Image

ഇന്ത്യന്‍ കുട്ടികളെ പിതൃസഹോദരന് വിട്ടുകൊടുക്കാമെന്ന് നോര്‍വെ കോടതി

Published on 23 April, 2012
ഇന്ത്യന്‍ കുട്ടികളെ പിതൃസഹോദരന് വിട്ടുകൊടുക്കാമെന്ന് നോര്‍വെ കോടതി
ഓസ്‌ലോ: നോര്‍വേ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ഇന്ത്യന്‍ കുട്ടികളെ ഇന്ത്യയിലുള്ള പിതൃസഹോദരന് വിട്ടുനല്‍കാന്‍ നോര്‍വെയിലെ സ്റ്റാവന്‍ഗര്‍ ജില്ലാ കോടതി വിധിച്ചു. കുട്ടികളെ പിതൃസഹോദരന്‍ അരുണബാഷ ഭട്ടാചാര്യക്ക് വിട്ടു നല്‍കാന്‍ തയാറാണെന്ന് ശിശുക്ഷേമസമിതി അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി വിധി. കോടതി ഉത്തരവോടെ കുട്ടികള്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.

അനുരൂപ്, സാഗരിക ഭട്ടാചാര്യ ദമ്പതികളുടെ രണ്ടു കുട്ടികളെയാണ് അശ്രദ്ധമായി പരിപാലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് മാസത്തില്‍ ശിശുക്ഷേമ സമിതി അധികൃതര്‍ ഏറ്റെടുത്തത്. മൂന്നു വയസ്സുള്ള അഭിഗ്യാന്‍, ഒരു വയസ് പ്രായമായ ഐശ്വര്യ ഭട്ടാചാര്യ എന്നിവരാണ് ഒരു വര്‍ഷമായി അധികൃതരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നത്. കുട്ടികള്‍ക്കു കൈകൊണ്ടു ഭക്ഷണം വാരിക്കൊടുത്തതിനും കൂടെ കിടത്തിയതിനുമാണ് ശിശുപരിപാലന സമിതി വീഴ്ച ആരോപിച്ചു കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചത്. 

ഇവരെ വിട്ടുകിട്ടുന്നതിനുള്ള നിയമപോരാട്ടത്തിനിടെ മാതാപിതാക്കള്‍ വിവാഹമോചനത്തിനു ശ്രമിച്ചതും കുട്ടികളുടെ മോചനത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലുള്ള ബന്ധുക്കള്‍ കുട്ടികള്‍ക്കു വേണ്ടി അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ രക്ഷിതാക്കളുടെ നിലപാടുകള്‍ മാറിമറിയുന്ന പശ്ചാത്തലത്തില്‍ കുട്ടികളെ സംരക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായാലും വിട്ടുകൊടുക്കില്ലെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ ഇതുവരെയുള്ള നിലപാട്. 

പ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്രബന്ധത്തെയും ബാധിച്ചിരുന്നു. കുട്ടികളെ സ്വന്തം സംസ്‌കാരത്തില്‍ വളരാന്‍ അനുവദിക്കണമെന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക