്‌ ഡോ നന്ദകുമാറിനെ കണ്ടെങ്കിലും, ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റി ഫണ്ടില്‍നിന്ന്‌ ആംബുലന്‍സിന്‌ പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്‌ത്‌ കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. 

സംഭവത്തില്‍ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന്‌ മറ്റ്‌ വഴിയില്ലാത്തതിനാല്‍ ബന്ധുക്കള്‍ അവര്‍ വന്ന കാറിന്റെ ഡിക്കിയില്‍ തന്നെ മൃതദേഹം കയറ്റുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക