Image

പാര്‍ട്ടി ഓഫീസിലെ പീഡനാരോപണം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് മന്ത്രി എകെ ബാലന്‍

Published on 21 March, 2019
പാര്‍ട്ടി ഓഫീസിലെ പീഡനാരോപണം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് മന്ത്രി എകെ ബാലന്‍

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എ കെ ബാലന്‍. ഇത്തരം പ്രചരണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ ഭാവിയില്‍ ഇത് തിരിച്ചടിയാകുമെന്നും സാംസ്കാരിക മന്ത്രി പറ‌ഞ്ഞു.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ എം ബി രാജേഷ് എംപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രിയും ആരോപണങ്ങളെ തള്ളി രം‍ഗത്തെത്തിയത്.

പാലക്കാട് ചെര്‍പ്പുളശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ വച്ച്‌ പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതി. പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു.

മാര്‍ച്ച്‌ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതിയെ കണ്ടെത്തി. തുടര്‍ന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.

താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്ബാകെ മൊഴി നല്‍കി. സിപിഎം പോഷകസംഘടനാ പ്രവര്‍ത്തകയായിരിക്കെ പാര്‍ട്ടി ഓഫീസിലെത്തിയ താന്‍ അതേ സംഘടനയില്‍പ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാള്‍ പ്രണയം നടിച്ച്‌ പീഡിപ്പിച്ചെന്നുമാണ് പരാതി. ചെര്‍പ്പുളശ്ശേരിയിലെ ഒരു കോളേജില്‍ പഠിക്കുന്ന കാലത്ത് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഇതോടെ ആരോപണ വിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തു. സ്ഥലത്തെ ഒരു വര്‍ക് ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. ഈ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയുടെയും യുവാവിന്‍റെയും കുടുംബങ്ങള്‍ സിപിഎം അനുഭാവികളാണ്. എന്തായാലും രണ്ട് പേരും പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. വീണ്ടും ഈ പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആരോപണവിധേയനായ യുവാവിനെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും.

ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറ​​ഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ എം ബി രാജേഷ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ മുമ്ബും ഉണ്ടായിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക