Image

രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പുതിയ ഓഫറുമായി ആംആദ്മി പാര്‍ട്ടി.... 18 സീറ്റില്‍ സഖ്യമാകാം

Published on 14 April, 2019
രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പുതിയ ഓഫറുമായി ആംആദ്മി പാര്‍ട്ടി.... 18 സീറ്റില്‍ സഖ്യമാകാം

ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യത്തിലെ സസ്‌പെന്‍സ് തുടരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് സഖ്യം വേണമെന്ന് ആഗ്രഹമുണ്ടായിട്ടും അരവിന്ദ് കെജ്രിവാള്‍ അത് തകര്‍ത്തെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. എന്നാല്‍ കോണ്‍ഗ്രസിനെ വീണ്ടും സഖ്യത്തിനായി ക്ഷണിച്ചിരിക്കുകയാണ് എഎപി. കുറച്ച് സീറ്റുകളുടെ കാര്യവും അവര്‍ കോണ്‍ഗ്രസിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് ദില്ലിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ എഎപി നല്‍കിയ ഓഫര്‍ കോണ്‍ഗ്രസിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ദില്ലിയില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും സഖ്യം ആവാമെന്ന ഓഫറാണ് എഎപി കോണ്‍ഗ്രസിന് മുന്നില്‍ ഉയര്‍ത്തുന്നത്. ഇതോടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സഖ്യത്തിനായി രംഗത്ത് വരാന്‍ സാധ്യതയുണ്ട്.


ദില്ലിയില്‍ എഎപിയുമായി സഖ്യത്തിന് തയ്യാറായിരുന്നു. ആറ് ഘട്ടമായി ചര്‍ച്ചകള്‍ വരെ നടത്തി. രാഹുല്‍ ഗാന്ധിക്ക് അരവിന്ദ് കെജ്രിവാളുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമാണ് ഈ അവസരം തകര്‍ത്തത്. അവര്‍ക്ക് ദില്ലിയിലെ സഖ്യമല്ല, മറിച്ച് മറ്റ് സംസ്ഥാനങ്ങളിലുമുള്ള സഖ്യമാണ് വേണ്ടത്. രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെയാണ് എഎപി പെരുമാറിയതെന്നും, ദില്ലിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.


പറഞ്ഞ കാര്യങ്ങള്‍ വീണ്ടും തിരുത്തിയിരിക്കുകയാണ് എഎപി. 18 സീറ്റുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് എഎപി വ്യക്തമാക്കി. ദില്ലി, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലായിട്ടാണ് ഈ 18 സീറ്റുകള്‍ ഉള്ളത്. അതേസമയം കോണ്‍ഗ്രസ് ദില്ലിയില്‍ മാത്രം സഖ്യത്തിന് തയ്യാറാണെന്നാണ് അറിയിച്ചത്. സഖ്യമായി മത്സരിച്ചാല്‍ ഈ മണ്ഡലങ്ങളില്‍ വിജയിക്കാമെന്ന് കണക്കുകള്‍ വെച്ച് എഎപി പറയുന്നു.


ഹരിയാനയിലെയും ദില്ലിയിലെയും ഈ 18 മണ്ഡലങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത് കോണ്‍ഗ്രസും എഎപിയുമാണ്. ഇവരുടെ വോട്ടുകള്‍ യോജിച്ചാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി തകരുമെന്ന് ഉറപ്പാണ്. പ്രധാനമായും ഹരിയാനയില്‍ കടുത്ത ഭരണവിരുദ്ധ വികാരമുണ്ട്. പക്ഷേ സഖ്യമില്ലാത്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഈ സംസ്ഥാനത്ത്. ഹരിയാനയിലെ പത്ത് സീറ്റില്‍ ആറിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട് കോണ്‍ഗ്രസ്.എഎപിക്ക് ഹരിയാനയില്‍ പുതിയ സഖ്യം ഉണ്ടായിരിക്കുകയാണ്. ജന്‍നായക് ജനതാ പാര്‍ട്ടിയാണ് പുതിയ സഖ്യകക്ഷി. കോണ്‍ഗ്രസുമായി സഖ്യം നടക്കാത്ത സാഹചര്യത്തിലാണ് ഇവരെ ഒപ്പം കൂട്ടിയത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ഒരു വിട്ടുവീഴ്ച്ച ഇരുപാര്‍ട്ടികളും ഒരുക്കിയിട്ടുണ്ട്. നേരത്തെ ദില്ലി, ഹരിയാന, പഞ്ചാബ്, ഗോവ, ചണ്ഡീഗഡ്, എന്നിവിടങ്ങളിലെ 33 സീറ്റുകളിലേക്കായിരുന്നു എഎപി സഖ്യം ആവശ്യപ്പെട്ടത്. പക്ഷേ ഇത് പരാജയപ്പെടുകയും ചെയ്തു.

എഎപി മുന്നോട്ട് വെച്ച 18 സീറ്റുകളിലെ സഖ്യത്തിന് രാഹുല്‍ ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളില്‍ സഖ്യം ഉണ്ടാക്കാന്‍ രാഹുലിന് താല്‍പര്യം. അവിടെ മുഖ്യപ്രതിപക്ഷമാണ് എഎപി. ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാവാന്‍ വേണ്ടിയാണ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്നതെന്നാണ് എഎപിയുടെ പക്ഷം. അടുത്ത ദിവസം രാഹുല്‍ അരവിന്ദ് കെജ്രിവാളുമായി അവസാന വട്ട ചര്‍ച്ച നടത്തും.


ദില്ലിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇതുകൊണ്ട് ഉണ്ടാകുന്ന രാഷ്ട്രീയ നഷ്ടം മറികടക്കാനാണ് മറ്റ് സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നത്. ഇനി ദില്ലിയില്‍ വന്‍ ജയം നേടിയാലും ഇത് തന്നെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 18 സീറ്റുകള്‍ ബിജെപിയെ മാത്രമായി പിന്തുണയ്ക്കുന്ന മണ്ഡലങ്ങളുമല്ല. അതേസമയം കോണ്‍ഗ്രസുമായി ഹരിയാനയില്‍ സഖ്യം വന്നാല്‍ ജെജെപി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.രാഹുല്‍ പറയുന്നത് ദില്ലിയില്‍ പരസ്യമായി സഖ്യം പ്രഖ്യാപിക്കുകയും, ബാക്കി എല്ലാ സംസ്ഥാനങ്ങളിലും രഹസ്യമായി സഖ്യമാവാമെന്നുമാണ്. പഞ്ചാബില്‍ ചില മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥി നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമാണെങ്കില്‍ നിലവില്‍ ദുര്‍ബലമാണ്. അതുകൊണ്ട് എഎപിയെ ഒപ്പം കൂട്ടിയാലും പ്രശ്‌നമില്ല. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് രാഹുല്‍ സഖ്യത്തിന് തയ്യാറാവാനാണ് സാധ്യത. എഎപി മുന്നോട്ട് വെച്ച 18 സീറ്റുകള്‍ കോണ്‍ഗ്രസിന് സ്വീകാര്യമാണ്. എന്നാല്‍ ഷീലാ ദീക്ഷിതും, പിസി ചാക്കോയുമാണ് മുന്നിലുള്ള വെല്ലുവിളികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക